ലോകത്തിലെ വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍
ആദ്യകാലങ്ങളില്‍ നമ്മുടെ നൂറു മീറ്റര്‍ ഓട്ടം പോലെയായിരുന്നു മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍ നടന്നിരുന്നത്. ഏറ്റവും വേഗത്തിലോടിച്ച് ആദ്യമെത്തുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടും. ഒട്ടും സങ്കീര്‍ണതയില്ല. കുഴപ്പിക്കുന്ന നിയമാവലികളില്ല. വലിയ സുരക്ഷാ സംവിധാനങ്ങളില്ല. അങ്ങനെ, റേസിങ്ങില്‍ ഇന്ന് നാം കാണുന്ന പ്രധാനപ്പെട്ട സംഗതികളൊന്നുമില്ല.
പരിണാമത്തിന്റെ വഴികളില്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് പലവഴികളായി പിരിഞ്ഞുകൊണ്ടിരുന്നു. വിവിധ ശേഷിയുള്ള എന്‍ജിനുകളെ ആധാരമാക്കി, മത്സരം നടത്തുന്ന പ്രതലത്തെ ആധാരമാക്കിയെല്ലാം നിരവധിതരം റേസിങ്ങുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു.
റേസിങ് മാത്രം ലക്ഷ്യമാക്കിയുള്ള മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും ഈ മേഖലയില്‍ പ്രഫഷണലുകള്‍ നിറഞ്ഞതുമെല്ലാം റേസിങ്ങില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകളെ പരിചയപ്പെടുത്തുകയാണ്.

താളുകളിലൂടെ നീങ്ങുക.

01. മോട്ടോര്‍സൈക്കിള്‍ ഗ്രാന്‍ഡ് പ്രീ (മോട്ടോജിപി)
മോട്ടോര്‍സൈക്കിള്‍ റേസിങ് എന്നാല്‍ മിക്കവര്‍ക്കും മനസ്സിലെത്താനിടയുള്ള ചിത്രങ്ങള്‍ മോട്ടോജിപിയില്‍ നിന്നുള്ളവയായിരിക്കും. ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റേസിങ്ങാണിത്. ഈ റേസിങ്ങിലുപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ റോഡിലിറക്കാന്‍ അനുവാദമുള്ളവയല്ല എന്നറിയുക. ഇവയ്ക്ക് വന്‍തോതിലുള്ള ഉല്‍പാദനവും ഇല്ല. ട്രാക്ക് ഉപയോഗത്തിനു വേണ്ടി മാത്രം നിര്‍മിക്കുന്ന വാഹനങ്ങളാണിവ.
മോട്ടോജിപിയില്‍ ഉപയോഗിക്കുന്നത് 1000 സിസി ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച ബൈക്കുകളാണ്. മോട്ടോ2 റേസിങ്ങില്‍ 600 സിസി എന്‍ജിനുകളും മോട്ടോ3 റേസിങ്ങില്‍ 250 സിസി എന്‍ജിനുകളും ഉപയോഗിക്കുന്നു.

02. സൂപ്പര്‍ബൈക്ക് റേസിങ്
ബൈക്ക് നിര്‍മാതാക്കള്‍ ഏറെ താല്‍പര്യം കാണിക്കുന്ന റേസിങ്ങുകളിലൊന്നാണിത്. ബൈക്കുകളുടെ ഉല്‍പാദനപ്പതിപ്പുകളാണ് ഈ മത്സരങ്ങളില്‍ ഉപയോഗിക്കുക. തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ പറ്റിയ ഇടം എന്ന നിലയിലാണ് കമ്പനികള്‍ സൂപ്പര്‍ബൈക്ക് റേസിങ് ഇവന്റുകളെ കാണുന്നത്.
ഉല്‍പാദനപ്പതിപ്പുകളാണെങ്കിലും വലിയതോതില്‍ മോഡിഫൈ ചെയ്യപ്പെട്ടിരിക്കും ഇവ. ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകള്‍ മാത്രമാണ് ഇത്തരം റേസിങ്ങുകളില്‍ ഉപയോഗിക്കുക. ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളാണെങ്കില്‍ 750നും 1000നും ഇടയില്‍ സിസി ശേഷിയുള്ളവയായിരിക്കും. ട്വിന്‍ സിലിണ്ടറുകള്‍ 800സിസിക്കും 1200സിസിക്കും ഇടയില്‍ ശേഷിയുള്ളവയും.

