കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേതാവിന് വരെ കിട്ടി 1 ലക്ഷം പിഴ! അലോയ് വീല്‍ ഇടുന്നതിന് മുമ്പ് ചിന്തിച്ചോ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കഴിവിനൊപ്പം തന്നെ അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകളും വണ്ടിപ്രാന്തന്‍മാര്‍ ഉപയോഗപ്പെടുത്തുന്നു. ഥാര്‍ വാങ്ങുന്നവര്‍ ആദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങളില്‍ ഒന്നാണ് സ്‌റ്റോക്ക് ടയറുകള്‍ ഊരിമാറ്റി നല്ല കട്ട ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍ ഫിറ്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള രൂപമാറ്റത്തിന് അത്യാവശ്യം നല്ല പൈസ പൊടിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കീശയില്‍ ഫൈന്‍ അടയ്ക്കാന്‍ നല്ല തുകയുണ്ടെങ്കില്‍ മാത്രം ആ പണിക്ക് നിന്നാല്‍ മതിയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളില്‍ കാര്‍ മോഡിഫിക്കേഷന്‍ വളരെ സാധാരണമായ കാഴ്ചയാണ്. മോഡിഫൈ ചെയ്താല്‍ അത്രയും ലുക്ക് ലഭിക്കുന്ന ഒരു കാറാണ് ഥാര്‍ എന്ന് ഇന്റര്‍നെറ്റില്‍ കാണുന്ന ചിത്രങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഉപയോഗിച്ച് ഥാര്‍ പരമാവധി 'മൊഞ്ചാക്കാന്‍' ഉടമകള്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ തന്റെ മഹീന്ദ്ര ഥാര്‍ എസ്‌യുവി ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയര്‍ ഘടിപ്പിച്ച് മോഡിഫൈ ചെയ്യുകയായിരുന്നു ഹിമാചല്‍ പ്രദേശിലെ മാണ്ഡി സ്വദേശിയായ ചന്ദ്രമണി.

കാറില്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചതിന് ചന്ദ്രമണിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ സുന്ദര്‍നഗര്‍ ജില്ലാ വൈസ് പ്രസിഡന്റാണ് ചന്ദ്രമണി. എന്നാല്‍ അലോയ് വില്‍ ഘടിപ്പിച്ചതിന് പിഴയിട്ടത് ധനോട്ടു പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണെന്നാണ് ചന്ദ്രമണി പറയുന്നത്.
മോഡിഫൈ ചെയ്ത നിരവധി വാഹനങ്ങള്‍ നിരത്തിലുണ്ടെങ്കിലും തന്റെ വാഹനത്തിന് മാത്രമാണ് പിഴയിട്ടതെന്നും കാര്‍ പിടികൂടാനായി പൊലീസ് തന്റെ വസതിക്ക് മുന്നില്‍ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ യുവമോര്‍ച്ച നേതാവിന്റെ കാറിന് ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ ഘടിപ്പിച്ചതിന് പുറമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റും (പിയുസി) ഇല്ലെന്ന് ചൂണ്ടിക്കാട്ടി 5,500 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ചന്ദ്രമണിയുടെ പരാതിയില്‍ എസ്പി അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. പ്രദേശത്ത് ലഹരി, ഖനന മാഫിയക്കെത്ിരെ ശബ്ദമുയര്‍ത്തിയതിന് തന്റെ മുഖത്ത് കരിവാരിത്തേക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പൊലീസ് നടപടിയെന്നാണ് യുവമോര്‍ച്ച നേതാവിന്റെ വാദം. എന്നാല്‍ ഇന്ത്യയില്‍ വാഹനം മോഡിഫൈ ചെയ്യുന്ന ഏതൊരാള്‍ക്കെതിരെയും ഇത്തരം നടപടി സ്വീകരിക്കാം. മുമ്പ് ആഫ്റ്റര്‍ മാര്‍ക്കറ്റ് സൈലന്‍സറുകള്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.
വാഹനങ്ങളില്‍ നിന്ന് ഊരിയെടുത്ത സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി ഇറക്കിയാണ് പൊലീസ് നശിപ്പിച്ചത്. മാത്രമല്ല മുമ്പ് സണ്‍ഫിലിം ഒട്ടിച്ച വാഹനയാത്രികരെ കൊണ്ട് അത് പൊളിച്ച് മാറ്റിപ്പിച്ച സംഭവങ്ങളും നാം കണ്ടു. ഇത്തരം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരമാവധി പിഴയും പൊലീസ് ചുമത്തുന്നു. വാഹനത്തിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മാറ്റം വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയില്‍ അനുവദനീയമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തില്‍ പൊലീസും എംവിഡിയും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കാറുകളില്‍ അലോയ് വീലുകള്‍ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണോ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാകാം. നിര്‍മാതാവ് നിശ്ചയിച്ചിട്ടുള്ള സവിശേഷതകള്‍ പാലിക്കുന്നിടത്തോളം ഇന്ത്യയില്‍ കാറില്‍ അലോയ് വീലുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമല്ല. അതായത് കാര്‍ ഓണേഴ്‌സ് മാനുവലില്‍ പറഞ്ഞിരിക്കുന്ന വലിപ്പം, വീതി, ലോഡ് റേറ്റിംഗ് എന്നിവ പാലിക്കുന്ന അലോയ് വീലുകളായിരിക്കണം ഫിറ്റ് ചെയ്യുന്നത്.
എന്നാല്‍ മുകളില്‍ പറഞ്ഞ വീല്‍ സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാതിരുന്നാല്‍ അവ വെഹിക്കിള്‍ ഡൈനാമിക്‌സിനെയും സുരക്ഷയെയും ബാധിക്കുമെന്നതിനാല്‍ തന്നെ റോഡ് ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് കണക്കാക്കി ഉടമയ്ക്ക് പിഴ ചുമത്താം. സ്റ്റിയറിംഗ് ശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ഓവര്‍സൈസ് വീലുകള്‍ എളുപ്പം പൊലീസിന്റെ കണ്ണില്‍ പെടും. എന്നാല്‍ ഹിമാചാലിലെ ബിജെപി നേതാവിന്റെ ടയറിന്റെ വലിപ്പവും സ്‌പെസിഫിക്കേഷനും അറിയാത്തതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല.


Click it and Unblock the Notifications








