ഇന്ത്യയുടെ കാര്‍-ബൈക്ക് റേസിങ്ങിലെ ഏക പെണ്‍തരി
പടിഞ്ഞാറന്‍ നാടുകളില്‍ പോലും റേസിങ് മേഖലയില്‍ വളരെച്ചുരുക്കം സ്ത്രീസാന്നിധ്യമേയുള്ളൂ. അപ്പോള്‍ ഇന്ത്യയുടെ കാര്യം പറയേണ്ടതില്ലല്ലോ? നമ്മുടെ നാടിന്റെ സാഹചര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ആലിഷ അബ്ദുള്ള ഒരത്ഭുതമാണെന്നു പറയാം. ഇന്ത്യയുടെ ആദ്യത്തെ ദേശീയ റേസിങ് ചാമ്പ്യനാണ് ഇവര്‍.
വളരെച്ചെറുപ്പത്തിലേ റേസിങ്ങില്‍ താല്‍പര്യം മൂത്ത് വാഹനങ്ങളിലേക്ക് കയറിയതാണ് ആലിഷ. ഇവിടെ ആലിഷയുടെ സാഹസികജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു.

1989 ജൂലൈ 29നാണ് ആലിഷ ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ റേസിങ് കാറുകളിളുടെയും ബൈക്കുകളുടെയും ആരാധികയായി ഇവര്‍.

ചെന്നൈയിലാണ് ആലിഷ ജനിച്ചുവളര്‍ന്നത്. ഇപ്പോളിവര്‍ ചെന്നൈ ലയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രോഷനില്‍ പഠിക്കുകയാണ്.

ഏതൊരു റെസിങ് ഡ്രൈവറെപ്പോലെ തന്നെയായിരുന്നു ആലിഷയുടെ വളര്‍ച്ച. തുടക്കത്തില്‍ ഗോ കാര്‍ട്ടിങ് മത്സരങ്ങളില്‍ പങ്കെടുത്തു. ആദ്യത്തെ മത്സരം നടന്നത് ആലിഷയ്ക്ക് 8 വയസ്സുള്ളപ്പോഴായിരുന്നു.

എംആര്‍എഫ് നടത്തുന്ന ഗോ കാര്‍ട്ടിങ് മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടുമ്പോള്‍ ആലിഷയ്ക്ക് 13 വയസ്സായിരുന്നു.

മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള കാര്‍ റേസിങ്ങിലേക്ക് ആലിഷ ഇറങ്ങുന്നത് 2004ലാണ്. ഈ വര്‍ഷത്തില്‍ നടന്ന ജെകെ ടയര്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടി.

ഇതേ വര്‍ഷം തന്നെയാണ് ആലിഷ തന്റെ റേസിങ് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തത്. ബൈക്ക് റേസിങ്ങില്‍ ശ്രദ്ധ പതിപ്പിക്കുക എന്നതായിരുന്നു അത്. ഇതിനു പ്രധാന കാരണം സാമ്പത്തികമായിരുന്നു എന്ന് ആലിഷയുടെ പിതാവ് അബ്ദുള്ള പറയുന്നു.

ഫോര്‍മുല കാര്‍ റേസിങ് ചെലവേറിയതാണ്. ഇന്ത്യയുടെ സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാരെ കിട്ടാനും മറ്റും പ്രയാസമാണ്. താരതമ്യേന ചെലവു കുറഞ്ഞ ബൈക്ക് റേസിങ്ങില്‍ ശ്രദ്ധ പചിപ്പിക്കാന്‍ ആലിഷ തീരുമാനിക്കുകയായിരുന്നു.

ഒരു പ്രഫഷണല്‍ റേസറായിരുന്ന പിതാവിന്റെ കീഴില്‍തന്നെയാണ് ആലിഷ പഠിച്ചുവളര്‍ന്നത്. ഇദ്ദേഹം ഏഴുതവണ നാഷണല്‍ ചാമ്പ്യനായിരുന്നിട്ടുണ്ട്.

