ബജാജ് ആര്‍ഇ60 വര്‍ഷാവസാനം എത്തും
ക്വാഡ്രിസൈക്കിള്‍ സംബന്ധിച്ച വിവാദങ്ങള്‍ തുടരുമ്പോള്‍ ബജാജ് ആര്‍ഇ60 ക്വാഡ്രിസൈക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും ഉറപ്പുകളുമെല്ലാം ബജാജ് സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ താഴെത്തട്ടിലുള്ള വിപണിയില്‍ തരംഗം സൃഷ്ടിക്കാനിടയുള്ള ഈ വാഹനം 2014 ആദ്യത്തിലോ ഒരുപക്ഷെ, അതിനു മുന്‍പു തന്നെയോ വിപണിയിലെത്തിയേക്കും എന്നാണ് പുതിയ സൂചനകള്‍ വ്യക്തമാക്കുന്നത്.
ക്വാഡ്രിസൈക്കിള്‍ സെഗ്മെന്റ് സൃഷ്ടിക്കുന്നതിനുള്ള നയപരിപാടിയുടെ കരട് രൂപം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കരട് തയ്യാറായാല്‍ അത് പൊതുജനത്തിന്റെ അഭിപ്രായരൂപീകരണത്തിനായി വെക്കും. പിന്നീടാണ് അപ്രൂവലിനുള്ള നടപടികള്‍ തുടങ്ങുക. ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ ഈ വര്‍ഷത്തിന്റെ അവസാനത്തോടെ സെഗ്മെന്റ് രൂപീകരണ നടപടികള്‍ പൂര്‍ത്തിയാവും. അങ്ങനെയാണെങ്കില്‍, 2014 ജനുവരിയില്‍ തന്നെ ആര്‍ഇ60-യെ വിപണിയില്‍ കാണാനാവും.
ബജാജ് നടത്തിയ നീക്കങ്ങളുടെ ഫലമായാണ് പുതിയ സെഗ്മെന്റ് സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് മറ്റ് കാര്‍ നിര്‍മാതാക്കളെ ചൊടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പരിഗണിക്കാതെയുള്ള നടപടിയായാണ് ടാറ്റയടക്കമുള്ള വാഹനനിര്‍മാതാക്കള്‍ വിഷയത്തെ കണ്ടത്. ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിം വിഷയത്തില്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇത്തരം വാഹനങ്ങള്‍ വാണിജ്യാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വാദവും അവര്‍ മുമ്പോട്ടുവെച്ചു.
എന്നാല്‍ രാജീവ് ബജാജ് വിഷയത്തെ വളരെ ഫലപ്രദമായിത്തന്നെ നേരിടുന്നതാണ് പിന്നീട് കണ്ടത്. ക്വാഡ്രിസൈക്കിളില്‍ സഞ്ചരിക്കുന്നതിന് കുഴപ്പമില്ലെന്നും അവ വാങ്ങുന്നതാണ് കുഴപ്പമെന്നും പറയുന്നതിലെ യുക്തിയില്ലായ്മ അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് സംസാരിക്കുന്നത് വെറും സ്വാര്‍ത്ഥതയാണെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷയ്ക്ക് പകരം
ഈ വാഹനം നിലവിലുള്ള ഓട്ടോറിക്ഷയ്ക്ക് പകരം നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കിട്ടുവാന്‍ വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടിയിരിക്കുന്നു. എന്തായാലും ഓട്ടോയെക്കാള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരല്‍പം മുമ്പില്‍ തന്നെയായിരിക്കും വാഹനം എന്നു കരുതാം. 200 സിസിയുടെ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിനുണ്ടാവുക. 20 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുക.


Click it and Unblock the Notifications








