നടുറോഡില്‍ സ്റ്റണ്ടിംഗിനിടെ അപകടം; പ്രമുഖ യൂട്യുബര്‍ക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ കാണാം
ബൈക്ക് പ്രേമികള്‍ക്ക് പ്രിയങ്കരനായ യൂട്യുബര്‍മാരില്‍ ഒരാളാണ് ടിടിഎഫ് വാസന്‍. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടുകാരനായ വാസന്റെ പ്രവര്‍ത്തികള്‍ പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ച് വരുത്താറുണ്ട്. കഴിഞ്ഞ ദിവസം കാഞ്ചീപുരത്ത് നടുറോഡില്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ വാസന് പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകീട്ട് 4.32-നായിരുന്നു അപകടം.
സുസുക്കി ഹയാബുസ ബൈക്കിലായിരുന്നു വാസന്‍ അപകട സമയത്ത് സഞ്ചരിച്ചിരുന്നത്. പൊതുനിരത്തില്‍ 'വീലി സ്റ്റണ്ട്' നടത്തിയ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സുഹൃത്തുക്കളോടൊപ്പം മഹാരാഷ്ട്രയിലേക്ക് ട്രിപ്പ് പോകുകയായിലരുന്നു വാസന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രിപ്പിനിടെ ബാലുചെട്ടി സത്രം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. യൂട്യൂബറായ ടിടിഎഫ് വാസന്‍ ഇന്ത്യ മുഴുവന്‍ ബൈക്ക് ടൂര്‍ നടത്തുകയും അതിന്റെ വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്.

സ്വന്തം നാടായ തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇദ്ദേഹത്തിന് ഫാന്‍സുണ്ട്. ഇവിടെ അപകടത്തില്‍ പെട്ട സുസുക്കി ഹയാബുസ ഏപ്രിലിലാണ് വാസന്‍ സ്വന്തമാക്കിയത്. 17 ലക്ഷം രൂപയാണ് ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഈ സൂപ്പര്‍ ബൈക്കിന്റെ വില. പിന്നാലെ ഹയാബൂസയുടെ നിരവിധി വീഡിയോകള്‍ ഇദ്ദേഹം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ചീപുരത്തിനടുത്ത് ചെന്നൈ-ബെംഗളൂരു ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മുന്‍വശമുയര്‍ത്തി വീലി സ്റ്റണ്ടിംഗിന് വാസന്‍ ശ്രമിച്ചത്.
ഓട്ടത്തിനിടെ ബൈക്കിന്റെ വീല്‍ കുറച്ച് സമയത്തേക്ക് ഉയര്‍ത്തുന്ന അഭ്യാസത്തിനെയാണ് വീലി എന്ന് വിളിക്കുന്നത്. ഇതേസമയം തന്നെ വാസന്റെ ബൈക്കിന് പിറകില്‍ ഒരു കാറും വരുന്നുണ്ടായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ യൂട്യബര്‍ ബൈക്കില്‍ അഭ്യാസത്തിന് ശ്രമിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. റൈഡര്‍ ഒരുവശത്തേക്കും ബൈക്ക് മറ്റൊരു വശത്തേക്കുമാണ് തെറിച്ചു വീണത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ വാസനെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അപകടത്തില്‍ യൂട്യൂബറുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഇയാളുടെ സുസുക്കി ഹയബൂസ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. യൂട്യൂബര്‍ക്ക് സ്റ്റണ്ടിംഗിനിടെ അപകടം പിണയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. സംഭവത്തില്‍ ടിടിഎഫ് വാസനെതിരെ ബാലുചെട്ടി സത്രം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ (IPC) 297, 337 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റത്തിന് വാസനെതിരെ മുമ്പും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 1000 രൂപ പിഴയോ 6 മാസം തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാനുളള വകുപ്പുകളാണ് വാസനെതിരെ ചുമത്തിയിരിക്കുന്നത്. ഹൈവേയില്‍ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് കൂടി അപകടമുണ്ടാകുന്ന രീതിയില്‍ വാഹനം ഓടിച്ചതിന് ബൈക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഹൈവേ പോലുള്ള തിരക്കേറിയ റോഡുകളില്‍ ഇത്തരം അപകടംനിറഞ്ഞ അഭ്യാസപ്രകടനം നടത്തുന്നത് ഇദ്ദേഹത്തിന്റെ യുവാക്കളായ ഫോളോവേഴ്‌സിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ വലിയ വിപത്താകുമെന്നും നെറ്റിസണ്‍സ് മുന്നറിയിപ്പ് നല്‍കുന്നു. പൊതുനിരത്തുകളില്‍ അനാവശ്യമായ ബൈക്ക് സ്റ്റണ്ടുകളില്‍ ഏര്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ സംഭവം നമുക്ക് നല്‍കുന്നത്.
സാഹസികതയ്ക്കുള്ള ഇടമല്ല റോഡുകള്‍ എന്നതിനാല്‍ തന്നെ വണ്ടിയുമായി നിരത്തിലിറങ്ങുമ്പോള്‍ ഏവരും അതീവ ശ്രദ്ധ പുലര്‍ത്തണം. സ്വന്തം സുരക്ഷ മാത്രമല്ല മറ്റ് പൗരന്‍മാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തി ബൈക്കില്‍ പൊതുനിരത്തില്‍ സ്റ്റണ്ടിംഗ് ചെയ്യാതിരിക്കുക. സാഹസികത കാണിച്ച് വരുത്തിവെക്കുന്ന ഇനിയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.


Click it and Unblock the Notifications








