ഒരു മര്യാദ വേണ്ടേ...കാമുകിയെ പെട്രോള്‍ ടാങ്കിലിരുത്തി സവാരി; കമിതാക്കള്‍ പിടിയില്‍
കാറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്ര സുരക്ഷിതമല്ല മോട്ടോര്‍സൈക്കിള്‍ യാത്രകള്‍. സുരക്ഷിതത്വം കുറവായതിനാല്‍ തന്നെയാണ് പിറകില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടി അധികാരികള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് അപകടകരമായ ഒരു പരീക്ഷണമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇന്ന് നിരത്തില്‍ ചിലര്‍ മണ്ടത്തരങ്ങള്‍ കൂടി കാട്ടിക്കൂട്ടുന്നതോടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട്.
ഇന്ത്യയിലെ യുവാക്കള്‍ ഇത്തരം വിചിത്രമായ പ്രവര്‍ത്തികള്‍ക്ക് പേരുകേട്ടവരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കമിതാക്കള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതാണ് വീഡിയോ. എന്നാല്‍ പിന്‍സീറ്റില്‍ ഇരിക്കുന്നതിന് പകരം പെണ്‍കുട്ടി റൈഡറുടെ മുമ്പില്‍ പെട്രോള്‍ ടാങ്കിന് മുകളിലായാണ് ഇരിക്കുന്നതെന്ന് മാത്രം. അടുത്തിടെ വിശാഖപട്ടണത്താണ് സംഭവം നടന്നത്. കമിതാക്കള്‍ ബജാജ് പള്‍സര്‍ മോട്ടോര്‍സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടി ബൈക്കിന്റെ ഇന്ധന ടാങ്കില്‍ റൈഡര്‍ക്ക് അഭിമുഖമായി ഇരിക്കുകയായിരുന്നു.

അവള്‍ ബൈക്ക് ഓടിച്ചിരുന്ന ആളെ ചുറ്റിപ്പിടിക്കുന്നുണ്ട്. വിശാഖപട്ടണത്തെ ഗാജുവാക സ്റ്റീല്‍ പ്ലാന്റിന്റെ മെയിന്‍ ഗേറ്റ് റോഡില്‍ വെച്ചാണ് സംഭവം. വൈറല്‍ വീഡിയോയില്‍ കണ്ട യുവതിയും യുവാവും കോളേജ് വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നതും ശ്രദ്ധിക്കണം.
ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോ ബൈക്കിന് പിന്നില്‍ കാറില്‍ യാത്ര ചെയ്തിരുന്ന ഒരു കുടുംബം അവരുടെ വാഹനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
ദമ്പതികള്‍ ഒരു കോളേജില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഇതാദ്യമായല്ല നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതെന്ന കാര്യം ഓര്‍ക്കണം. ഇത് ഇന്ത്യയില്‍ മുമ്പും നിരവധി തവണ സംഭവിച്ചിട്ടുണ്ട്. മുമ്പ് 2021 ഓഗസ്റ്റില്‍ ബീഹാറില്‍ നിന്നുള്ള ഒരു വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. ഇതേ വിചിത്രമായ രീതിയിലായിരുന്നു അവിടെയും കമിതാക്കളുടെ കറക്കം. ബീഹാറില്‍ നിന്നുള്ള വീഡിയോയിലും ദമ്പതികള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതാണ് കാണുന്നത്.
അവിടെ സ്ത്രീ ബൈക്കിന്റെ ഇന്ധന ടാങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന ആളിന് അഭിമുഖമായി ഇരുന്നു. ചുറ്റുപാടുകളൊന്നും കാര്യമാക്കാതെ ആളൊഴിഞ്ഞ വഴികളിലൂടെ അവര്‍ യാത്ര തുടര്‍ന്നു. അപ്പോഴാണ് മറ്റൊരു ബൈക്കില്‍ വന്ന നാട്ടുകാര്‍ ഇവരുടെ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പിറകില്‍ പോയ നാട്ടുകാര്‍ വേഗത കൂട്ടി ദമ്പതികളോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദമ്പതികളെ നാട്ടുകാര്‍ ചോദ്യം ചെയ്തു.
എന്തിനാണ് ഇങ്ങനെ സവാരി ചെയ്യുന്നതെന്നും എവിടെയാണ് താമസിക്കുന്നതെന്നുമടക്കം അവരോട് ആരാഞ്ഞു. പൊലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ഇനി ആ സ്ഥലം സന്ദര്‍ശിക്കില്ലെന്നും പറഞ്ഞ് കമിതാക്കള്‍ തടിതപ്പി. ഈ സംഭവത്തിന് മുമ്പ് ഗോവയിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മധ്യപ്രദേശില്‍ നിന്നുള്ള ഒരു ദമ്പതികള്‍ മുകളിലെ രണ്ട് സംഭവങ്ങള്‍ക്ക് സമാനമായ രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത് കണ്ടു.
മറ്റൊരു വാഹനയാത്രികന്‍ പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ വൈറലായി. തുടര്‍ന്ന് ഗോവ പൊലീസ് ദമ്പതികളെ കണ്ടെത്തുകയും പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് 1000 രൂപ പിഴ വിധിക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയ ഇന്ന് ജനജീവിതങ്ങളെ ശക്തമായി സ്വാധീനിക്കുന്നതിനാല്‍ അധികാരികള്‍ അതില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ബൈക്കുകളില്‍ ഇത്തരത്തില്‍ സ്റ്റണ്ടിംഗ് നടത്തുന്നവര്‍ നിരവധിയാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന നിയമ ലംഘന സംഭവങ്ങള്‍ക്ക് ചലാന്‍ പൊലീസ് വീട്ടിലേക്ക് അയക്കുകയാണിപ്പോള്‍. പൊതു റോഡുകളില്‍ ഇത്തരത്തിലുള്ള സ്റ്റണ്ടുകള്‍ നിരോധിച്ചിരിക്കുന്നു. സ്റ്റണ്ടിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല പൊതുജനങ്ങളുടെ ജീവനും ഭീഷണിയാണ് ഇത്തരം സ്റ്റണ്ടിംഗുകള്‍. പൊതുനിരത്തുകളില്‍ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തി പിടിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷകള്‍ക്ക് പുറമേ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. പൊതുവഴികളിലെ സ്റ്റണ്ടുകള്‍ വിവിധ കാരണങ്ങളാല്‍ നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. അതിനാല്‍ വൈറലാകാനും മറ്റും ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുമ്പോള്‍ രണ്ട് വട്ടം ചിന്തിക്കുക.


Click it and Unblock the Notifications








