ഹീറോയുടെ ആറാമത്തെ പ്ലാന്റ് ആന്ധ്രയില്‍
രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് 2,200 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും. പുതിയൊരു നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനാണ് ഈ നിക്ഷേപം.
ആന്ധ്ര പ്രദേശിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുക എന്നറിയുന്നു. ഇതിനായി ആന്ധ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട് ഹീറോ.
600 ഏക്കര്‍ സ്ഥലമാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയിട്ടുള്ളത്. 1.8 ദശലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടായിരിക്കും.

ഇന്ത്യയില്‍ ഹീറോയ്ക്ക് നിലവില്‍ മൂന്ന് നിര്‍മാണ പ്ലാന്റുകളുണ്ട്. ഒരെണ്ണം ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നുമുണ്ട്.
അതേസമയം ആന്ധ്രയിലെ പ്ലാന്റ് സ്ഥാപനത്തെക്കുറിച്ച് ഹീറോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഗുജറാത്തിലും ഹീറോയ്ക്ക് പ്ലാന്റ് നിര്‍മാണ പദ്ധതിയുണ്ട്. ഈ പ്ലാന്റിന്റെ നിര്‍മാണം അടുത്തു തന്നെ തുടങ്ങുമെന്നാണറിയുന്നത്. ആന്ധ്രയില്‍ ഹീറോ നിര്‍മിക്കാന്‍ പോകുന്നത് കമ്പനിയുടെ ആറാമത്തെ പ്ലാന്റാണ്.
തിങ്കളാഴ്ച ആന്ധ്രപ്രദേശ് കാബിനറ്റ് ഹീറോയുടെ പ്ലാന്റ് സ്ഥാപനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അറിയുന്നു. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിടാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പല്ലെ രഘുനാഥ് വിസമ്മതിച്ചു.


Click it and Unblock the Notifications








