'ഹീറോ'യില്‍ നിന്ന് 'ഹോണ്ട'യെ നീക്കുന്നു

സംഗതികളുടെ കിടപ്പ് ഇങ്ങനെയെല്ലാമാണെങ്കിലും പേരുമാറ്റം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്. 2014 വരെ ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം ഹീറോയ്ക്ക് അവകാശമുണ്ട്. എന്നാല്‍ അത്രയ്‌ക്കൊന്നും കാത്തുനില്‍ക്കാതെ പുതിയ പേര് കണ്ടെത്താനാണ് ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ തലവന്‍ മുഞ്ജള്‍സിന്റെ തീരുമാനം.
വളെരെ താമസിയാതെ വിളിച്ചു ചേര്‍ക്കുന്ന ഒരു 'പ്രത്യേക ജനറല്‍ ബോഡി' യോഗത്തില്‍ വെച്ച് മുഞ്ജള്‍സ് പുതിയ പേര് നിര്‍ദ്ദേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇതുസംബന്ധിച്ച മീറ്റിംഗുകള്‍ സംഘടിപ്പിക്കപ്പെടുകയും പേരുമാറ്റം നടക്കുകയും ചെയ്യും.
പേരുമാറ്റത്തിനുള്ള അരങ്ങൊരുങ്ങിയെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് കമ്പനിവൃത്തങ്ങള്‍ തന്നെ തുറന്നുസമ്മതിക്കുന്നു. നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തിവന്നിരുന്ന ബഹുവിധ ഇടപാടുകളുടെ സ്വഭാവം തന്നെ മാറ്റിത്തീര്‍ക്കുന്ന ഒന്നാണിത്. 2014-ല്‍ ഒരു പ്രഭാതത്തില്‍ മാറ്റം കൊണ്ടുവരുന്നതിലും നല്ലത് സാവധാനത്തില്‍ ആ മാറ്റം നടപ്പാക്കുകയാണെന്നാണ് ഹീറോ മോട്ടോ കോര്‍പ്പ് ചിന്തിക്കുന്നത്. വളരെ പെട്ടെന്നുതന്നെ പേരുമാറ്റം നടത്തുക എന്നത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്ന ഒന്നായിരിക്കും.
ബ്രാന്‍ഡ് ഐഡന്റിറ്റി
പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍ണ്ണയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉടന്‍ തന്നെ ഏര്‍പ്പെടണമെന്ന നിര്‍ദ്ദേശം കമ്പനിയുടെ ഉന്നത വൃത്തങ്ങളിലേക്ക് പോയിട്ടുണ്ട്. ലണ്ടനിലെ ബ്രാന്‍ഡ് സ്‌പെഷ്യലിസ്റ്റ് വോള്‍ഫ് ഒലിന്‍സ്, പരസ്യ ഏജന്‍സിയായ ലോ ആന്‍ഡ് കെന്നത്ത് എന്നീ കമ്പനികള്‍ക്കാണ്് പുതിയ ബ്രാന്‍ഡ് നിര്‍ണ്ണയത്തിന്റെ നിര്‍ണ്ണായക ചുമതലയുള്ളത്. ഇതിനായി ഹീറോ കമ്പനി ഏതാണ്ട് 170 കോടി രൂപയോളം നീക്കിവെച്ചതായാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിക്കു പിന്നിലെ നയപരമായ കൃത്യത ബ്രാന്‍ഡ് പ്രചാരണത്തില്‍ ഉറപ്പുവരുത്തേണ്ട ചുമതല വോള്‍ഫ് ഒലിന്‍സിനാണുള്ളത്. ബ്രാന്‍ഡ് നാമത്തെ വിപണിയുടെ മുക്കിലും മൂലയിലും എത്തിക്കേണ്ട ചുമതലയാണ് ലോ ആന്‍ഡ് കെന്നത്ത് ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് ദശകത്തോളം ഇന്ത്യന്‍ നിരത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച ആ ഇരുചക്ര പ്രതാപത്തെ നിലനിര്‍ത്താന്‍ ഹീറോയുടെ നീക്കങ്ങള്‍ക്ക് കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications








