ബിരിയാണി കച്ചോടത്തിന് ഇടനില നിന്ന് നേടുന്നതോ ഈ കാറുകൾ? വീണ്ടും കോടികൾ പൊട്ടിച്ച് സൊമാറ്റൊ മുതലാളി
ചൂടപ്പം പോലെ കാസ്റോളിൽ അടുക്കും പോലെ ഗരാജിൽ എക്സോട്ടിക് കാറുകൾ അടുക്കിയിടുകയാണ് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ. പുതിയ ആസ്റ്റൺ മാർട്ടിൻ വാൻ്റേജാണ് തൻ്റെ ഗാരേജിലേക്ക് അദ്ദേഹം ചേർത്ത മറ്റൊരു അതിഥി. ഗോയലിൻ്റെ ഗാരേജിലെ രണ്ടാമത്തെ ആസ്റ്റൺ മാർട്ടിൻ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്, അടുത്തിടെ ഗുഡ്ഗാവിലെ ഒരു പാർക്കിംഗിലാണ് വാഹനം കണ്ടെത്തിയത്. കരി വീരന്റെ കറുപ്പിനെ അനുസ്മരിപ്പിക്കുന്ന ബ്ലാക്ക് ഷെയ്ഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പുതിയ വാൻ്റേജാണിത് എന്നതും വാഹനത്തിന്റെ സ്പെഷ്യാലിറ്റി വർധിപ്പിക്കുന്നു.
ആസ്റ്റൺ മാർട്ടിൻ ഈ വർഷം ഓഗസ്റ്റിലാണ് പുതിയ വാൻ്റേജ് മോഡൽ അവതരിപ്പിച്ചത്. 3.99 കോടി രൂപ പ്രാരംഭ എക്സ് -ഷോറൂം വിലയ്ക്കാണ് ഈ ബ്യൂട്ടി വൽപ്പനയ്ക്ക് എത്തുന്നത്. ഈ വർഷം നാലാം പാദത്തിലാണ് അൾട്രാ ലക്ഷ്വറി സ്പോർട് കാറിന്റെ നിർമ്മാതാക്കൾ ഡെലിവറികൾ ആരംഭിച്ചത്.

പരിഷ്‌കരിച്ച ഡിസൈൻ & സ്‌റ്റൈലിംഗ്, അപ്പ്ഡേറ്റ് ചെയ്‌ത ക്യാബിൻ, മെച്ചപ്പെട്ട മെർസിഡീസ് സോഴ്‌സ്ഡ് പവർട്രെയിൻ എന്നിവയോടെയാണ് പുതുക്കിയ വാൻ്റേജ് വിപണിയിൽ എത്തുന്നത്. മുകളിൽ സൂചിപ്പിച്ചതു പോലെ ഗോയലിൻ്റെ രണ്ടാമത്തെ ആസ്റ്റൺ മാർട്ടിൻ ആണിത്, ഈ വർഷം മാർച്ചിൽ അദ്ദേഹം ഒരു DB12 GT -യും വാങ്ങിയിരുന്നു.
പുതിയ തലമുറ ആസ്റ്റൺ മാർട്ടിൻ്റെ ടു -ഡോർ കൂപ്പെയ്ക്ക് മുന്നിൽ വലിയ ഗ്രില്ല് ലഭിക്കുന്നു, അത് ഫ്രണ്ട് ബമ്പർ, വെർട്ടിക്കൽ എയർ കർട്ടനുകൾ, പുതുക്കിയ ബോണറ്റ്, ഹൈ പെർഫോമൻസ് എൽഇഡി ഹെഡ്‌ലാമ്പുകൾ, അപ്പ്ഡേറ്റ് ചെയ്ത ഫെൻഡർ എയർ ഡക്റ്റുകൾ, പുതുക്കിയ റിയർ ബമ്പർ, റിയർ ഡിഫ്യൂസർ, സാറ്റിൻ സിൽവർ ഷെയ്ഡിൽ വരുന്ന കൂറ്റൻ 21 ഇഞ്ച് അലോയി വീലുകൾ എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കണം.
ക്യാബിനുള്ളിലും ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ നമുക്ക് കാണാം. ഒരു പുതിയ ഇൻ്റീരിയർ ട്രിം ഇതിന് ലഭിക്കുന്നു. വാഹനത്തിന്റെ കോക്ക്പിറ്റ് ലേയൗട്ട് ഇപ്പോൾ മുമ്പത്തെ മെർസിഡീസ് ഇൻസ്പയർഡ് രൂപത്തിൽ നിന്ന് മാറി 'ഇൻറ്റു യാ ഫേസ്' ഡിസൈനിലേക്ക് മാറുന്നതായി കാണാം. ഒരുപക്ഷേ ഉള്ളിൽ പോർഷെ ഡിസൈനുകളുടെ ഒരു ചെറിയ സ്വാധീനവും ഉണ്ടായിരിക്കാം.
പുതിയ 10.25 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, ഒരു പുതിയ UI, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 3D ലൈവ് മാപ്പിംഗ്, ബോവേഴ്‌സ് & വിൽകിൻസ് സോഴ്‌സ്ഡ് 15 -സ്പീക്കർ ഓഡിയോ സിസ്റ്റം, ഒരു പുതിയ സ്റ്റിയറിംഗ് വീൽ, മിക്ക കൺട്രോലുകൾക്കും ഫിസിക്കൽ ടോഗിളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് സീറ്റുകൾ എന്നിവ ഇതിൽ വരുന്നു. പരിഷ്കരിച്ച സ്വിച്ച് ഗിയർ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും സ്റ്റിയറിംഗ് വീൽ ഡിസൈനും വാഹനത്തിന് ലഭിക്കുന്നു.

എന്നിരുന്നാലും, ഏറ്റവും വലിയ അപ്‌ഡേറ്റ് എന്നത് ബോഡിക്ക് കീഴിലാണ്. പുതിയ വാൻ്റേജിന് കരുത്ത് ഏകുന്നത്, മെർസിഡീസ് -സോഴ്‌സ്ഡ് 4.0 -ലിറ്റർ ട്വിൻ -ടർബോ V8 യൂണിറ്റാണ്, ഇത് ഔട്ട്‌ഗോയിംഗ് V8 യൂണിറ്റിനേക്കാൾ 153 bhp പവറും 115 Nm ടോർക്കും വികസിപ്പിക്കുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നതാണ്.
തൽഫലമായി 656 bhp മാക്സ് പവറും 800 Nm പീക്ക് ടോർക്കുമാണ് ഈ യൂറ്റ് പുറപ്പെടുവിക്കുന്ന നെറ്റ് ഔട്ട്പുട്ട്. പൂജ്യത്തിൽ നിന്ന 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മാത്രം മതി, വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 325 കിലോമീറ്ററാണ്.
പെർഫോമെൻസിലും കഴിവുകളിലും മുൻഗാമിയേക്കാൾ ഗണ്യമായ പുരോഗതിയാണ് പുതിയ കാറിന് ലഭിക്കുന്നത്. മുമ്പത്തെ വാൻ്റേജ് V12 -ന് 619 bhp പവറും 753 Nm ടോർക്കും ഉൽപ്പാദിപ്പിക്കാനും മണിക്കൂറിൽ 322 കിലോമീറ്റർ ടോപ്പ് സ്പീഡ് കൈവരിക്കാനും കഴിയും. പുതിയ മോഡലിൽ സസ്പെൻഷനും ബ്രേക്കുകളും നിർമ്മാതാക്കൾ പരിഷ്കരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








