ബജാജ് ഡിസ്‌കവര്‍ 125എം ലോഞ്ച് ചെയ്തു
ബജാജിന്റെ ഡിസ്‌കവര്‍ മോഡലിന് പുതിയൊരു വേരിയന്റു കൂടി വിപണിയിലെത്തി. ഡിസ്‌കവര്‍ 125 എം എന്നു വിളിക്കുന്ന ഈ മോഡല്‍ കഴിഞ്ഞ ദിവസം മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.
ബജാജ് ബൈക്കുകളിലെ വന്‍ വിജയം നേടിയ ഡിസ്‌കവര്‍ മോഡലുകളില്‍ 125 മോഡലിനും 125 ടി മോഡലിനും ഇടയിലാണ് ഈ വാഹനം ഇടംപിടിക്കുക.
100, 100എം, 100ടി, 125, 125ടി, 125 എസ്ടി എന്നീ വേരിയന്റുകളാണ് ബജാജ് ഡിസ്‌കവറിന് ഇപ്പോഴുള്ളത്. കാഴ്ചയില്‍ പുതിയ വേരിയന്റിന് നിലവിലുള്ളവയില്‍ നിന്ന് കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നുമില്ല.

124.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് ജിടിഎസ്-ഐ എന്‍ജിനാണ് 125എമ്മിന് കരുത്ത് പകരുക. ഇതേ എന്‍ജിന്‍ തന്നെയാണ് ഡിസ്‌കവര്‍ 125 നിര ബൈക്കുകളിലുള്ളത്.
8000 ആര്‍പിഎമ്മില്‍ 11.3 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 6000 ആര്‍പിഎമ്മില്‍ 10.8 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്.
5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്റെ കരുത്ത് ചക്രങ്ങളിലെത്തിക്കുക. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ ഡിസ്‌കവര്‍ 125 എമ്മിന് സാധിക്കും.
ബജാജ് അവകാശപ്പെടുന്നതു പ്രകാരം 125എം പകരുന്നത് ലിറ്ററിന് 76 കിലോമീറ്റര്‍ മൈലേജാണ്. ഇന്ധനടാങ്കിന്റെ ശേഷി 9.5 ലിറ്ററാണ്.
മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, കറുപ്പിച്ച 10 ആരങ്ങളുള്ള അലോയ് വീലുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ 125 എമ്മില്‍ വരും. ആവശ്യമുള്ളവര്‍ക്ക് 200 മില്ലിമീറ്റര്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ പറഞ്ഞ് ഇടീക്കാവുന്നതാണ്.
ഇലക്ട്രോണ്‍ ബ്ലൂ, വൈന്‍ റെഡ്, ചാര്‍ക്കോള്‍ ഗ്രീന്‍, സില്‍വര്‍ ബ്ലൂ, സില്‍വര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ 125എം ലഭ്യമാകും.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 48,000 രൂപയാണ് ഡിസ്‌കവര്‍ 125എമ്മിന്റെ നിരക്ക്. ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ച് കിട്ടണമെങ്കില്‍ 2000 രൂപ കൂടുതല്‍ നല്‍കണം.


Click it and Unblock the Notifications








