ജിഎസ്ടിക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡിന് എന്ത് വില വരും?
ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോട് കൂടി റോയല്‍ എന്‍ഫീല്‍ഡിന് എന്ത് വില വരും? ഇന്ന് പലരും ചോദിച്ച് തുടങ്ങി ഈ ചോദ്യം.

ജിഎസ്ടി പശ്ചാത്തലത്തില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളിന്മേല്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്തായാലും ജിഎസ്ടി നിരക്കുകളെ റോയല്‍ എന്‍ഫീല്‍ഡ് സ്വാഗതം ചെയ്തിരിക്കുകയാണ്. വിപണിയ്ക്ക് ഊർജ്ജം പകരുന്നതാണ് പുതിയ ജിഎസ്ടി നിരക്കുകളെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രതികരിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഗുണമേകുന്നതാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ജിഎസ്ടി എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ജിഎസ്ടി മുമ്പ് തന്നെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തിച്ചിരുന്നു. അതേസമയം, റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ 350 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള മോഡലുകളാണ് ഏറെയും നിലകൊള്ളുന്നത്.

ക്ലാസിക് 500, സ്റ്റാന്‍ഡേര്‍ഡ് 500, തണ്ടര്‍ബേഡ് 500, കോണ്‍ടിനന്റല്‍ ജിടി, ഹിമാലയന്‍ എന്നിങ്ങനെ നീളുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് നിര. അതിനാല്‍ മേല്‍ പറഞ്ഞ മോഡലുകളില്‍ എല്ലാം മൂന്ന് ശതമാനം അധിക സെസ് ഈടാക്കപ്പെടും. ഇത് മോഡലുകളുടെ വിലവര്‍ധനവിനും കാരണമാകും.

മോഡലുകളെയും കളര്‍ ഓപ്ഷനുകളെയും ആശ്രയിച്ച് 7000 മുതല്‍ 10000 രൂപ വരെയാകും RE മോഡലുകളില്‍ വിലവര്‍ധനവ് രേഖപ്പെടുത്തുകയെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍ സൂചിപ്പിച്ചു.

അതേസമയം, ജിഎസ്ടി പശ്ചാത്തലത്തിലുള്ള മോഡലുകളുടെ വിലവര്‍ധനവ് സംബന്ധിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.


Click it and Unblock the Notifications