ഓസീസ് ബാറ്ററുടെ സിക്‌സറില്‍ തവിടുപൊടി! പഞ്ച് ഇവിയുടെ ഗ്ലാസിന്റെ ക്വാളിറ്റി കൂട്ടണമെന്ന് ആരാധകര്‍
ഇന്ത്യയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിന് തിരശ്ശീല ഉയരുന്നതിന് മുമ്പായി വനിതാ പ്രീമിയര്‍ ലീഗ് (WPL) അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഡബ്ല്യുപിഎല്ലിലെ നിരവധി പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട് അത്തരത്തില്‍ ഓസ്‌ട്രേലിയന്‍ താരം എലിസ് പെറി നേടിയ ഒരു സിക്‌സറാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
ഇതുവരെ കിരീടമൊന്നും നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഡബ്ല്യുപിഎല്ലില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ദാനയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനും മുംബൈ ഇന്ത്യന്‍സിനുമെതിരായ മത്സരങ്ങളില്‍ തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങിയ ശേഷം തിങ്കളാഴ്ച ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തി. ഹോംഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 23 റണ്‍സിന് ആര്‍സിബി യുപി വാരിയേഴ്‌സിനെ തോല്‍പ്പിച്ചു.

ആദ്യം ബാറ്റുചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്ത. അതേസമയം യുപിയുടെ മറുപടി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റിന് 175-ല്‍ അവസാനിച്ചു. 50 പന്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 37 പന്തില്‍ 58 റണ്‍സടിച്ച് എലിസ് പെറിയുടെയും മികവിലാണ് ആര്‍സിബി കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. സ്മൃതി മന്ദാനയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത് ഓസീസ് ഓള്‍റൗണ്ടറായ പെറിയാണ്.
ഡബ്ല്യുപിഎല്ലിന്റെ ഒഫീഷ്യല്‍ കാറാണ് ടാറ്റ പഞ്ച് ഇവി. പവര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പെറിയുടെ ഒരു സിക്‌സര്‍ ചെന്ന് പതിച്ചത് ഗ്രൗണ്ടിന് വെളിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പഞ്ച് ഇവിയിലാണ്. പെറിയുടെ കൂറ്റന്‍ അടിയില്‍ പഞ്ച് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ദീപ്തി ശര്‍മ്മ 19-ാം ഓവറിലാണ് പെറി ലോംഗ് ഓണിന് മുകളിലൂടെ പന്ത് വേലിക്ക് പുറത്തേക്ക് പായിച്ചത്.

സിക്‌സര്‍ പതിച്ച് കാറിന്റെ വിന്‍ഡോ തകര്‍ന്നത് കണ്ട് ഓസീസ് താരവും അത്ഭുതപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സിക്‌സറും പെറിയുടെ പ്രതികരണവും വൈറലായതോടെ ആരാധകര്‍ കമന്റ് ബോക്‌സും നിറയ്ക്കുകയാണ്. കാറിന് കുറച്ചുകൂടി മെച്ചപ്പെട്ട ഗ്ലാസ് ഘടിപ്പിക്കാന്‍ ടാറ്റയോട് ആവശ്യപ്പെടുന്നതായിരുന്നു അതിലെ രസകരമായ ഒരു കമന്റ്.
പെറിയുടെ സിക്‌സര്‍ വന്നുപതിച്ച ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ടാറ്റ ഇന്ത്യന്‍ വിപണിയിലെത്തിച്ച നാലാമത്തെ ഇലക്ട്രിക് കാറാണിത്. ടാറ്റയുടെ acti.ev ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. മനംമയക്കുന്ന ഡിസൈന്‍ ഭാഷയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ ചാര്‍ജിംഗ് ഫ്‌ലാപ്പ് മുന്‍വശത്ത് ടാറ്റ ലോഗോക്ക് താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഫ്രണ്ട് ബമ്പറിലാണ് എല്‍ഇഡി ഹെഡ്ലാമ്പുകളും ഫോഗ് ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നത്.
16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഡിസ്‌ക് ബ്രേക്കുകളും ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. അപ്‌ഡേറ്റ് ചെയ്ത സെന്റര്‍ കണ്‍സോളില്‍ ഇപ്പോള്‍ ഒരു ടച്ച് സെന്‍സിറ്റീവ് എസി കണ്‍ട്രോള്‍ പാനല്‍ ഉള്‍ക്കൊള്ളുന്നു.
പുതിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീലും ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും ഇതിന്റെ ഹൈലൈറ്റുകളില്‍ ചിലതാണ്. പുതിയ ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററി, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, AQI ഡിസ്‌പ്ലേയുള്ള എയര്‍ പ്യൂരിഫയര്‍, ഓട്ടോ ഫോള്‍ഡ് ഒആര്‍വിഎമ്മുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, ലെതറെറ്റ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, സണ്‍റൂഫ് എന്നിവയാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 6 എയര്‍ബാഗുകള്‍ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. 25 kWh, 35 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇലക്ട്രിക് എസ്‌യുവി ഓഫര്‍ ചെയ്യുന്നു. ചെറിയ 25 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം 35 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 421 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് അവകാശവാദം.
7.2 kW ഫാസ്റ്റ് ചാര്‍ജറും 3.3 kW വാള്‍ബോക്‌സ് ചാര്‍ജറും ഇവിക്കൊപ്പം വരുന്നു. 10.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ടാറ്റ പഞ്ച് ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളിയില്ല. പഞ്ച് ഇവിയുമായി മുട്ടാന്‍ ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ഇലക്ട്രിക് പതിപ്പ് അണിയറയില്‍ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications








