ഈ പൈസയുണ്ടേല്‍ ഒരു കാര്‍ വാങ്ങാം! ഈ മോഡിഫൈഡ് യമഹ RX-ന് ചെലവായ തുക കേള്‍ക്കണോ?
ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ ബൈക്കും ഒരു പഴയ RX100 മോഡലും ഒരുമിച്ച് നിരത്തിലിറങ്ങിയാല്‍ ഭൂരിഭാഗം ആളുകളുടെയും നോട്ടംപോകുക യമഹയുടെ ഐതിഹാസിക മോഡലിലേക്കായിരിക്കും. ഇന്നും പ്രായഭേദമന്യേ യുവാക്കളുടെ ഹരമാണ് തൊള്ളൂറുകളെ ഇളക്കിമറിച്ച ഈ 2-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍. യമഹ RX100 സ്വന്തമാക്കാന്‍ ആഗ്രഹിച്ചാല്‍ പോലും നല്ലത് കണ്ടെത്തുക വളരെ ദുഷ്‌കരമായ ജോലിയാണ്.
നല്ല അടിപൊളിയായി റീസ്‌റ്റോര്‍ ചെയ്ത യമഹ RX100 സാധാരണയായി ഉടമകള്‍ വില്‍പ്പനക്ക് വെക്കാറില്ല. മറിച്ചാണെങ്കില്‍, അതിന് പൊന്നും വില കൊടുക്കേണ്ടി വരും. അത്തരത്തില്‍ പൊന്നും വില മുടക്കി പണിതിറക്കിയ ഒരു യമഹ RX മോഡലിനെയാണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വണ്ടിപ്രാന്തന്‍ ഈ ബൈക്കിനായി മുടക്കിയ തുക കേട്ടാല്‍ പലരും ഞെട്ടിയേക്കും. RX135 കസ്റ്റമൈസ് ചെയ്യാനായി 3.2 ലക്ഷം രൂപയാണ് ചെലവുവന്നത്.

രതിഷ് വ്യൂ എന്ന യൂട്യൂബ് ചാനലിലാണ് ഈ പൊന്നുംവിലയുള്ള RX135 മോട്ടോര്‍സൈക്കിളിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യമഹ RX135 മോട്ടോര്‍സൈക്കിളിന്റെ ഉടമയോട് യൂട്യൂബര്‍ വിശദമായി സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ജാപ്പനീസ് ബ്രാന്‍ഡായ യമഹ അന്താരാഷ്ട്ര വിപണിയില്‍ RX100, RX135 എന്നീ പേരുകളില്‍ മോഡല്‍ വില്‍പ്പനക്കെത്തിച്ചിരുന്നു. എന്നാല്‍ RX135 ഇന്തോനേഷ്യയില്‍ RX കിംഗ് എന്ന പേരിലായിരുന്നു വിറ്റിരുന്നത്.
ഇവിടെ വാഹനയുടമ RX135 മോഡിഫൈ ചെയ്ത് RX കിംഗ് ആക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കസ്റ്റമൈസ്ഡ് പെയിന്റിലാണ് ബൈക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പര്‍പ്പിള്‍ വിനൈലുകളോ ഗ്രാഫിക്‌സുകളുമായി വൈറ്റ് കളറിലാണ് ഭൂരിഭാഗം പാര്‍ട്‌സുകളും പാനലുകളും. വാഹനയുടമയുടെ സ്വന്തം ബ്രാന്‍ഡായ കെസി കസ്റ്റംസിന്റെ ഷേഡായതിനാല്‍ പര്‍പ്പിള്‍ ആണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തില്‍ ആറാടുന്ന ഒരു ഫോക്‌സ്‌വാഗണ്‍ പോളോയും ഇദ്ദേഹത്തിനുള്ളതായി നമുക്ക് വീഡിയോയില്‍ കാണാം.

