മരുഭൂമിയിലെ പട്ടാളക്കാരന്‍

1950-കളിലെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഡിസൈനിംഗ് സൗന്ദര്യത്തെ പുതിയ സാങ്കേതിക മികവുമായി കോര്‍ത്തിണക്കിയിരിക്കുകയാണ് ക്രോം 500-ല്‍. അക്കാലത്തെ ശൈലിയിലുള്ള എംബ്ലമാണ് എന്‍ജിനിലും സ്പീഡോമീറ്ററിലും ഉപയോഗിച്ചിരിക്കുന്നത്. 2009-ല്‍ ക്ലാസിക് 300-500 സിസി ബുള്ളറ്റുകള്‍ വിപണിയിലെത്തിയ ശേഷം ഇതാദ്യത്തെ പുതുക്കലാണ്.
ഇന്ധനടാങ്കിന്‍റെ പെയിന്‍റിംഗ് വര്‍ക്കുകളില്‍ പോലും പുതിയ ബുള്ളറ്റുകള്‍ മൗലികത നിലനിര്‍ത്തിയിരിക്കുന്നു. പേര് സൂചിപ്പിക്കുന്ന പോലെ 500 സിസി ട്വിന്‍സ്പാര്‍ക്ക് എന്‍ജിനാണ് ക്രോം 500-ലുള്ളത്. ദീര്‍ഘദൂര യാത്രകളെ ഉദ്ദേശിച്ചുള്ളതാണ് ഈ നിര്‍മിതി. 27 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുക.
ഡിസര്‍ട്ട് ബൈക്കിന് ഒരു റിബലിന്‍റെ ഛായയാണ് കണ്ടെത്താന്‍ കഴിയുക. ഇത്തിരി ബൊഹീമിയന്‍ സൗന്ദര്യം പകര്‍ന്നു നല്‍കിയിരിക്കുന്നു. ഏതോ മരുഭൂമിയിലെ യുദ്ധക്കളത്തില്‍ നിന്ന് ഇറങ്ങിവന്നതിന്‍റെ വീര്യം മുഖത്തിപ്പോഴും കാണാം!
ഇത് വെറുതെ വിടുവായത്തം പറഞ്ഞതല്ല. രണ്ടാം ലോകയുദ്ധകാലത്തെ ആര്‍മി ബൈക്കുകളില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടതാണ് ഡിസര്‍ട് ബൈക്കെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നുണ്ട്. മരുഭൂമിയുടെ നിറം തന്നെയാണ് ബൈക്കിന് നല്‍കിയിരിക്കുന്നതും. ക്രോം 500-ന്‍റെ അതേ സാങ്കേതിക സവിശേഷതകള്‍ തന്നെയാണ് ഡിസര്‍ട് ബൈക്കിനും.


Click it and Unblock the Notifications








