ഈ കാശിന് 10 ടാറ്റ കാർ വാങ്ങുന്നത് അല്ലേ മെച്ചം! ജനങ്ങൾ ചോദിക്കുന്നത് ഇതൊക്കെ; കപ്പൽ കയറി വോൾവോയുടെ മാനം
വാഹന വ്യവസായത്തിലെ സുരക്ഷയുടെ പര്യായമായി കണക്കാക്കപ്പെടുന്ന ഒന്നാണ് വോൾവോ. പതിറ്റാണ്ടുകളായി, സ്വീഡിഷ് കാർ നിർമ്മാതാക്കൾ യാത്രക്കാരുടെ സംരക്ഷണത്തിന് സ്ഥിരമായി മുൻഗണന നൽകുന്നു. 1959 -ലാണ് വോൾവോ ആദ്യമായി ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റ് അവതരിപ്പിച്ചത്, ഇത് അക്കാലത്ത് വാഹന സുരക്ഷയിൽ ഗണ്യമായ മുന്നേറ്റമായിരുന്നു. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ ഡിസൈൻ വിപണിയിലുടനീളം സ്റ്റാൻഡേർഡ് ആയി മാറി. അതിനു ശേഷം 1972 ആയപ്പോഴേക്കും വോൾവോ യാത്രക്കാരുടെ സുരക്ഷ കൂടുതൽ വർധിപ്പിച്ചുകൊണ്ട് പിൻവശത്ത് ചൈൽഡ് സീറ്റുകളും ഉൾപ്പെടുത്തി.
കാലം മുന്നോട്ട് പോവുമ്പോൾ, 1980 -കളിൽ വോൾവോ തങ്ങളുടെ വാഹനങ്ങളിൽ ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സംയോജിപ്പിക്കാൻ തുടങ്ങി എന്നതും ശ്രദ്ധേയമാണ്. വളരെ പെട്ടെന്ന് നിർത്തേണ്ടി വരുന്ന വേളകളിൽ ഈ സാങ്കേതികവിദ്യ വാഹനത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്തി. 1991 -ൽ, നിർമ്മാതാക്കൾ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം (SIPS) ആരംഭിച്ചു, ഇത് സൈഡ് കൊളീഷൻ ഉണ്ടാവുന്ന സമയത്ത് പരിക്കുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

സുരക്ഷ/ സേഫ്റ്റി എന്ന ഘടകത്തോടുള്ള വോൾവോയുടെ പ്രതിബദ്ധത 21-ാം നൂറ്റാണ്ടിലും തുടർന്നു എന്ന് നിസംശയം പറയാം. 2004 -ൽ ബ്രാൻഡ് ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം (BLIS) വിപണിയിൽ അവതരിപ്പിച്ചു, ഡ്രൈവർമാർക്ക് തങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ, ഇവ വാഹനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകി സഹായിച്ചു.
2020 -ഓടെ പുതിയ കാറുകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ മരണമോ ഗുരുതരമായ പരിക്കുകളോ ഉണ്ടാകാതിരിക്കാനാണ് വോൾവോ തങ്ങളുടെ സേഫ്റ്റി ടെക്കിലൂടെ ലക്ഷ്യമിടുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) വികസിപ്പിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. വോൾവോയുടെ സേഫ്റ്റി ഫീച്ചറുകളുടെ പരിണാമം യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളെ എടുത്തുകാണിക്കുന്നു.
മുൻനിര സീറ്റ് ബെൽറ്റുകൾ മുതൽ നൂതന ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ വരെ, വാഹന സുരക്ഷാ നവീകരണത്തിൽ വോൾവോ മുൻ പന്തിയിൽ തന്നെ തുടരുന്നു. എന്നാൽ ഈ സൽപ്പേരിന് ഇപ്പോൾ ഒരു വലിയ കോട്ടം തന്നെ തട്ടിയിരിക്കുകയാണ്. വോൾവോ കൊട്ടിഘോഷിക്കുന്ന സേഫ്റ്റി & സുരക്ഷ തന്നെയാണ് ഇതിനാൽ ബാധിക്കപ്പെട്ടിരിക്കുന്നത്.