03. സൂപ്പര്‍ സ്‌പോര്‍ട് റേസിങ്
ഈ റേസിങ്ങിലും വന്‍തോതില്‍ മോഡിഫൈ ചെയ്ത ഉല്‍പാദനമോഡലുകളാണ് ഉപയോഗിക്കുക. എന്നാല്‍, എന്‍ജിന്‍ ശേഷി 400സിസിക്കും 750സിസിക്കും ഇടയിലായിരിക്കും. ഇത് സിലിണ്ടര്‍ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. സൂപ്പര്‍ബൈക്ക് റേസിങ്ങിനെ അപേക്ഷിച്ച് നിയമാവലികള്‍ കൂടുതല്‍ കര്‍ശനമാണിവിടെ.

04. മോട്ടോ ക്രോസ് (എംഎക്‌സ്)
ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യുന്ന അതേ പണി! ഇവ അരങ്ങേറുന്നത് മണ്ണുകൊണ്ട് പ്രത്യേകമായി നിര്‍മിച്ച ട്രാക്കിലാണ്. ഇത്തരം റേസുകള്‍ ഏത് കാലാവസ്ഥയിലും സംഘടിപ്പിക്കാമെന്നതിനാല്‍ വന്‍തോതിലുള്ള പ്രചാരമുണ്ട്. കെടിഎം, ഹോണ്ട, യമഹ, കാവസാക്കി, സുസൂക്കി എന്നീ ബൈക്ക്‌നിര്‍മാതാക്കള്‍ മോട്ടോക്രോസ് മത്സരങ്ങളില്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. നമ്മുടെ ടിവിഎസ്സിനും ഈ മേഖലയില്‍ താല്‍പര്യമുണ്ട്.

05. സൂപ്പര്‍ക്രോസ്സ് (എസ്എക്‌സ്)
സൂപ്പര്‍ക്രോസ്സ് മത്സരങ്ങള്‍ക്ക് മോട്ടോക്രോസ്സുമായി ചില സാമ്യങ്ങള്‍ കാണാം. റേസിങ് നടക്കുന്ന ട്രാക്കിന്റെ കാര്യത്തിലും മറ്റും. എന്നാല്‍ സൂപ്പര്‍ക്രോസ്സ് ട്രാക്ക് കൂടുതലും ബൈക്കിനെ ചാടിക്കുവാന്‍ സന്നാഹപ്പെട്ടിരിക്കും. മോട്ടോക്രോസ്സില്‍ താരതമ്യേന നിരപ്പായ ഇടം കൂടുതല്‍ കാണാം. സൂപ്പര്‍ക്രോസ് ബൈക്കുകള്‍ക്കും വ്യത്യാസമുണ്ട്. ഇവയ്ക്ക് സ്‌പെന്‍ഷന്‍ ട്രാവല്‍ കൂടുതലായിരിക്കും. ഭാരവും കുറവാണ്.

06. ട്രൂ റോഡ് റേസിങ്
പൊതുറോഡുകളില്‍ നടത്തുന്ന റേസുകളാണ് ട്രൂ റോഡ് റേസിങ് എന്നറിയപ്പെടുന്നത്. റേസിങ് നടക്കുമ്പോള്‍ പാതയില്‍ മറ്റു വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ല. ഈയിനത്തില്‍ ഐല്‍ ഓഫ് മാന്‍ ടിടി റേസിങ് പ്രസിദ്ധമാണ്. നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ ഇടങ്ങളില്‍ ഇത്തരത്തില്‍പെട്ട നിരവധി റേസിങ്ങുകള്‍ നടക്കാറുണ്ട്.

