മക്കളേ വിജാഗിരി പുറത്താണല്ലോ; ഥാർ റോക്സ് സ്വന്തമാക്കി അമ്മാമയും കൊച്ചുമോനും, വൈറലായി ഡെലിവറി വീഡിയോ
പ്രായം ഒന്നിനും ഒരു തടസമല്ല എന്നാണല്ലോ, പ്രായമായ ശരീരത്തിനുളളിൽ ഇന്നും ചുറുചുറുക്കുളള മനസ് കാത്ത് സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. വയസായി എന്ന് സ്വയം തോന്നി ഏതെങ്കിലും ഒരു മൂലയ്ക്ക് ആർക്കും ശല്യമാവണ്ട എന്ന് കരുതി ഇരിക്കുന്നവർ ഈ അമ്മാമയേയും കൊച്ചുമോനേയും കണ്ടുപഠിക്കണം. കൊവിഡ് കാലത്ത് അമ്മാമയുമൊത്ത് ചെറിയ വീഡിയോകളിൽ തുടങ്ങി ഇപ്പോൾ അച്ചാർ ബിസിനസും ഒക്കെ ആയി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഈ കൊച്ചു കുടുംബം. നർമത്തിൽ കലർത്തിയതാണെങ്കിലും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ഇവരുടെ ചാനലിൽ വരുന്നത്.
ഇവരുടെ സന്തോഷത്തിലേക്ക് പുതിയ ഒരു അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ്. അത് ആരാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. വീഡിയോയുടെ തുടക്കത്തിൽ എല്ലാവരും സന്തോഷത്തോടെ മഹീന്ദ്രയുടെ ഷോറൂമിലേക്ക് കയറി വരുന്നതാണ് കാണുന്നത്.തങ്ങളുടെ വീട്ടിലേക്ക് പുതിയ ചെക്കനെ കൊണ്ടുവരാൻ പോകുകയാണ് എന്ന് പറയുന്നുണ്ട്. ഇനി അമ്മാമയുടേയും കുടുംബത്തിൻ്റേയും യാത്രകളിൽ സാരഥിയായി മഹീന്ദ്രയുടെ ഓഫ്റോഡ് രാജാവായ ഥാർ റോക്സും ഉണ്ടാകും.

വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങി അമ്മാമ തന്നെയാണ് വാഹനം സ്റ്റാർട്ട് ചെയ്തത്. അതിനിടയ്ക്ക് അമ്മാമ റോക്സിൻ്റെ ഡോറിലേക്ക് നോക്കി മക്കളേ വിജാഗിരി പുറത്താണല്ലോ എന്നുള്ള കമൻ്റ് എല്ലാവരേയും ചിരിപ്പിച്ചു. നിലവിൽ 12.99 ലക്ഷം മുതൽ 23.39 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന റോക്‌സിന്റെ ഏത് വേരിയൻ്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.
2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ വരുന്ന എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ 150 bhp, 330 Nm torque എന്നിങ്ങനെയാണ് നൽകുന്നത്. 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഡീസൽ എഞ്ചിനിൽ മാത്രമേ കമ്പനി ഫോർവീൽ ഡ്രൈവ് സംവിധാനം ഒരുക്കിയിട്ടുള്ളൂ കേട്ടോ.
ഡിസൈനിലേക്ക് നോക്കിയാൽ 6-പാക്ക് ഗ്രിൽ, ഉയർന്ന വേരിയന്റുകളിൽ 19 ഇഞ്ച് അലോയ് വീലുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പില്ലർ-മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയെ കിടിലമാക്കുന്നത്. അത് കൊണ്ട് തന്നെ ഏതൊരു പ്രായമായ ആളുകൾക്കു വാഹനത്തിൽ കയറാനും ഇറങ്ങാനു സാധിക്കും എന്നതാണ് പ്രത്യേകത.

ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