ബംഗളൂരുവിലെ നീലമംഗലയിൽ നിർഭാഗ്യവശാൽ അടുത്തിടെ നടന്ന അപകടത്തിൽ, സുരക്ഷാ സംവിധാനങ്ങൾക്ക് പേരുകേട്ട വോൾവോ കാറാണ് അകപ്പെട്ടത്. അപകടത്തിൽ കുട്ടികളുൾപ്പെടെ ആറ് പേരുടെ ജീവനാണ് പൊലിഞ്ഞത് എന്നതും വേദനാജനകമാണ്. വോൾവോ കാറുകൾ ഏറ്റവും സുരക്ഷിത വാഹനങ്ങൾ എന്ന ഖ്യാതി കാരണം ഈ സംഭവം വേറിട്ടുനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു വലിയ കണ്ടെയ്‌നർ കാറിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മുകളിൽ സൂചിപ്പിച്ചതു പോലെ വോൾവോ കാറുകൾ അവയുടെ ശക്തമായ സുരക്ഷാ ഫീച്ചറുകൾക്ക് പലപ്പോഴും പ്രശംസിക്കപ്പെടാറുള്ളവയാണ്. മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ഒരു വീഡിയോയി, കല്ലുകൾ കയറ്റിയ ഒരു ട്രക്ക് വോൾവോ കാറിന്മേൽ ചരിഞ്ഞ് വീഴുന്നതും, കാർ വലിയ കേടുപാടുകളില്ലാതെ നിലകൊള്ളുന്നതും കാണിക്കുന്നു. ഇത് വാഹനത്തിൻ്റെ പ്രതിരോധശേഷി പ്രകടമാക്കുന്നു.
വാഹനത്തിൻ്റെ കരുത്തും ശക്തിയും പ്രകടിപ്പിക്കുകയും സമ്പന്നരായ ഉപഭോക്താക്കളെ ഇത് ആകർഷിക്കുകയും ചെയ്തു. എന്നിരുന്നാലും, അടുത്തിടെ നടന്ന ഈ അപകടം വോൾവോയുടെ സുരക്ഷയെക്കുറിച്ചുള്ള ധാരണയ്ക്ക് വളരെയധികം വെല്ലുവിളി ഉയർത്തുന്നു. കൂടാതെ അപകടത്തിൽപ്പെട്ട വോൾവോ XC90 അടുത്തിടെ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ (IIHS) ടോപ്പ് സേഫ്റ്റി പിക്ക്+ അവാർഡ് നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
കുട്ടികൾക്കുള്ള ISOFIX സീറ്റുകളും ഒന്നിലധികം എയർബാഗുകളും പോലുള്ള വാഹനത്തിന്റെ നൂതന സുരക്ഷാ ഫീച്ചറുകൾ ഈ അംഗീകാരം എടുത്തുകാണിക്കുന്നു. ഈ സവിശേഷതകൾ ഉണ്ടായിരുന്നിട്ടും, കനത്ത കണ്ടെയ്നർ വീണതിൻ്റെ ആഘാതം കാറിന് താങ്ങാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അപകടത്തിൽ മരണമടഞ്ഞവരിൽ IAST സോഫ്റ്റ്‌വെയറിൻ്റെ MD ചന്ദ്രം യകബാഗോളും ഉൾപ്പെടുന്നു.
വെറും രണ്ട് മാസം മുമ്പാണ് അദ്ദേഹം ഈ വോൾവോ XC90 സ്വന്തമാക്കിയത്. ദാരുണമായ ഈ അപകടം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ ഞെട്ടലും അനുശോചനവും സൃഷ്ടിച്ചു. കൂടാതെ വാഹന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ഈ സംഭവം വളരെയധികം ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
വോൾവോ XC90 -ക്ക് ഇന്ത്യയിൽ ഒരു കോടി രൂപയിലധികം വിലയുണ്ട്, കൂടാതെ യാത്രക്കാരുടെ സുരക്ഷയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സുരക്ഷാ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാടിനെ നടുക്കിയ ആലപ്പുഴ അപകടത്തിൽ വാഹനത്തിന്റെ പഴക്കം, ബിൽഡ് ക്വാളിറ്റി, സേഫ്റ്റി സിസ്റ്റങ്ങളുടെ അഭാവം എല്ലാം നമുക്ക് എടുത്തുപറയാൻ ഉണ്ടായിരുന്നു.
എന്നാൽ ഈ കേസിൽ ഇത്തരം കാരണങ്ങൾ ഒന്നും തന്നെ ഇല്ല എന്നത് വളരെ വ്യക്തമാണ്. ഈ സംഭവത്തെക്കുറിച്ച് വോൾവോയുടെ ഔദ്യോഗിക വെളിപ്പെടുത്തലുകളും വിശദ്ധീകരണവും ഒന്നും തന്നെ ലഭിച്ചിട്ടില്ല. കൂടാതെ സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ സ്വീഡിഷ് വാഹന നിർമ്മാതാക്കളുടെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറിന്റെ ഗുണനിലവാരത്തെ കുറിച്ച് കാര്യമായ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








