ടിവിഎസ് ജൂപ്പിറ്ററിന്റെ വിപണിയിടം
ടിവിഎസ് ജൂപ്പിറ്റര്‍ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ലോഞ്ച് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കടുത്ത മത്സരം നിലനില്‍ക്കുന്ന 110 സിസി സെഗ്മെന്റിലേക്ക് കടന്നുവരുന്ന ഈ സ്‌കൂട്ടര്‍ ആണുങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റും എന്ന് പ്രതീക്ഷിക്കുന്നു ടിവിഎസ്. ഹോണ്ട ആക്ടിവയോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നു പറയാം. ടിവിഎസ്സിന്റെ വീഗോ സ്‌കൂട്ടറിന് (50,000 രൂപ എക്‌സ്‌ഷോറൂം വില) താഴെയായി നിലപാടെടുക്കുന്ന ജൂപ്പിറ്റര്‍ 44,200 രൂപ എക്‌സ്‌ഷോറൂം നിരക്കില്‍ ലഭ്യമാണ്.
സ്‌റ്റൈലിന്റെ കാര്യത്തിലും വിലനിലവാരത്തിന്റെ കാര്യത്തിലുമെല്ലാം ഹോണ്ട ആക്ടിവയോട് നേരിട്ട് ഇടപെടുകയാണ് ജൂപ്പിറ്റര്‍ ചെയ്യുന്നത്.

എന്‍ജിന്‍
വീഗോയിലുപയോഗിക്കുന്ന 110 സിസി എന്‍ജിന്‍ തന്നെയാണ് ജൂപ്പിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്. 8 കുതിരശക്തിയാണ് എന്‍ജിന്‍ പകരുന്നത്. 8 എന്‍എം ചക്രവീര്യം. 109 സിസി എന്‍ജിനാണ് ഹോണ്ട ആക്ടിവയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് 7.99 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ചക്രവീര്യം 8.62 എന്‍എം.

മൈലേജ്
ജൂപ്പിറ്ററില്‍ ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു ടിവിഎസ്. ഹോണ്ട ആക്ടിവ വാഗ്ദാനം ചെയ്യുന്നത് 66.7 കിലോമീറ്റര്‍ മൈലേജാണ്. ആക്ടിവയ്ക്ക് നിരത്തില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നതായി ഉപഭോക്താക്കളുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുന്നു. ജൂപ്പിറ്ററിന്റെ നിരത്തിലെ മൈലേജ് അറിയാന്‍ ഇത്തിരി കാത്തിരിക്കേണ്ടതായി വരും.

സസ്‌പെന്‍ഷന്‍
വീഗോയില്‍ ഉപയോഗിക്കുന്ന അതേ സസ്‌പെന്‍ഷന്‍ സിസ്റ്റം തന്നെയാണ് ടിവിഎസ് ജൂപ്പിറ്ററിലും ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

പിന്നില്‍ ഹൈഡ്രോളിക് സന്നാഹത്തോടെയുള്ള സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്.

എല്‍ഇഡി ടെയ്ല്‍ ലാമ്പുകളാണ് ടിവിഎസ് ജൂപ്പിറ്ററിനുള്ളത്.

പുതിയ ട്രെന്‍ഡിനെ ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നു വാഹനത്തിന്റെ ഹെഡ്‌ലാമ്പുകള്‍.

വീഗോയുടെ അതേ 12 ഇഞ്ച് അലോയ് വീലുകള്‍ ബ്ലാക് ഫിനിഷോടു കൂടി ജൂപ്പിറ്ററിലും കാണാം.

മുമ്പില്‍ ഡിസ്‌ക് ബ്രേക്ക് അനുവദിച്ചിരിക്കുന്നു. പിന്‍ വശത്ത് ഡ്രം ബ്രേക്കാണുള്ളത്.

വീഗോയിയില്‍ കാണാത്ത ചില സവിശേഷതകള്‍ കൂടി അനുവദിച്ചിട്ടുണ്ട് ജൂപ്പിറ്ററില്‍. പാസ്സ് ലൈറ്റ്, ഇന്ധനം കുറയുന്നത് ജാഗ്രതപ്പെടുത്തുന്ന ലൈറ്റ്, ട്വിഎസ് വികസിപ്പിച്ചെടുത്ത എക്കണോമീറ്റര്‍ എന്നിവ വാഹനത്തില്‍ കാണാം.

മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന രീതിയില്‍ വാഹനം നിയന്ത്രിക്കാന്‍ ഇക്കണോമീറ്റര്‍ സഹായകമാകും. അടിയന്തിര ഘട്ടങ്ങളില്‍ ട്രാഫിക്കിലൂടെ വേഗതയില്‍ പോകുമ്പോള്‍ ഹെഡ്‌ലാമ്പുകള്‍ മിന്നിത്തെളിക്കുന്നതിന് പാസ്സ് ലൈറ്റ് സ്വിച്ച് സഹായിക്കുന്നു.

ഗ്രേ, വൈറ്റ്, റെഡ്, ബ്ലാക് എന്നീ നിറങ്ങളില്‍ ജൂപ്പിറ്റര്‍ ലഭ്യമാണ്.

വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 44,200 രൂപ.

ടിവിഎസ് സ്‌കൂട്ടിയുടെ ഒരു പുതിയ വേരിയന്റ്, സ്‌കൂട്ടി സെസ്റ്റ് എന്ന പേരില്‍ 2014 ജനുവരി 1ന് വിപണിയിലെത്തുന്ന കാര്യവും ലോഞ്ച് ചടങ്ങിനിടെ ടിവിഎസ് അറിയിച്ചു.

17 ലിറ്റർ സ്റ്റോറേജ് സൌകര്യം പ്രദാനം ചെയ്യുന്നു ടിവിഎസ് ജൂപ്പിറ്റര്‍.

ആക്ടിവയെക്കാള്‍ ശരാശരി 3000 രൂപ വിലക്കുറവിലാണ് ജൂപ്പിറ്റര്‍ വിപണിയിലിടം പിടിക്കുന്നത്. മറ്റൊരു എതിരാളിയായ ഹീറോ മെസ്‌ട്രോയെക്കാള്‍ ശരാശരി 2500 രൂപ വിലക്കുറവ് ജൂപ്പിറ്ററിനുണ്ട്. യമഹയുടെ പുതിയ മോഡലായ റേ-യെക്കാള്‍ 3000 രൂപയുടെ വ്യത്യാസം ടിവിഎസ് ജൂപ്പിറ്റര്‍ കാണിക്കുന്നു.


Click it and Unblock the Notifications








