ജീവന് പുല്ലുവിലയാണോ; പെൺകുട്ടിയോടൊപ്പം സ്റ്റണ്ടിങ്ങ്; യുവാക്കൾ അറസ്റ്റിൽ
എത്ര കിട്ടിയാലും പഠിക്കാത്ത ഒരു യുവതലമുറയാണോ നമ്മുടെ രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്നത്. പൊതു നിരത്തിൽ സ്റ്റണ്ടിങ്ങ് പാടില്ല എന്നും അത് വളരെ അപകടകരമാണെന്നും പറഞ്ഞിട്ടും യുവാക്കൾ അതിൽ നിന്ന് പിൻമാറാൻ ഉദ്ദേശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൂടി മൈസൂർ-ബംഗളൂരു എക്‌സ്പ്രസ് വേയിൽ പെൺകുട്ടിയെ ബൈക്കിൻ്റെ പിന്നിൽ കയറ്റിയിരുത്തി ബൈക്കിൻ്റെ മുൻഭാഗം ഉയർത്തി ഓടിച്ച ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് രാമനഗര ജില്ലാ പോലീസ്.
എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബൈക്കിൽ മേൽപ്പാലത്തിൽ പോയി വൺവേയിൽ ഒരു പെൺകുട്ടിയുമായി വീൽ ചെയുകയും ഇത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെയാണ് പോലീസിൽ പരാതി നൽകി യുവാക്കൾ അറസ്റ്റിലായത്.

അഹമ്മദാബാദിൽ ഒരു യുവാവ് തൻ്റെ സുസുക്കി ആക്സ്സിൽ വളരെ അപകടകരമായ രീതിയൽ സ്റ്റണ്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും അതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാവ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിന്റെ സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു കാറിൻ്റെ പിന്നിലേക്ക് എത്തുമ്പോൾ തിരികെ ഇരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ കഴിയും.
ഹെൽമറ്റോ മറ്റ് റൈഡിങ്ങ് ഗിയറുകളോ ഒന്നും യുവാവ് ധരിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ യുവാവിൻ്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്, അഹമ്മദാബാദ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. യുവാവ് ഓടിച്ച വാഹനത്തിൻ്റെ നമ്പർ വച്ച് പരിശോധിച്ച് കണ്ടുപിടിക്കുകയായിരുന്നു.

അത് പോലെ തന്നെ കഴിഞ്ഞ ദിവസമാണ് ഗോവയിൽ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം.
വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്. ഡ്രൈവർ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ ഇത്തരം പ്രവർത്തികൾ സ്വബോധത്തോടെ ആരെങ്കിലും ചെയ്യുമോ.
പിന്നിലെ ഡോർ അടഞ്ഞ് പോകാതിരിക്കാൻ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അപ്പോൾ പിന്നിലും ആളുകൾ ഇരിപ്പുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. അത് മാത്രമല്ല വാഹനം പെട്ടെന്ന് യു-ടേൺ എടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. റിറ്റ്സിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റബെൽറ്റ് ധരിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. വലിയ അപകടമാണ് സംഭവിക്കാതിരുന്നത്.
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.


Click it and Unblock the Notifications