07. എന്‍ഡ്യൂറന്‍സ് റേസിങ്
റൈഡറുടെ കായികക്ഷമതയും ബൈക്കിന്റെ ശേഷിയും പ്രധാനമാണ് എന്‍ഡ്യൂറന്‍സ് റേസിങ്ങില്‍. യഥാര്‍ത്ഥത്തില്‍ ഇവതന്നെയാണ് ടെസ്റ്റ് ചെയ്യപ്പെടുന്നതും. ഒരു നിശ്ചിത ദൂരം മറികടക്കാനാണ് റൈഡര്‍മാരോടാവശ്യപ്പെടുക. ചിത്രത്തില്‍ കാണുന്നതുപോലുള്ള ഇടങ്ങള്‍ നിര്‍മിച്ചെടുത്താണ് ഇത്തരം റേസുകള്‍ നടത്തുന്നത്. എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ഒരുദാഹരണമാണ് ഹെയര്‍ സ്‌ക്രാമ്പിള്‍.

08. സൂപ്പര്‍മോട്ടോ
മോട്ടോക്രോസ്സില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരുനം റേസിങ്ങാണ് സൂപ്പര്‍മോട്ടോ. മോട്ടോക്രോസ്സില്‍നിന്നും വ്യത്യസ്തമായി ഇവ നടത്തപ്പെടുന്നത് ടാര്‍മാക്, ഡര്‍ട്ട് പ്രതലങ്ങളിലാണ്. മോട്ടോക്രോസ്സ് ഡിസൈന്‍ ശൈലി തന്നെയാണ് ബൈക്കുകള്‍ക്കുണ്ടാവുക. പക്ഷേ, ടയറുകള്‍ ടാര്‍മാക് പ്രതലത്തിന് യോജിച്ചതായിരിക്കും. വാഹനം, കോര്‍ണറുകളില്‍ ഡ്രിഫ്റ്റ് ചെയ്‌തെടുക്കുകയാണ് ചെയ്യുക.

09. ക്രോസ്സ് കണ്‍ട്രി റാലി റേസിങ്
ബങ്കളുരുകാരന്‍ സിഎസ് സന്തോഷിന്റെ ഡാകാര്‍ റാലി പ്രകടനങ്ങളെക്കുറിച്ച് നമ്മള്‍ വായിച്ചറി#്ഞിട്ടുണ്ട്. ഡാകാര്‍ റാലി ഒരു ക്രോസ് കണ്‍ട്രി മത്സരമാണ്. ആയിരക്കണണക്കിന് കിലോമീറ്ററുകളാണ് റൈഡര്‍മാര്‍ താണ്ടുക. ഡാകാര്‍ റാലിയില്‍ 9000 കിലോമീറ്ററാണ് പതിമൂന്ന് ദിവസംകൊണ്ട് സിഎസ് സന്തോഷ് മറികടന്നത്. പല രാജ്യങ്ങളിലൂടെയായിരിക്കും പലപ്പോഴും ഇത്തരം റാലികള്‍ നടക്കുക.

10. സ്പീഡ്‌വേ റേസിങ്
ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മിച്ച ഡര്‍ട്ട് ട്രാക്കിലാണ് സ്പീഡ്‌വേ റേസിങ് നടക്കുക. ആറ് റൈഡര്‍മാര്‍ വരെ ഒരേസമയം മത്സരിക്കുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒരു ഗിയര്‍ മാത്രമാണുണ്ടാവുക. ബ്രേക്കില്ല! കോര്‍ണര്‍ ചെയ്തുപോകാന്‍ സ്വന്തം തടിയെത്തന്നെ ആശ്രയിക്കണം. നിറുത്തുവാനും ഇതാണ് വഴി!

11. ട്രയല്‍സ് റേസിങ്
യുകെയിലും സ്‌പെയിനിലും വലിയ പ്രചാരമുള്ള റേസിങ് ശൈലിയാണിത്. വേഗതയ്ക്ക് ഈ റേസിങ്ങില്‍ യാതൊരു പ്രാധാന്യവുമില്ല. മരത്തടികളും മറ്റും കൂട്ടിയിട്ട് അതിനുമുകളിലൂടെ ബൈക്കോടിക്കുകയാണ് വേണ്ട്. കാല്‍ നിലത്തുകുത്താന്‍ പാടില്ല. വളരെ ഭാരം കുറഞ്ഞവയാണ് ട്രയല്‍ റേസിങ് മോട്ടോര്‍സൈക്കിളുകള്‍. ഇവയ്ക്ക് സീറ്റ് ഘടിപ്പിക്കില്ല. വളരെക്കുറഞ്ഞ സസ്‌പെന്‍ഷന്‍ ട്രാവല്‍ മാത്രമേ ട്രയല്‍ റേസിങ് ബൈക്കുകള്‍ക്കുണ്ടാകൂ.