ചെന്നൈയിലെ ഇരുങ്കാട്ടുകൊട്ടൈയിലെ റേസിങ് സര്‍ക്യൂട്ടിലായിരുന്നു ആലിഷയുടെ ബൈക്ക് റേസിങ് അരങ്ങേറ്റം. ഈ മേഖലയിലെ ആദ്യത്തെ സ്ത്രീസാന്നിധ്യം എന്ന നിലയില്‍ വലിയ മാധ്യമശ്രദ്ധ ആലിഷയ്ക്ക് ലഭിക്കുകയുണ്ടായി. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഇപ്പോഴും ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് റേസിങ് മേഖലയില്‍ സ്ത്രീകളാരും തന്നെയില്ല എന്നത് ആലിഷയുടെ പ്രാധാന്യം വീണ്ടും വര്‍ധിപ്പിക്കുന്നു.

ബൈക്ക് റേസിങ്ങില്‍ അച്ചടക്കത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുപ്പ്ം മുതല്‍ ആലിഷയുടെ പിതാവ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവരുന്നു. തന്റെ ജീവിതത്തില്‍ റോള്‍മോഡല്‍ പിതാവ് തന്നെയാണെന്ന് ആലിഷ പറയുന്നു.

ഏഷ്യാ ലെവലിലുള്ള കാര്‍ റേസിങ് മത്സരങ്ങള്‍ക്ക് പോകുന്ന ആദ്യത്തെ ഇന്ത്യാക്കാരിയാണ് ആലിഷ. ഏഷ്യാ ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ ഏഷ്യയിലെ 18 സ്ത്രീ റേസര്‍മാരുമായാണ് ഏറ്റുമുട്ടിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഫിഫ്ത് പൊസിഷനിലെത്താന്‍ ആലിഷയ്ക്ക് സാധിച്ചു.

2015ലെ 24 അവേഴ്‌സ് എന്‍ഡ്യൂറന്‍സ് റേസിലും ആലിഷ പങ്കെടുക്കുകയുണ്ടായി. എന്‍ഡ്യൂറന്‍സ് റേസിങ്ങില്‍ വലിയ അനുഭവസമ്പത്തുള്ള ലോകോത്തര താരങ്ങള്‍ പങ്കെടുക്കുന്ന ദുബൈ എന്‍ഡ്യൂറന്‍സില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സ്ത്രീ എന്ന ബഹുമതിയും ആലിഷയ്ക്കു തന്നെ.

കാര്‍ റേസിങ്ങിലും ബൈക്ക് റേസിങ്ങിലും ബോഡി ഫിറ്റ്‌നെസ്സിന് വലിയ പ്രാധാന്യമുണ്ട്. ബൈക്ക് റേസിങ്ങിലാണ് ഇതിന് പ്രാധാന്യം ഏറെ. ഒരു ചെറിയ പനി പോലും ട്രാക്കില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. അത്രമാത്രം ഫിറ്റ്‌നെസ്സ് കാത്തുസൂക്ഷിക്കുക എന്നത് ഒരു ഘട്ടത്തിലും തനിക്ക് പ്രയാസമായിരുന്നില്ലെന്ന് ആലിഷ പറയുന്നു.

അപകടങ്ങള്‍ റേസിങ്ങിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമാണ്. 2012ലാണ് ആലിഷ ആദ്യമായി ഒരു അപകടത്തില്‍ പെടുന്നത്. സൂപ്പര്‍ബൈക്ക് 600 സിസി മത്സരത്തില്‍ വെച്ചായിരുന്നു ഇത്. 210 കിലോ ഭാരമുള്ള ബൈക്ക് സ്വന്തം ദേഹത്തു വീണ് സാരമായ പരുക്കേറ്റു ആലിഷയ്ക്ക്.

വലിയ പരിക്കുകളേറ്റുവെങ്കിലും ആലിഷ വന്‍ തിരിച്ചുവരവു തന്നെ നടത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും റേസിങ് മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങാറാണ് പതിവ്. പിന്നീട് നാല് വര്‍ഷത്തോളം കാര്‍ റേസിങ്ങിലാണ് ആലിഷ ശ്രദ്ധിച്ചത്. നിരവധി മത്സരങ്ങളില്‍ ആലിഷ വിജയം കൈവരിച്ചു. പിന്നീട് ബൈക്ക് റേസിങ്ങിനാവശ്യമായ ഫിറ്റ്‌നെസ്സ് വീണ്ടെടുത്ത് തിരിച്ചെത്തി.

അപകടത്തിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്തിരിയാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആലിഷ വഴങ്ങുകയുണ്ടായില്ല. പെണ്ണാണ്, വീട്ടിലിരിക്കേണ്ടവളാണ് എന്നൊക്കെയായിരുന്നു ഉപദേശം. ഇതിനൊന്നും ചെവികൊടുക്കാന്‍ ആലിഷയ്ക്ക് സാധിക്കുമായിരുന്നില്ല.

