എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 'ഫ്യൂഡല്‍ തെമ്മാടി'
ജന്മി കാലഘട്ടം പോയിമറഞ്ഞെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് എന്ന 'ഫ്യൂഡല്‍ തെമ്മാടി'യുടെ ആധിപത്യം ഇന്ത്യയില്‍ അവസാനിച്ചിട്ടില്ല. നിരത്തുകളില്‍ മുണ്ട് മടക്കിക്കുത്തി (ഉത്തരേന്ത്യയിലാണെങ്കില്‍ ദേശി സ്റ്റൈലില്‍ പിന്നിലെടുത്തു കുത്തിയ ദോത്തി) സണ്‍ഗ്ലാസ് വെച്ച് റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നവരെ കാണാം. എന്‍ഫീല്‍ഡില്‍ കയറിയാല്‍ ആരും പ്രതാപിയായി മാറുന്നു. ഉള്ളിലെ ഫ്യൂഡല്‍ ആറാം തമ്പുരാന്‍ സടകുടഞ്ഞ് പുറത്ത് വരുന്നു.
ഇങ്ങനെയുള്ള ആറാം തമ്പുരാന്മാരെ സന്തോഷത്തിലാറാടിച്ചുകൊണ്ടാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ തണ്ടര്‍ബേഡ് 500 ഈയിടെ നിരത്തിലിറങ്ങിയത്. ഏതൊരു എന്‍ഫീല്‍ഡ് ബൈക്കുനുമുള്ളതു പോലെ ആരും കിടുങ്ങിപ്പോകുന്ന പൗരുഷം ഈ വാഹനത്തിനും സ്വന്തം. പക്ഷെ, ചോദ്യം ഇതാണ്: വ്യത്യസ്തമായ എന്താണ് തണ്ടര്‍ബേഡ് ശരീരത്തില്‍ പേറുന്നത്? അതായത് ഇമ്മാതിരിയൊന്ന് ഇനി എടുക്കാനില്ല എന്ന് തണ്ടര്‍ബേഡിനെ നോക്കി അഭിപ്രായപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ?
ഞങ്ങള്‍ക്ക് തണ്ടര്‍ബേഡിന്‍റെ ചില കിടുക്കന്‍ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവയാണ് താഴെ. ചോദ്യങ്ങള്‍ക്കുള്ള മറുപടി നിങ്ങള്‍ തന്നെ കണ്ടെത്തുക.

ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന്‍റെ കോസ്-അപ് ഷോട്ട്. ഡിജിറ്റല്‍-അനലോഗ് ഗേജുകള്‍ പേറുന്നു. ഡ്യുവല്‍ ട്രിപ് മീറ്ററും ക്ലോക്കും, ഡിജിറ്റല്‍ ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, മാല്‍ഫങ്ഷന്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പ് തുടങ്ങിയവ കാണാം.

മൂന്ന് നിറങ്ങളില്‍ തണ്ടര്‍ബേഡ് വരുന്നു. സ്റ്റോണ്‍ ബ്ലാക്, ഫ്ലിക്കര്‍ ബ്ലാക്, ട്വിലൈറ്റ് എന്നിവയാണത്.

ഹെഡ്‍ലാമ്പിനകത്ത് ഒരു എല്‍ഇഡി വളയം സ്ഥാപിച്ചിട്ടുണ്ട്. വെള്ളിവെളിച്ചം പകരുന്ന പ്രൊജക്ടര്‍ ഹെഡ്‍ലാമ്പിന് ചുറ്റുമായിട്ടാണ് എല്‍ഇഡി വളയമുള്ളത്.

യാത്രാസൗഹൃദം പുലര്‍ത്തുന്ന സീറ്റുകളാണ് തണ്ടര്‍ബേഡിന്‍റേത്. പില്യണ്‍ സീറ്റ് എടുത്തുമാറ്റാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രകളില്‍ ലഗ്ഗേജ് സൂക്ഷിക്കാന്‍ ഇത് സൗകര്യം തരുന്നു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് വാഹനത്തില്‍ കമ്പനി പാലിച്ചിരിക്കുന്നത്. ഇഗ്നീഷ്യന്‍ ലോക്ക് സെന്‍ട്രല്‍ സ്റ്റിയറിംഗ് ലോക്ക് ആയും പ്രവര്‍ത്തിക്കുന്നു.

20 ലിറ്റര്‍ ഇന്ധനം പേറാന്‍ തണ്ടര്‍ബേഡിന് സാധിക്കും. ഫുള്‍ ടാങ്കടിച്ചാല്‍ 500 കിലോമീറ്റര്‍ ദൂരം വരെ പോകാം.

കരുത്തനായ 500 സിസിയുടെ എന്‍ജിനാണ് തണ്ടര്‍ബേഡിന്‍റെ ഹൃദയം. 27.2 കുതിരകളുടെ ശേഷി (@ 5250rpm )ഈ എന്‍ജിന്‍ പേറുന്നു. 4000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ചക്രവീര്യം എന്‍ജിന്‍ പകരും. 5 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുള്ളത്. കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനും ഇലക്ട്രിക് സ്റ്റാര്‍ട് ഓപ്ഷനും വാഹനത്തിനുണ്ട്.
മുംബൈയില്‍ ഓണ്‍റോഡ് വില 1,82,571 രൂപയാണ്.


Click it and Unblock the Notifications








