ദിസ് ഈസ് 'റാംഗ്'..! റോംഗ് സൈഡ് എടുക്കുന്നവരുടെ ലൈസന്‍സ് തെറുപ്പിക്കുമെന്ന് പൊലീസ്
റോഡ് ഉപയോക്താക്കളുടെയും കാല്‍നടയാത്രക്കാരുടെയുമെല്ലാം സുരക്ഷ മുന്‍നിര്‍ത്തിയാണ് വിവിധ ഗതാഗത നിയമങ്ങള്‍ അധികാരികള്‍ കൊണ്ടുവരുന്നത്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാതെ വരുമ്പോള്‍ ആണ് കടുത്ത ശിക്ഷ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്. എഐ ക്യാമറകള്‍ വന്നിട്ട് പോലും ചലാനുകള്‍ക്ക് വില കൊടുക്കാതെ വീണ്ടും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ നിരവധിയാണ്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ഗതാഗത നിയമ ലംഘനമാണ് തെറ്റായ വശത്ത് കൂടി വാഹനം ഓടിക്കുന്നത്. 'റോംഗ് സൈഡ്' (Wrong-Side Driving) എടുക്കുക എന്ന് നമ്മള്‍ പൊതുവേ ഇതിനെ വിളിക്കുന്നു.
ഇപ്പോള്‍ റോംഗ് സൈഡ് ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ്. റോഡിന്റെ തെറ്റായ വശത്ത് വാഹനമോടിച്ച് ട്രാഫിക് നിയമം ലംഘിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉടനടി റദ്ദാക്കുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടകരമായ ഈ പെരുമാറ്റം മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

റോംഗ് സൈഡ് ഡ്രൈവിംഗ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് ട്രാഫിക് അധികാരികളുടെ ഈ സംരംഭം. ഈ പുതിയ ട്രാഫിക് നയം ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ തന്നെ മെട്രോ നഗരത്തിലുടനീളം നടപ്പാക്കുമെന്നും ഹൈദരാബാദ് ട്രാഫിക് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കുകയുള്ളൂ.
തെറ്റായ വശത്ത് കൂടിയുള്ള ഡ്രൈവിംഗ് മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ശിക്ഷയുടെ വ്യാപ്തി വിപുലീകരിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്ന പോലെ തന്നെ ഗൗരവത്തിലെടുക്കേണ്ട നിയമ ലംഘനമായി ഇത് കണക്കാക്കിയാണ് തത്തുല്ല്യമായ ശിക്ഷ നല്‍കാന്‍ പോകുന്നത്. നഗരത്തില്‍ അപകടങ്ങള്‍ കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ദേശീയപാതകളില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരാണ്.

ലെയ്ന്‍ അച്ചടക്കം പാലിക്കാതെ മറ്റ് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനൊപ്പം മതിയായി ഉറങ്ങാതെയും ക്ഷീണത്തോടെയും വാഹനം ഓടിക്കുന്നതും ഒരു പ്രധാന കാരണമാണ്. പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ അല്ലാതെ ഹൈവേകളില്‍ നടുറോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണതയും അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി പൊലീസ് പറയുന്നു.
ദേശീയപാതയില്‍ വെളിച്ചമില്ലാതെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതും പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റോംഗ് സൈഡ് ഡ്രൈവിംഗ് മൂലമുള്ള അപകടങ്ങള്‍ ചെറുക്കുന്നതിനായി പിഴകള്‍ പരിഷ്‌കരിക്കുക മാത്രമല്ല, പ്രതിരോധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അപകടനിരക്കുള്ള നഗരത്തിലെ 130 സ്ഥലങ്ങള്‍ കണ്ടെത്തി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (GHMC), റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്സ് (R&B) ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുമായി സഹകരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ട്രാഫിക് പൊലീസ് പദ്ധതിയിടുന്നു.

ഡിവൈഡറുകള്‍ ഉയര്‍ത്തുന്നതും മതിയായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമടക്കം ഈ പദ്ധതിയുടെ ഭാഗമാകും. റോംഗ് സൈഡ് ഡ്രൈവിംഗിന് പുറമെ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരും. ഇത്തരക്കാരില്‍ നിന്ന് 2,000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കുന്നു. കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് ആറുമാസം വരെ സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്.
റേംഗ് സൈഡിലൂടെ വാഹനം ഓടിക്കുന്നത് അത്ര ഗൗരവത്തില്‍ എടുക്കേണ്ട കുറ്റമാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നാം. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ് അധികാരികള്‍ നിയമം കര്‍ശനമാക്കുന്നത്. ഹൈദരാബാദില്‍ നടപ്പാക്കിയ നിയമങ്ങള്‍ നമ്മുടെ നാട്ടിലും എത്തിയേക്കാം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ?.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








