ബജാജ് പൾസർ 200എൻഎസ് പിൻവലിയുന്നു?
ബജാജിന്റെ പൾസർ 200എൻഎസ് നെയ്ക്കഡ് ബൈക്ക് മോഡൽ വിപണിയിൽ നിന്ന് പിൻവലിയുമെന്ന് വാർത്ത. ഇതിനുപകരം പൾസർ 180 എൻഎസ് പതിപ്പ് വിപണിയിലെത്തിക്കാനാണ് ആലോചന എന്ന് കേൾക്കുന്നു.
പൾസർ 200എൻഎസ് യഥാർത്ഥത്തിൽ ബജാജിന് ഇടക്കാലത്ത് സംഭവിച്ച വലിയ പരിവർത്തനത്തിന്റെ ആദ്യ അടയാളമാണ്. കെടിഎമ്മിൽ നിന്നുള്ള എൻജിൻ ഘടിപ്പിച്ചാണ് ഈ വാഹനം എത്തിയത്.

ഈ പിൻവലിയലിനു കാരണം തികച്ചും നയപരമാണ്. ഈയിടെ വിപണിയിലെത്തിയ എഎസ്200 മോഡലിലേക്ക് ഉപഭോക്താക്കളെ നയിക്കുകയാണ് ബജാജിന്റെ ലക്ഷ്യം. ഈ രണ്ട് ബൈക്കുകളുടെ ഒരേ എൻജിനും പ്ലാറ്റ്ഫോമും പങ്കിടുന്നവയാണ്. നിരവധി ഘടകഭാഗങ്ങളും സമാനമാണ്. 200എൻഎസ്സിനെ നിലനിർത്തുന്നത് ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നതിനാണ് കൂടുതൽ സഹായകമാവുക എന്ന് കമ്പനി ചിന്തിക്കുന്നു.
200എൻഎസ് മോഡലിന്റെ ഉൽപാദനം ഇതിനകം തന്നെ നിറുത്തിവെച്ചതായാണ് അറിയുന്നത്. പൂനെയിലെ ഛക്കൻ പ്ലാന്റിലാണ് ഈ വാഹനം ഉൽപാദിപ്പിക്കുന്നത്.
199.5 ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുള്ളത്. 23.19 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ടോർക്ക് 18.3 എൻഎം. ഒരു 6 സ്പീഡ് ഗിയർബോക്സാണ് എൻജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications