ഹീറോ, ബജാജുമാരെ വെല്ലാന്‍ ട്രയംഫ്
ട്രയംഫ് എന്ന ബ്രിട്ടിഷ് കമ്പനി ഈയിടെയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളിലാണ് ഇപ്പോള്‍ ട്രയംഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ കടന്നു വന്നാല്‍ ഏതൊരു വമ്പനും തോന്നും കുതിരശക്തിയില്‍ ഒരല്‍പം കുറവ് വരുത്താന്‍. ട്രയംഫ് പോലൊരു ബ്രാന്‍ഡിന്‍റെ കാര്യത്തില്‍ ആരും ഇതോര്‍ത്തിട്ടുണ്ടാവില്ല. എന്തുചെയ്യട്ടെ, ട്രയംഫും നമ്മുടെ വഴിക്കുതന്നെ വരുന്നു.
125 സിസി ബൈക്ക് സെഗ്മെന്‍റിലേക്കാണ് ട്രയംഫ് വരുന്നത്. ബജാജ്, ഹീറോ, ടിവിഎസ് എന്നിവര്‍ കൊലവെറിപാടി അറ്മാദിച്ചു നടക്കുന്ന ചെറു സിസി സെഗെമെന്‍റിലേക്ക്! ഇതുസംബന്ധിച്ച് ഔദ്യോഗികമായി യാതൊന്നും അറിയില്ല. എങ്കിലും വിവരം തന്നവര്‍ അത്യാവശ്യം വിശ്വസിക്കാന്‍ കൊള്ളുന്നവരാണ്.

അടുത്ത വര്‍ഷം, അതായത് 2013ല്‍ ട്രയംഫിന്‍റെ ആദ്യം ചെറുസിസി ബൈക്ക് വിപണിയിലെത്തുക.
കമ്പനിയുടെ പുതിയ നയം മാറ്റത്തെ ഇപ്രകാരം നിര്‍വ്വചിക്കാം. പ്രീമിയം - എന്‍ഡ് ടൂവീലര്‍ വിപണികളെ പിടിച്ചടക്കുക. എന്നാല്‍ ബജാജിനെയും ഹീറോയെയുമെല്ലാം മറികടന്ന് പോകുന്നത് അത്രകണ്ട് എളുപ്പമാണോ? എന്തായിരിക്കും ചെറുസിസി സെഗ്മെന്‍റില്‍ ട്രയംഫിനെ കാത്തിരിക്കുന്നത്? അത് ഇപ്പോള്‍ നിര്‍വ്വചനാതീതമാണ്.
നിലവില്‍ ട്രയംഫിന്‍റെ ഏറ്റവും കുറഞ്ഞ കുതിരശക്തി 675 സിസിയാണ്. ഡെടോണ 675 ആണ് ഈ എന്‍ജിന്‍ ശേഷിയില്‍ ഇന്നുള്ളത്. റോക്കറ്റ് III യാണ് ഇന്ത്യയില്‍ ട്രയംഫ് ഇറക്കുന്ന ഏറ്റവും ഉയര്‍ന്ന സിസിയുള്ള ബൈക്ക്. 2,300 സിസിയാണ് ഈ ബൈക്കിന്‍റെ കുതിരശക്തി.


Click it and Unblock the Notifications








