ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണും; ഹീറോ മോട്ടോകോര്‍പും, ടിവിഎസും പിന്‍മാറി
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഒരുങ്ങുന്നു. 1.67 ബില്ല്യൺ ഡോളറാകും ഡ്യുക്കാറ്റിയിന്മേലുള്ള ലേലത്തുക.

മില്‍വൊക്കി ആസ്ഥാനമായുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യുക്കാറ്റിയെ സ്വന്തമാക്കുന്നതിനായി ഗോള്‍ഡ്മാന്‍ സാക്‌സിന്റെ സഹായം തേടിയിരിക്കുകയാണ്. 2017 ജൂലായ് മാസത്തോടെ ഡ്യുക്കാറ്റിയിന്മേലുള്ള കരാര്‍ ലേലം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപ സ്ഥാപനമായ എവര്‍കോറുമായുള്ള സംയുക്ത പങ്കാളിത്വത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ഡ്യുക്കാറ്റിയെ വില്‍ക്കാന്‍ ശ്രമിക്കുന്നത്.

ഹാര്‍ലി ഡേവിഡ്‌സണിന് പുറമെ സ്വകാര്യ ഓഹരി ഫണ്ടുകളായ കെകെആര്‍, ബെയിന്‍ ക്യാപിറ്റല്‍, പെര്‍മീര എന്നിവരും ഡ്യൂക്കാറ്റിയെ നേടിയെടുക്കുന്നതിനായി രംഗത്തുണ്ട്.

ഡ്യുക്കാറ്റിയുടെ വില്‍പന സംബന്ധിച്ച് വന്‍കിട കമ്പനികള്‍ക്ക് എവര്‍കോര്‍ അറിയിപ്പ് നല്‍കി കഴിഞ്ഞു. ഡ്യുക്കാറ്റിയുടെ മുന്‍ ഉടമ, ഇന്‍വെസ്റ്റ് ഇന്‍ഡസ്ട്രിയലും മത്സര രംഗത്തുണ്ട്.

ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും റോയല്‍ എന്‍ഫീല്‍ഡും ഇറ്റാലിയന്‍ കമ്പനിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഡ്യൂക്കാറ്റിയുടെ വില്‍പനയിലൂടെ 1.5 ബില്ല്യണ്‍ യൂറോയാകും ഫോക്‌സ്‌വാഗണിന് ലഭിക്കുക.

അതേസമയം, ഡ്യുക്കാറ്റിയിന്മേലുള്ള ലേലത്തുക ഫോക്‌സ്‌വാഗണ്‍ കുറച്ചേക്കുമെന്നും സൂചനയുണ്ട്.

തുടക്കത്തില്‍ ഹീറോ മോട്ടോകോര്‍പ്പും, ടിവിഎസ് മോട്ടോര്‍ കമ്പനിയും ഡ്യുക്കാറ്റിയ്ക്കായി ശ്രമിച്ചെങ്കിലും, ഉയര്‍ന്ന പ്രൈസ് ടാഗിന്റെ പശ്ചാത്തലത്തില്‍ പിന്‍മാറുകയായിരുന്നു.

ബിഎംഡബ്ല്യു, ഹോണ്ട, സുസൂക്കി എന്നീ കമ്പനികളും ഡ്യുക്കാറ്റിയ്ക്കായുള്ള ലേലത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്.


Click it and Unblock the Notifications