12. ഡ്രാഗ് റേസിങ്
വേഗത ഒന്നുമാത്രമാണ് മന്ത്രം. നാനൂറ് മീറ്റര്‍ ട്രാക്കിലാണ് മത്സരം നടക്കുക. കൊടിയ കരുത്തുള്ള മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നു. വന്‍തോതില്‍ മോഡിഫൈ ചെയ്തവയായിരിക്കും ഇവ. ആയിരത്തഞ്ഞൂറിലധികം കുതിരശക്തി ഇവ ഉല്‍പാദിപ്പിക്കും. വെറും അഞ്ചില്‍ താഴെ സെക്കന്‍ഡുകള്‍ കൊണ്ട് റേസ് പൂര്‍ത്തിയാക്കും ഈ ബൈക്കുകള്‍. ഡ്രാഗ് റേസിങ് ബൈക്കുകളില്‍ പലതിലും നിട്രോ മീതെന്‍ ആയിരിക്കും ഇന്ധനമായി ഉപയോഗിക്കുക.

13. ഹില്‍ ക്ലൈമ്പ്
കുത്തനെയുള്ള കുന്ന് കയറുന്നതാണ് മോട്ടോര്‍സൈക്കിള്‍ ഹില്‍ ക്ലൈമ്പ് മത്സരങ്ങളില്‍ നടക്കുക. വന്‍തോതില്‍ മോഡിഫൈ ചെയ്ത ഡര്‍ട്ട് ബൈക്കുകളാണ് ഇതിനുപയോഗിക്കുക. ഏറ്റവും വേഗത്തില്‍ കുന്ന് കീഴടക്കുന്നയാളാണ് വിജയി. നിട്രോ മീതേന്‍ ഇന്ധനത്തിലോടുന്നവയായിരിക്കും പല എന്‍ജിനുകളും.

14. ഫ്രീസ്റ്റൈല്‍ മോട്ടോക്രോസ്
മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകളാണ് ഈ മത്സരത്തില്‍ നടക്കുക. ഒരുപ ജഡ്ജിങ് പാനല്‍ ഇവയെ വിലയിരുത്തുന്നു. മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് വായുവില്‍ ഉയര്‍ന്നുപൊങ്ങിയും മറ്റും നടത്തുന്ന പ്രകടനങ്ങളെ വിലയിരുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക.

15. മോട്ടോര്‍സൈക്കിള്‍ ജിംഖാന
ഈ മോട്ടോര്‍സൈക്കിള്‍ സ്‌പോര്‍ടില്‍ കൂടിയ വേഗതയ്ക്ക് പ്രാധാന്യമില്ല. ഒരു മൈതാനത്തില്‍ ട്രാഫിക് കോണുകളും മറ്റും വെച്ച് ക്രമീകരിച്ചിട്ടുള്ള വഴികളിലൂടെ ബൈക്ക് വളച്ചും ഒടിച്ചും കളിക്കുന്നു റൈഡര്‍മാര്‍. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും വേഗത്തില്‍ ഈ പണി ചെയ്തുതീര്‍ക്കുന്നയാള്‍ വിജയിയാകുന്നു.

16. പോക്കറ്റ് ബൈക്ക് റേസിങ്
ജപ്പാനില്‍ ഏറെ പ്രചാരമുള്ള റേസിങ്ങാണിത്. വലിപ്പം കുറഞ്ഞ മോട്ടോര്‍സൈക്കിളുകളാണ് ഇതില്‍ ഉപയോഗിക്കുക. 40-50 സിസി ശേഷിയുള്ളവയായിരിക്കും ഇവ.മണിക്കൂറില്‍ പരമാവധി 126 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുള്ള ഈ ബൈക്കുകളുപയോഗിച്ചുവേണം റൈഡര്‍മാര്‍ മത്സരിക്കാന്‍.


Click it and Unblock the Notifications








