ഡാകാര്‍ റാലിയില്‍ വന്‍ അട്ടിമറി!
ഡാകാര്‍ റാലിയുടെ എട്ടാം സ്‌റ്റേജ് മത്സരങ്ങള്‍ സംഭവബഹുലമായിരുന്നു. തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള്‍ കഴിഞ്ഞദിവസം നടന്നു. ഇന്ത്യാക്കാര്‍ക്കും സന്തോഷിക്കാനുള്ള ചിലത് ബാക്കിവെച്ചിട്ടാണ് ദിവസം കടന്നുപോയത്.
ആദ്യറാങ്കിങ്ങില്‍ നടന്ന വന്‍ അട്ടിമറിയാണ് എട്ടാംസ്‌റ്റേജില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. തുടര്‍ച്ചയായി ഏഴുദിവസം ഒന്നാംസ്ഥാനത്തു നിന്നിരുന്ന സ്‌പെയിന്‍ റൈഡര്‍ ബറെഡ ബോര്‍ട്ട് 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന കോമ എട്ടാംസ്റ്റേജില്‍ രണ്ടാമതാണ് ഫിനിഷ് ചെയ്തതെങ്കിലും ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുണ്ട്.
ഇതുവരെയുള്ള ദൂരെ പിന്നിടാന്‍ കോമ എടുത്തിരിക്കുന്ന സമയം 28മണിക്കൂര്‍ 51 മിനിട്ട് 12 സെക്കന്‍ഡാണ്. ബറെഡ ബോര്‍ട്ട് ആകെടെയുത്ത സമയം 33 മണിക്കൂര്‍ 02 മിനിട്ട് 50 സെക്കന്‍ഡാണെന്നറിയുന്നു. ആദ്യസ്ഥാനക്കാരനുമായി നാല് മണിക്കൂറിലധികം വ്യത്യാസത്തില്‍ നില്‍ക്കുന്ന ബറെഡയ്ക്ക് ഇനി ഒന്നാമതെത്താന്‍ സാധിക്കുക ദുഷ്‌കരമാണ്.
എട്ടാം സ്‌റ്റേജില്‍ സംഭവിച്ച ഒരു അപകടമാണ് ബറെഡയ്ക്ക് വിനയായത്. അപകടത്തില്‍ അദ്ദേഹത്തിന്റെ ഹോണ്ട ബൈക്കിന്റെ ഇടതുവശത്തെ ഹാന്‍ഡില്‍ബാര്‍ തകര്‍ന്നു. ഒരുവശത്തെ ഹാന്‍ഡില്‍ബാര്‍ മാത്രം വെച്ചാണ് ഇദ്ദേഹം പിന്നീട് യാത്ര തുടര്‍ന്നത്.

718 കിലോമീറ്ററാണ് ആകെ പിന്നിടേണ്ടിയിരുന്നത്. എട്ടാം സ്റ്റേജ് കുറെക്കൂടി ദുഷ്‌കരമായിരുന്നു. പുറമെനിന്നുള്ള സഹായമില്ലാതെ വേണം റൈഡര്‍ ലക്ഷ്യസ്ഥാനത്തെത്തേണ്ടിയിരുന്നത്.
ഡാകാര്‍ റാലിയില്‍ ഇന്ത്യന്‍ റൈഡര്‍ സിഎസ് സന്തോഷിന്റെ വന്‍ മുന്നേറ്റം കണ്ട ദിവസമായിരുന്നു ഇന്നലെ. എട്ടാംസ്‌റ്റേജ് റാലി അവസാനിച്ചതോടെ ആകെ റാങ്കിങ്ങില്‍ സിഎസ് സന്തോഷ് 42ാം സ്ഥാനത്തെത്തി.


Click it and Unblock the Notifications








