അവസാന തലമുറ NISSAN GTR NISMO ഇന്ത്യയിൽ! പൂനവാലയുടെ ഗാരേജിലേക്ക് എത്തിയ പുതിയ കൊമ്പൻ
ഇന്ത്യയിലെ കോടീശ്വരനും പ്രമുഖ വാഹനപ്രേമിയുമായ യോഹാൻ പൂനവാലയുടെ ഗാരേജിലേക്ക് പുതിയ അതിഥിയെ എത്തിച്ചിരിക്കുകയാണ്. കോടികൾ വിലമതിക്കുന്ന തന്റെ വാഹന ശേഖരത്തിലേക്ക് 2025 നിസാൻ ജിടിആർ ആർ35 നിസ്മോയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. ഇതിന് മുൻപ് ടൊയോട്ട സുപ്ര എ80 പോലുള്ള വാഹനങ്ങൾ സ്വന്തമാക്കിയ കൂട്ടത്തിലാണ് ഈ ഐതിഹാസിക സ്പോർട്സ് കാറുമെത്തിയത്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ ലോകത്തിന് സമ്മാനിച്ച ഈ ഐക്കണിക് സ്പോർട്സ് കാർ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. അത് കൊണ്ട് തന്നെ, പൂനവാല ഇത് സ്വകാര്യമായി ഇറക്കുമതി ചെയ്യുകയായിരുന്നു. ഈ വാഹനം അദ്ദേഹത്തിന് കൈമാറിയതിന് ശേഷമുള്ള ചിത്രങ്ങൾ 'പുണെ മോട്ടീവ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ ജിടിആർ ആർ35 നിസ്മോ പതിപ്പ് ആഗോളതലത്തിൽത്തന്നെ വളരെ സവിശേഷമായ മോഡലാണ്. പൂനവാലയുടെ കൊട്ടാരസദൃശമായ വസതിക്ക് മുന്നിൽ ഈ കാർ പാർക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാണ്. നിസ്മോ കാറുകൾക്ക് മാത്രം സ്വന്തമായ സ്റ്റെൽത്ത് ഗ്രേ നിറത്തിൽ തിളങ്ങുന്ന പുതിയ കാറിനരികിൽ അദ്ദേഹത്തിന്റെ മറ്റ് ആഡംബര വാഹനങ്ങളും നിരത്തിയിട്ടിരിക്കുന്നത് കാണാം.

നിസാൻ ജിടിആർ കാറുകൾ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിലൊന്നായി ദീർഘകാലമായി അറിയപ്പെടുന്നതാണ്. എന്നാൽ, ഈ ഐതിഹാസിക മോഡലുകളുടെ ഉത്പാദനം 2025-ഓടെ പൂർണ്ണമായി അവസാനിപ്പിച്ചു എന്നാണ് കമ്പനി അറിയിച്ചത്. ഇന്ത്യൻ വ്യവസായിയായ പൂനവാല ഇപ്പോൾ സ്വന്തമാക്കിയ ആർ35 മോഡൽ, അതിന്റെ അവസാന തലമുറയിൽപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ഇത് പുറത്തിറങ്ങിയ അവസാനത്തെ ചില ജിടിആർ കാറുകളിലൊന്നായിരിക്കാനാണ് സാധ്യത.
സാധാരണ ജിടിആർ മോഡൽ പോലും അതിശക്തമാണ്. 3.8 ലിറ്റർ വി6 പെട്രോൾ എഞ്ചിന് 473 bhp പരമാവധി പവർ ഉത്പാദിപ്പിക്കാൻ കഴിയും. ഇത് വെറും 3.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണ്. എന്നാൽ, സാധാരണ ജിടിആർ കാറിന്റെ പ്രകടനത്തിൽ തൃപ്തി വരാത്തവർക്കുവേണ്ടിയാണ് ജിടിആർ ആർ35 നിസ്മോ പതിപ്പ് ഡിസൈൻ ചെയ്തത്.

കൂടുതൽ കരുത്തുറ്റ 600 bhp ഉത്പാദിപ്പിക്കുന്ന V6 എഞ്ചിനാണ് നിസ്മോ പതിപ്പിൽ നൽകിയിരിക്കുന്നത്. ഇത് ജിടിആർ കാറുകളുടെ വേഗതയും കാര്യക്ഷമതയും ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. കാർ മോഡിഫിക്കേഷൻ താല്പര്യമുള്ളവർക്ക് ഏറെ പ്രിയപ്പെട്ടതാണ് നിസ്മോയുടെ ഈ V6 എഞ്ചിൻ. ഈ പതിപ്പിന് വെറും 3.0 സെക്കൻഡിനും താഴെ 0-100 കിലോമീറ്റർ വേഗതയിലെത്താൻ സാധിക്കും.
ജപ്പാനിൽ ജിടിആർ ആർ35 നിസ്മോ കാറിന്റെ വില ഏകദേശം 3,00,85,000 ജാപ്പനീസ് യെൻ ആണ്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 1.7 കോടി വരും. എന്നാൽ, ഇത് സ്വകാര്യ ഇറക്കുമതിയായതുകൊണ്ടുതന്നെ, അടിസ്ഥാന കസ്റ്റംസ് തീരുവയായ 100 ശതമാനം ഉൾപ്പെടെ മൊത്തം 150-200 ശതമാനം വരെ നികുതി പൂനവാല അടച്ചിട്ടുണ്ടാവാം. ഇത് ജപ്പാനിലെ യഥാർത്ഥ വിലയുടെ 3-4 മടങ്ങ് വരെ കൂടുതലായിരിക്കും.

ഡിസൈൻ കാര്യത്തിലും GTR NISMO സാധാരണ സൂപ്പർകാറുകളെക്കാൾ ഒരു പടി മുന്നിലാണ്. NISMO-സ്പെസിഫിക്ക് ബോഡി കിറ്റ്, റിയർ വിംഗ്, കാർബൺ ഫൈബർ ബോണറ്റ്, മുൻ-പിൻ ഭാഗങ്ങളിലെ മെച്ചപ്പെട്ട എയർഫ്ലോ എന്നിവയാണ് ഇതിന്റെ മുഖ്യ ആകർഷണം. ഈ മാറ്റങ്ങൾ വെറും ഭംഗിക്ക് വേണ്ടിയല്ല കേട്ടോ ഉയർന്ന വേഗതയിൽ കൂടുതൽ downforce, മെച്ചപ്പെട്ട ഗ്രിപ്പ്, സ്ഥിരതയുള്ള കോർണറിംഗ് എന്നിവ ഉറപ്പാക്കാനാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








