ഹ്യോസംഗ് ജിവി250 ക്രൂയിസര്‍ ഒക്ടോബറില്‍
ഹ്യോസംഗ് ജിവി 250 ഇന്ത്യന്‍ വിപണിയില്‍ ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വളരെ നേരത്തെ തന്നെ ഈ ബൈക്ക് രാജ്യത്തെത്തേണ്ടതായിരുന്നു. ഇടയ്ക്ക് ഗാര്‍വര്‍ മോട്ടോഴ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നതോടെ ഹ്യോസംഗ് ഈ ബൈക്കിന്റെ വരവ് വൈകിപ്പിക്കുകയായിരുന്നു. നിലവില്‍ ഡിഎസ്‌കെയുമായി കരാറിലെത്തിയതോടെ കുറെക്കൂടി മികച്ച സന്നാഹങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് കമ്പനിക്ക്. ഹ്യോസംഗിന്റെ മറ്റ് സൂപ്പര്‍ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി മാസ്സ് വിപണിയുള്ള ജിവി250ക്ക് മികച്ച വില്‍പനാശൃംഖല കൂടി ഒരുക്കണമായിരുന്നു.
നേരത്തെ കൈനറ്റിക് ഈ വാഹനം അക്വില എന്ന പേരില്‍ വിപണിയിലെത്തിച്ചിരുന്നു. 90കളുടെ അവസാനത്തില്‍ ഈ വാഹനം 1.7 ലക്ഷം ഓണ്‍റോഡ് വിലയില്‍ ലഭ്യമായിരുന്നു. പിന്നീട് വേണ്ടത്ര പ്രതികരണം കിട്ടാത്തതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. 21ാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടതോടെ വിപണിയുടെ സ്വഭാവം വലിയ തോതില്‍ മാറിയിരിക്കുകയാണ്.

സമാനമായ വിലയില്‍ ക്രൂയിസര്‍ സ്‌റ്റൈലിംഗിലുള്ള ബൈക്കുകള്‍ കുറവാണ് ഇന്ത്യന്‍ വിപണിയില്‍ എന്നത് ഹ്യോസംഗിന് ഒരു നല്ല തുടക്കം സമ്മാനിക്കും. ക്രൂയിസര്‍ ബൈക്കുകളോട് യുവാക്കള്‍ക്ക് വര്‍ധിച്ചുവരുന്ന താല്‍പര്യം മുതലെടുക്കാന്‍ ഹ്യോസംഗിന് സാധിക്കും.

249 സിസി ശേഷിയുള്ള ഓയില്‍ കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാണ് ഹ്യോസംഗ് ജിവി250-ക്കുള്ളത്. 10,000 ആര്‍പിഎമ്മില്‍ 25 കുതിരശക്തിയാണ് ബൈക്ക് പകരുക. 7500 ആര്‍പിഎമ്മില്‍ 22 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത് 5 സ്പീഡ് ഗിയര്‍ബോക്‌സാണ്. ചില ട്ൂണിംഗ് വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ കാണുന്നു.

170 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഉപയോഗിക്കും. 16 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കാണ് വാഹനത്തിനുള്ളത്.

1.8 ലക്ഷം എക്‌സ്‌ഷോറൂം വിലയുണ്ടായിരിക്കും ഹ്യോസംഗ് ജിവി 250 ക്രൂയിസറിന്.


Click it and Unblock the Notifications








