'ഹെല്‍മെറ്റ്' അള്‍ട്ര പ്രോ മാക്‌സ്! പെറ്റിയില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് കാണിച്ച 'ഐഡിയ' കണ്ടോ?
കേരളത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ സ്ഥാപിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ നന്നായി കുറഞ്ഞതായാണ് അധികാരികള്‍ വ്യക്തമാക്കുന്നത്. നമ്മുടെ നാട്ടില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ട്രാഫിക് നിയമലംഘനം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നതാണ്. റൈഡര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പിലാക്കുന്നതെങ്കിലും ഇത് പാലിക്കാന്‍ പലര്‍ക്കും വിമുഖതയാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ഹെല്‍മെറ്റില്ലാതെ കൂളായി സഞ്ചരിക്കാന്‍ സാധിക്കും. അവിടങ്ങളില്‍ നിയമപാലകരും കണ്ണടക്കുന്നതാണ് കാരണം. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കണ്ടെത്തുന്ന വിദ്യകള്‍ കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. ഹെല്‍മെറ്റില്ലാത്തതിനുള്ള ചലാന്‍ ഒഴിവാക്കാന്‍ ഒരാള്‍ വാട്ടര്‍ പൈപ്പ് ധരിച്ച് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്നയാളുകള്‍ അവരുടെ സര്‍ഗാത്മകതള്‍ ചിലപ്പോള്‍ വളരെ വിചിത്രമായാണ് പ്രയോജനപ്പെടുത്താറുള്ളത്. ഇത് നല്ല കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിപ്പോകും. പണ്ടുമുതലേ ഇന്ത്യന്‍ റോഡുകളില്‍ ഇതുപോലുള്ള വിചിത്രമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വാട്ടര്‍ പൈപ്പ് ഹെല്‍മെറ്റാക്കിയ പുതിയ ബുദ്ധിപരമായ ഐഡിയയെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
_superbakchod_എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് രസകരമായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ നമ്മുടെ റൈഡര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതാണ് കാണാന്‍ സാധിക്കുക. തന്റെ ടൂവീലറില്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് നമ്മുടെ റൈഡര്‍. ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ലെങ്കില്‍ തലയിലേക്ക് സൂക്ഷിച്ച് നോക്കുമ്പോള്‍ ആണ് ഞെട്ടിക്കുന്ന കാഴ്ച കാണാനാകുക.

ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ലഭിക്കുന്നതില്‍ നിന്ന് രക്ഷനേടാന്‍ വലിയ വാട്ടര്‍ പൈപ്പിന്റെ ഒരു ഭാഗം തലയില്‍ ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൈപ്പ് ധരിച്ചതിനാല്‍ റൈഡറുടെ തലയും മുഖവും കഴുത്തും മൂടുന്നു. എല്‍ബോ എന്ന് തോന്നിപ്പിക്കുന്ന ഈ പൈപ്പിന്റെ മുന്‍വശത്തെ ദ്വാരത്തില്‍ കൂടി അവന് മുന്‍വശം കാണാം. മുന്‍വശം കാണാമെങ്കിലും വശക്കാഴ്ചകള്‍ പരിമിതമായതിനാല്‍ ഈ പ്രവര്‍ത്തി അപകടകരവും വെല്ലുവിളി നിറഞ്ഞതുമാണ്.
സംഗതി ഇങ്ങനെ ഒക്കെയാണെങ്കിലും പില്യണ്‍ സീറ്റ് റൈഡറുടെ കൂടി സഹായത്തോടെ തിരക്കേറിയ ജംഗ്ഷന്‍ മുറിച്ച് കടക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇവിടെ ബൈക്ക് റൈഡറുടെ പ്രവര്‍ത്തി രസകരമായി നമുക്ക് തോന്നാം. എന്നാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരത്തില്‍ പൈപ്പ് ഹെല്‍മെറ്റാക്കി വണ്ടിയോടിക്കുമ്പോള്‍ മറ്റ് റോഡ് ഉപയോക്താക്കളുമായി എളുപ്പത്തില്‍ കൂട്ടിയിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
തന്റെയും പിറകിലെ സീറ്റിലിരിക്കുന്ന സഹയാത്രികന്റെയും ജീവന്‍ മാത്രമല്ല നിരത്തിലുള്ള മറ്റ് നിരവധിയാളുകളുടെ ജീവന്‍ കൂടിയാണ് പന്താടുന്നത്. വണ്ടിയോടിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുക വഴി ബോധപൂര്‍വം തങ്ങളുടെ കാഴ്ച കുറയുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നത് പോലെയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് കമന്റ്‌ബോക്‌സിലൂടെ ആവശ്യപ്പെടുന്നവരുണ്ട്.
സംഗതി വറൈറ്റിയാണെന്ന് തോന്നാമെങ്കിലും ഹെല്‍മെറ്റില്ലാതെ വണ്ടിയോടിക്കുന്നതിലും അപകടകരമാണ് ഇതെന്നാണ് ഒരു നെറ്റിസണ്‍ പറയുന്നത്. വീഡിയോക്ക് രസകരമായ കമന്റുകള്‍ വരുമ്പോഴും ഇത് കണ്ട് ഞെട്ടിയെന്ന് പറയുന്നവരും നിരവധിയാണ്. പൊലീസിന്റെ 'പെറ്റിയില്‍' നിന്ന് രക്ഷപ്പെടാനായി ഏതറ്റംവരെയും പോകാന്‍ ആളുകള്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ചലാനില്‍ നിന്ന് രക്ഷനേടാന്‍ സാധിച്ചാലും സ്വന്തം ജീവനും ചുറ്റുമുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. പൊതുനിരത്തില്‍ ഇത്തരം 'മണ്ടത്തരങ്ങള്‍' കാണിക്കുന്ന ഈ റൈഡറെ കണ്ടെത്തി പൊലീസ് മാതൃകാപരമായ ശിക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കാം. കാരണം ഇത്തരക്കാരെ വെറുതെ വിട്ടാല്‍ മറ്റ് നിരവധിയാളുകള്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടരും.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. പൊതുനിരത്തുകളില്‍ ആരെങ്കിലും ഇത്തരം ബുദ്ധിമോശം കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് അധികാരികളെ അറിയിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് വേണ്ടി മാത്രമല്ല സമൂഹത്തോട് നിങ്ങള്‍ ചെയ്യുന്ന നന്മയായിരിക്കും അത്.


Click it and Unblock the Notifications








