ഡാകാര്‍ അവസാനദിനം ഇന്ന്; സന്തോഷ് മുന്നേറുന്നു
ഡാകാര്‍ റാലിയുടെ അവസാനദിനമാണിന്ന്. റൈഡര്‍മാര്‍ക്ക് തങ്ങളുടെ റാങ്ക്‌നില മെച്ചപ്പെടുത്താനുള്ള അവസാന അവസരമായതിനാല്‍ ഇന്നത്തെ മത്സരം ഏറെ കടുത്തതായിരിക്കും.
കഴിഞ്ഞദിവസം നടന്ന റാലിയില്‍ ഇന്ത്യയുടെ സിഎസ് സന്തോഷ് മുപ്പതാമത് ഫിനിഷ് ചെയ്തു. ആകെ റാങ്കിങ്ങില്‍ മുന്‍ദിവസത്തെ അതേ സ്ഥാനം, 36ാം റാങ്ക് നിലനിര്‍ത്താന്‍ സിഎസ് സന്തോഷിന് സാധിച്ചിട്ടുണ്ട്.
ഒന്നാംസ്ഥാനത്ത് തുടരുന്നത് സ്‌പെയിന്‍ താരം മാര്‍ക് കോമയാണ്. രണ്ടാംസ്ഥാനത്ത് ഹോണ്ട ബൈക്കുമായെത്തിയ പൗലോ ഗോണ്‍സാല്‍വസ് നില്‍ക്കുന്നു. ഇന്നത്തെ മത്സരം തികച്ചുനിര്‍ണായകമാണ് ആദ്യസ്ഥാനക്കാര്‍ക്ക്.

ആദ്യത്തെ 20 റാങ്കുകളില്‍ എത്തിപ്പറ്റാനായിരുന്നു സിഎസ് സന്തോഷ് ശ്രമിച്ചിരുന്നത്. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച ഡാകാര്‍ റാലിയില്‍ ആദ്യമായി പങ്കെടുക്കുന്നയാളെന്ന നിലയിക്ക് വളരെ ശ്രദ്ധിച്ചായിരുന്നു സന്തോഷിന്റെ ഓരോ മുന്നേറ്റവും. ഏറ്റവും വേഗത്തില്‍ പോകുന്നതിനെക്കാള്‍ ഏറ്റവും ബുദ്ധിപൂര്‍വം മറികടക്കുന്നതിനാണ് സന്തോഷ് ശ്രമിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. രാജ്യത്തുനിന്ന് ആദ്യമായി ഡാകാറില്‍ പങ്കെടുക്കുന്നയാളെന്ന നിലയ്ക്ക് അതിന്റെ സമ്മര്‍ദ്ദവും സന്തോഷിലുണ്ട്. ഡാകാറില്‍ ഉടനീളം പങ്കെടുത്ത് സ്‌പോണ്‍സര്‍മാരോട് നീതി പുലര്‍ത്തേണ്ടത് ഇപ്പോള്‍ ഒരാവശ്യമാണ്. സാഹസങ്ങള്‍ക്ക് ഇനിയും സമയം ബാക്കി കിടപ്പുണ്ട് സന്തോഷിനു മുമ്പില്‍.
അടുത്ത സീസണില്‍ ആദ്യസ്ഥാനത്ത് സന്തോഷ് എത്തുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പ്രകടനം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരില്‍ അതൊരിക്കലും അത്ഭുതമുണ്ടാക്കില്ല!


Click it and Unblock the Notifications