എന്നാല്‍ അമ്മയും അച്ഛനും ഇവിടെയും ആലിഷയ്ക്ക് പിന്തുണയുമായെത്തി. ആലിഷ നല്ല റേസറാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു.

ദിവസവും അഞ്ച് മണിക്കൂറാണ് ആലിഷ പ്രാക്ടീസ് ചെയ്യുന്നത്. എത്ര സമയം പരിശീലനത്തിനായി നീക്കുവെക്കുന്നുവോ അത്രയും മികവുറ്റ ഒരു റേസറായി നിങ്ങള്‍ മാറും എന്നാണ് ആലിഷയ്ക്ക് പറയാനുള്ളത്.

കഴുത്തിനും ഇടുപ്പിനും കരുത്ത് നല്‍കുന്ന തരം വ്യായാമങ്ങളാണ് ആലിഷ ഏറെയും ചെയ്യുക. ഇത് കാര്‍ റേസിങ്ങിലും ബൈക്ക് റേസിങ്ങിലും ഏറ്റവും ഫിറ്റായിരിക്കേണ്ട ഭാഗങ്ങളാണ്.

ബൈക്കിനെക്കാള്‍ ചെലവ് വരും പലപ്പോഴും റേസിങ്ങിനായി ഉപയോഗിക്കുന്ന സ്യൂട്ടുകള്‍ക്കും മറ്റ് സുരക്ഷാ ഉപാധികള്‍ക്കുമെല്ലാം. ജീവനാണല്ലോ മറ്റെന്തിനെക്കാള്‍ വിലപ്പിടിപ്പുള്ളത്! ഈ ചെലവെല്ലാം വഹിക്കുക എന്നത് വലിയൊരു പ്രശ്‌നമാണ്.

ഇപ്പോള്‍ റേസിങ് താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാനായി ഒരു റേസിങ് അക്കാദമി തുടങ്ങിയിട്ടുണ്ട് ആലിഷ. നിരവധി പെണ്‍കുട്ടികള്‍ റേസിങ് താല്‍പര്യവുമായി മുമ്പോട്ടു വരുന്നുണ്ടെന്ന് ആലിഷ പറയുന്നു.

ടെന്നിസ്സിലും ക്രിക്കറ്റിലുമെല്ലാം നിരവധി പെണ്‍കുട്ടികള്‍ മത്സരത്തിനുണ്ട്. എന്തുകൊണ്ട് കാര്‍-ബൈക്ക് റേസിങ്ങുകളില്‍ കൂടുതല്‍ ആലിഷ അബ്ദുള്ളമാര്‍ ഉണ്ടായിക്കൂടാ എന്നാണ് ആലിഷ ചോദിക്കുന്നത്.

ഒന്നുരണ്ട് സിനിമകളിലും ആലിഷ മുഖം കാണിച്ചിട്ടുമ്ട്. 2014ല്‍ പുറത്തിറങ്ങിയ ഇരുമ്പുകുതിരൈ എന്ന പടത്തില്‍ ഗസ്റ്റ് റോളിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു ബൈക്ക് റേസറായിട്ടായിരുന്നു ആലിഷയുടെ രംഗപ്രവേശം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുവരുന്ന സെയ്ത്താന്‍ എന്ന തമിഴ് പടത്തിലും ആലിഷയുണ്ട്.

റേസിങ് നേട്ടങ്ങള്‍
ജെകെ ടയര്‍ നാഷണഅല്‍ സൂപ്പര്‍ബൈക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. പുരുഷന്മാര്‍ അടങ്ങിയ താരങ്ങളുമായി മത്സരിച്ചായിരുന്നു ഈ നേട്ടം. ഫോക്‌സ്‌വാഗണ്‍ പോളോ കപ്പ് 2012ല്‍ എട്ടാസ്ഥാനത്ത് ഫിനിഷ് ചെയ്തു. 2011ലെ ഫോക്‌സ്‌വാഗണ്‍ പോളോ ചാമ്പ്യന്‍ഷിപ്പിലും എട്ടാമതായി ഫിനിഷ് ചെയ്തു. ഈ സീസണില്‍ ഒരു പോഡിയം ഫിനിഷും ആലിയയ്ക്കുണ്ട്.


Click it and Unblock the Notifications








