നല്ല പഠിപ്പുണ്ടായിട്ടും കുഞ്ഞുമായി ഫുഡ് ഡെലിവറിക്ക് പോകുന്ന സ്ത്രീ! പ്രപഞ്ചത്തിലെ പോരാളി തന്നെ
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് കന്നഡ സിനിമയാണ് 'കെജിഎഫ്'. യാഷ് നായകനായ സിനിമയുടെ ആദ്യഭാഗത്തിലെ വളരെ പ്രശസ്തമായ സീനുകളില്‍ ഒന്നാണ് 'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന ഡയലോഗ് വരുന്ന ഭാഗം. ഈ ഒരു ഡയലോഗ് ഓരോ മാതൃദിനത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ ട്രെംന്‍ഡിംഗ് ആകാറുണ്ട്. ഈ ഒരു സിനിമ ഡയലോഗ് അന്വര്‍ത്ഥമാക്കും വിധം സാഹചര്യങ്ങളോട് പടവെട്ടി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന നിരവധി അമ്മമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ 'പോരാളിയായ' ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി അറിയാം.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടി വന്നിട്ടുണ്ട്. ഈ രംഗത്തെ അതികായന്‍മാരാണ് സ്വിഗ്ഗിയും സൊമാറ്റോയും. ഈ കമ്പനികള്‍ പ്ലാറ്റ്‌ഫോം നിരക്കുകള്‍ ഉയര്‍ത്താറുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇവര്‍ അത്താണിയാകുന്നുവെന്നതിനാല്‍ പലരും പ്രതികരിക്കാറില്ല. വന്‍കിട കമ്പനികളില്‍ ആറക്ക ശമ്പളം വാങ്ങിയിരുന്നവര്‍ വരെ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്ത സംഭവം നാം വായിച്ചിട്ടുണ്ട്.

ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകളില്‍ ജോലി നഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെ ആദ്യത്തെ ചിന്ത സ്വിഗ്ഗിയിലോ സൊമാറ്റോയിലോ ജോലി ചെയ്‌തെങ്കിലും പട്ടിണി മാറ്റാമല്ലോ എന്നതാണ്. പുരുഷന്‍മാര്‍ മാത്രമല്ല നിരവധി സ്ത്രീകളും ഇന്ന് ഈ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും ഫുഡ് ഡെലിവറി ഏജന്റുകളായി സ്ത്രീകള്‍ ഏറെ ജോലി ചെയ്യുന്നുണ്ട്. പലരും ഇത് പഠനത്തിന്റെ കൂടെ പാര്‍ട്‌ടൈം ആയിട്ടാകും കൊണ്ടുപോകുന്നത്.
എന്നാല്‍ നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത് ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിനിയായ ഒരു ഫുഡ് ഡെലിവറി ഏജന്റിനെ കുറിച്ചാണ്. സ്വന്തം ജോലിക്കൊപ്പം മാതാവെന്ന നിലയിലുള്ള സ്വന്തം കടമയും നിറവേറ്റുന്ന ഈ സ്ത്രീ എവിടെ പോയാലും കുഞ്ഞിനെയും കൊണ്ടുപോകുന്നു. കേരളത്തിലെല്ലാം ബഹുഭൂരിപക്ഷം വനിത ഡെലിവറി ഏജന്റുകളും സ്‌കൂട്ടറിലാണ് ഡെലിവറിക്ക് പോകുന്നത് കാണാറുള്ളത്. എന്നാല്‍ ഇവിടെ ഗുജറാത്തുകാരിയുടെ സാരഥി ഒരു ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്കാണ്.

ബൈക്കിന്റെ മുന്‍വശത്ത് കുട്ടിയെ ഇരുത്തി ഫുഡ് ഡെലിവറിക്ക് പോകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോയില്‍ താന്‍ എങ്ങനെ ഈ ജോലിയില്‍ എത്തിച്ചേര്‍ന്നു എന്ന് സ്ത്രീ പറയുന്നുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സാണ് അവര്‍ പഠിച്ചത്. വിവാഹശേഷം കുഞ്ഞ് കൂടി ജനിച്ചതാടെ പഠിച്ച തൊഴില്‍ ലഭിച്ചില്ല. കുട്ടിയെയും കൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കാത്തതായിരുന്നു കാരണം.
ആ സമയത്താണ് ബൈക്ക് ഉള്ളതിനാല്‍ ഫുഡ് ഡെലിവറി ഏജന്റായി പോയാല്‍ എന്താണെന്ന ചിന്ത മനസ്സില്‍ ഉദിച്ചത്. കുഞ്ഞിനെയും പരിപാലിക്കാന്‍ കഴിയും ഒപ്പം ജോലിയും ചെയ്യാം എന്നതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് അവര്‍ പറയുന്നത്. വീഡിയോയുടെ കമന്റ് ബോക്‌സില്‍ യുവതിയെ പ്രശംസിക്കുന്നവര്‍ നിരവധിയാണ്. കാരണം ചെരുപ്പ് പോലും ധരിക്കാതെയാണ് സ്വന്തം കുടുംബത്തിന് വേണ്ടി അവര്‍ അധ്വാനിക്കാന്‍ ഇറങ്ങിയത്.

ഇവിടെ യുവതിയുടെ ആത്മവിശ്വാസത്തിനെയും സ്ഥിരോത്സാഹവും പ്രശംസിക്കുന്ന നെറ്റിസണ്‍ സ്‌നേഹപൂര്‍വം ഒരു ഉപദേശവും നല്‍കുന്നുണ്ട്. മറ്റൊന്നുമല്ല ചെരുപ്പ് പോലെ ഈ സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. സ്ത്രീയുടെ കുഞ്ഞിനും ഹെല്‍മെറ്റില്ല. ഇരുചക്രവാഹനം ഓടിക്കുന്നവരും പിറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കല്‍ രാജ്യത്ത് നിര്‍ബന്ധമാണ്. അപ്രതീക്ഷിതമായി കടന്ന് വരാവുന്ന റോഡപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ പ്രാപ്തമായ പടച്ചട്ടയാണ് ഹെല്‍മറ്റ്.
അതുകൊണ്ടാണ് ഇവരോട് വളരെ ബഹുമാനപുരസ്‌കരം നെറ്റിസണ്‍ ഇനി ജോലിക്ക് പോകുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് ഓര്‍മിപ്പിക്കുന്നത്. ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് അത്ര സാധാരണമല്ല. എന്നിരുന്നാലും കുടുംബത്തിന് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്ന ഒരാള്‍ തന്റെ സുരക്ഷയ്ക്ക് കൂടി അല്‍പ്പം പ്രാധാന്യം കൊടുക്കണമെന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ഇത് ഇവര്‍ക്ക് മാത്രമല്ല ഇരുചക്ര വാഹനം ഓടിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്.


Click it and Unblock the Notifications








