എബിഎസ് സുരക്ഷയുള്ള ബജറ്റ് ബൈക്കുകള്‍; പട്ടികയില്‍ കേമന്‍ ടിവിഎസ്
ബൈക്കുകള്‍ക്ക് എബിഎസ് വേണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ബൈക്ക് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എബിഎസ് നിര്‍ണായക പങ്കുവഹിക്കും. 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷ കേന്ദ്രം കര്‍ശനമാക്കിയത് കൊണ്ടു ചെറുശേഷിയുള്ള ബൈക്കുകള്‍ക്ക് ഇപ്പോള്‍ എബിഎസ് ഫീച്ചര്‍ ലഭിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ എബിഎസ് ഫീച്ചര്‍ ഒരുങ്ങുന്ന ബജറ്റ് ബൈക്കുകളെ പരിശോധിക്കാം —

സുസൂക്കി ജിക്‌സര്‍
എബിഎസ് സുരക്ഷയില്‍ ജിക്‌സര്‍ എത്തിയിട്ട് ദിവസങ്ങള്‍ ഏറെയായിട്ടില്ല. ഇന്നു വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ എബിഎസ് ബൈക്കാണ് ജിക്‌സര്‍. വില 87,250 രൂപ. ഒറ്റ ചാനല്‍ എബിഎസ് മാത്രമാണ് ജിക്‌സറിലുള്ളത്. എബിഎസ് ഒരുങ്ങുന്നത് മുന്‍ടയറിലും. ഒറ്റ ചാനല്‍ എബിഎസിനെക്കാളും ഫലപ്രദമായ സുരക്ഷ ഇരട്ട ചാനല്‍ എബിഎസാണ് നല്‍കുക.

എന്നാല്‍ ഇരട്ട ചാനല്‍ എബിഎസ് ബൈക്കിന്റെ വില കൂടുതല്‍ ഉയര്‍ത്തും. ഇക്കാരണത്താല്‍ ഒറ്റ ചാനല്‍ എബിഎസോട് കൂടിയാണ് ഒട്ടുമിക്ക ബജറ്റ് ബൈക്കുകള്‍ വിപണിയില്‍ കടക്കുന്നത്. സ്‌പോര്‍ടി ആകാരവും ഭേദപ്പെട്ട നിയന്ത്രണവും ജിക്‌സറിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ജിക്‌സറിലുള്ളത് 155 സിസി എഞ്ചിന്‍. 14 bhp കരുത്തും 14 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160R
സ്‌പോര്‍ടി കമ്മ്യൂട്ടര്‍ ബൈക്ക് എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന മോഡല്‍. ഹോര്‍ണറ്റ് വരുന്നതും ഒറ്റ ചാനല്‍ എബിഎസ് പിന്തുണയോടെ. ഹോര്‍ണറ്റിന്റെ മുന്‍ടയറിലാണ് എബിഎസ് ഫീച്ചര്‍ ഇടംപിടിക്കുന്നത്. സ്‌പോര്‍ടി പരിവേഷത്തോടു നിതീ പുലര്‍ത്തുന്ന റൈഡിംഗ് പൊസിഷന്‍ ഹോര്‍ണറ്റിന്റെ മുഖ്യവിശേഷമാണ്.

വീതിയേറിയ സീറ്റാണ് ബൈക്കില്‍. ഹോര്‍ണറ്റിലുള്ള 162.7 സിസി എഞ്ചിന്‍ 15 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കും. ശ്രേണിയില്‍ മികച്ച പ്രകനടക്ഷമത കാഴ്ചവെക്കുന്ന ബൈക്കുകളില്‍ ഒന്നാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160R. വില 90,734 രൂപ.

ടിവിഎസ് അപാച്ചെ RTR 180
ഇരട്ട ചാനല്‍ എബിഎസുള്ള ഏറ്റവും വില കുറഞ്ഞ ബൈക്കാണ് ടിവിഎസ് അപാച്ചെ RTR 180. ബജറ്റ് ബൈക്കുകള്‍ക്ക് ഇരട്ട ചാനല്‍ എബിഎസ് കൊടുക്കാമെന്നു അപാച്ചെ RTR 180 -യിലൂടെ ടിവിഎസ് തെളിയിച്ചു. എബിഎസിന് പുറമെ 'റിയര്‍ വീല്‍ ലിഫ്റ്റ്ഓഫ് പ്രോട്ടക്ഷന്‍' ഫീച്ചറും അപാച്ചെ RTR 180 -യില്‍ ഒരുങ്ങുന്നുണ്ട്.

177.4 സിസി എഞ്ചിനാണ് ബൈക്കില്‍. 16.3 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ശ്രേണിയില്‍ മറ്റു ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായി ഇരട്ട ഷോര്‍ക്ക് അബ്‌സോര്‍ബറും അപാച്ചെ RTR 180 അവകാശപ്പെടുന്നുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അപാച്ചെ RTR 180 -യില്‍ എടുത്തുപറയണം. വില 93,497 രൂപ.

ടിവിഎസ് അപാച്ചെ RTR 200 4V
ഇരട്ട ചാനല്‍ എബിഎസുള്ള മറ്റൊരു ടിവിഎസ് ബൈക്ക്. അപാച്ചെ RTR 200 4V -യുടെ ഇരു ടയറുകളിലും എബിഎസ് സുരക്ഷ നല്‍കും. ഒപ്പം കൂട്ടിന് റിയര്‍ വീല്‍ ലിഫ്റ്റ്ഓഫ് പ്രൊട്ടക്ഷനുമുണ്ട് ബൈക്കില്‍. സ്ലിപ്പര്‍ ക്ലച്ച് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പിരെല്ലി ടയറുകള്‍ ഓപ്ഷനല്‍ ഫീച്ചറും.

അപാച്ചെ RTR 200 4V -യുടെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പും വിപണിയില്‍ അണിനിരക്കുന്നുണ്ട്. 197.75 സിസി എയര്‍ & ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് ബൈക്കിന്റെ ഒരുക്കം. കാര്‍ബ്യുറേറ്റര്‍ പതിപ്പ് 20 bhp കരുത്തും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പു 21 bhp കരുത്തും പരമാവധി സൃഷ്ടിക്കും. 81.1 Nm torque ആണ് ബൈക്കിന് പരമാവധി ലഭിക്കുക. വില 1,09,485 രൂപ.

ബജാജ് പള്‍സര്‍ NS200
ബജറ്റ് എബിഎസ് ബൈക്ക് പട്ടികയിലെ ഏക ബജാജ് മോഡല്‍, പള്‍സര്‍ NS200. 23 bhp കരുത്തേകുന്ന 199.5 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കില്‍. കാര്‍ബ്യുറേറ്റഡ് പതിപ്പായിട്ടു കൂടി ഇത്രമേലുള്ള കരുത്തുത്പാദനം പള്‍സര്‍ NS200 -ല്‍ എടുത്തുപറയണം.

അതേസമയം ഒറ്റ ചാനല്‍ എബിഎസ് മാത്രമാണ് ബൈക്കിലുള്ളത്. എബിഎസ് ഒരുങ്ങുന്നത് മുന്‍ടയറിലും. വില 1,11,411 രൂപ. കൂടുതല്‍ സ്‌പോര്‍ടി മുഖഭാവമുള്ള പള്‍സര്‍ RS200 എബിഎസ് പതിപ്പിനെയും ബജാജ് വിപണിയില്‍ അണിനിരത്തുന്നുണ്ട്. 1,37,491 രൂപയാണ് RS200 എബിഎസിന് വില.


Click it and Unblock the Notifications