എഞ്ചിനും ഫ്രെയിമും ഒഴികെ ഈ മോട്ടോര്‍സൈക്കിളിലെ മറ്റെല്ലാം മാറ്റുകയോ മോഡിഫൈ ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ പുതുക്കിപ്പണിയാനുള്ള പാര്‍ട്‌സുകള്‍ ഇദ്ദേഹം ഇറക്കുമതി ചെയ്യുകയായിരുന്നു ചെയ്തത്. ഇന്തോനേഷയയില്‍ നിന്ന് പാര്‍ട്‌സുകളും പാനലുകളും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വരാനിടയുള്ള ഭാഷതടസങ്ങള്‍ നീക്കാനായി അദ്ദേഹം മലേഷ്യയിലുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. ഈ RX135-ല്‍ ഇപ്പോള്‍ ഭൂരിഭാഗവും ആഫ്റ്റര്‍ മാര്‍ക്കറ്റ് പാര്‍ട്‌സുകളാണെന്നാണ് ഉടമ പറയുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ക്ക് പകരം ചതുരാകൃതിയിലുള്ള ഓള്‍-എല്‍ഇഡി യൂണിറ്റ് നല്‍കിയിരിക്കുന്നു. RX കിംഗില്‍ നിന്നുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററാണ് നല്‍കിയിരിക്കുന്നത്. RX135-ന് സമാനമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നതെങ്കിലും ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. RX100, RX135 മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ഇതിന്റെ ഫ്യുവല്‍ ടാങ്ക്. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റീല്‍ റിമ്മുകളാണ് മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്.

17 ഇഞ്ച് വീലുകള്‍ ട്രാക്ക് ടയറുകളാല്‍ പൊതിഞ്ഞിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ഖ് സ്‌കൂട്ടറില്‍ നിന്നാണ് ഫ്രണ്ട് ഡിസ്‌ക് കടമെടുത്തത്. മുന്നിലും പിന്നിലും ഉള്ള കാലിപ്പറുകളും മാസ്റ്റര്‍ സിലിണ്ടറും ആര്‍സിബി ബ്രാന്‍ഡില്‍ നിന്നുള്ളതാണ്. മുന്നിലെയും പിന്നിലെയും സസ്‌പെന്‍ഷനുകളും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
ബൈക്കില്‍ നല്‍കിയിരിക്കുന്ന കസ്റ്റം സീറ്റും ഇംപോര്‍ട്ടടാണ്. കസ്റ്റം മെയിഡ് ലോബ്‌സ്റ്റര്‍ ടെയില്‍ അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റിന്റെ സൗണ്ടും വളരെ നല്ലതായി അനുഭവപ്പെടുന്നു. വിദേശത്ത് നിന്ന് പാര്‍ട്‌സുകള്‍ കൊണ്ടുവന്ന ശേഷം വെറും 10 ദിവസങ്ങള്‍ കൊണ്ട് RX കസ്റ്റമൈസേഷന്‍ ചെയ്തതായി ഉടമ പറയുന്നു. സുഹൃത്തുക്കളും ഈ പ്രോജക്റ്റിനായി അദ്ദേഹത്തെ സഹായിച്ചു. തന്റെ വളര്‍ത്തുനായയെ വിളിക്കുന്ന 'വൈറ്റ് വുള്‍ഫ്' എന്ന പേര് തന്നെയാണ് മോട്ടോര്‍സൈക്കിളിനും ഇട്ടിരിക്കുന്നത്.

ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് ഏകദേശം 3.2 ലക്ഷം രൂപയാണെന്നാണ് ഇദ്ദേഹം പറയുന്നു. മാത്രമല്ല ബൈക്ക് ഇതിനകം 3.5 ലക്ഷം രൂപയ്ക്ക് വിറ്റതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു. വമ്പന്‍ തുക മുടക്കി കസ്റ്റമൈസ് ചെയ്ത ഈ RX135 അല്ലെങ്കില്‍ RX കിംഗിനെ കുറിച്ച് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ എഴുതി ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








