ഹ്യോസംഗില്‍ നിന്ന് 125 സിസി ബൈക്ക്!
250 സിസി ബൈക്കുമായി ഹ്യോസംഗ് വരുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയ്ക്ക് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത വന്ന് ചാടുന്നു. ഇനി 125 സിസി ബൈക്കാണ് ഇന്ത്യന്‍ വിപണിയില്‍ ഹ്യോസംഗില്‍ നിന്ന് വരാന്‍ പോകുന്നത്.
ഈ വാഹനം പ്രീമിയം നിലവാരത്തിലായിരിക്കും നിലപാടുറപ്പിക്കുക എന്നത് പറയേണ്ടതില്ലല്ലോ. 125 സിസിയാണെങ്കിലും മികവുറ്റ പ്രകടനശേഷിയുണ്ടായിരിക്കും.
ഇന്ത്യയുടെ ബൈക്ക് വിപണിയുടെ സ്പന്ദനം എന്ന് പറയുന്നത് നൂറും നൂറ്റമ്പതും സിസിയിലാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഹ്യോസംഗ് നടത്തുന്ന ഈ നീക്കം തീര്‍ച്ചയായും വിപണിയില്‍ ചില രാസമാറ്റങ്ങള്‍ക്ക് കാരണമാകും. നിലവില്‍ ഈ സെഗ്മെന്‍റില്‍ ഹ്യോസംഗ് കൊണ്ടുവരുന്നത്രയും മികച്ച നേക്കഡ് ബൈക്കുകളില്ല. കെടിഎം ഡ്യൂക്ക് 200, പള്‍സര്‍ 200 എന്നിവ എന്‍ജിന്‍ ശേഷി കൊണ്ടും വില കൊണ്ടും അല്‍പം ഉയര്‍ന്ന് നില്‍ക്കുന്നവയാണ്.
ഡ്യൂക്കിന് എക്സ്ഷോറൂം വില ഏതാണ്ട് 1.3 ലക്ഷമാണ്. ഓണ്‍റോഡ് 1.5 ലക്ഷത്തിനടുത്ത് വരും. ഹ്യോസംഗിന്‍റെ 125 സിസി ബൈക്ക് 1.25 ലക്ഷം നിലവാരത്തില്‍ വിലയിടുമെന്ന് പ്രതീക്ഷിക്കാം.
ഗാര്‍വറുമായുള്ള സഖ്യം പിരിഞ്ഞ് ഡിഎസ്‍കെയുമായി കൂടിയതില്‍ പിന്നെ മികച്ച പ്രകടനമാണ് ഹ്യോസംഗ് നടത്തുന്നത്. ഗൗരവപ്പെട്ട ലോഞ്ചുകള്‍ക്കും വിപണി നീക്കങ്ങള്‍ക്കുമെല്ലാം ഡിഎസ്കെ ബന്ധം സഹായകമായിരിക്കുകയാണ്.
ഇന്ത്യയില്‍ ഹ്യോസംഗിന്‍റെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. പുതിയ പ്ലാന്‍റ് പണി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെയായിരിക്കും 125 സിസി ബൈക്ക് നിര്‍മിക്കുന്നതിനുള്ള അസംബ്ലി ലൈന്‍ തയ്യാറാക്കുക. എന്തായാലും ഒരല്‍പം കൂടി കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications









