സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് ബജാജിന്റെ മറുപടി; ഇതാണ് പുതിയ അവഞ്ചര്‍ 180
Recommended Video

സുസൂക്കി ഇന്‍ട്രൂഡര്‍ 150 ബജാജിന് ഒരു ഭീഷണിയാണോ? എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിന് ഭീഷണി മുഴക്കി എത്തിയ ഇന്‍ട്രൂഡര്‍ 150 യെ ബജാജ് ആദ്യം ഗൗനിച്ചില്ല. ശ്രേണിയിലെ ആധിപത്യം അവഞ്ചറിനാണെന്ന് ബജാജ് അടിയുറച്ചു വിശ്വസിച്ചു.

ഇന്‍ട്രൂഡര്‍ 150 യുടെ കാര്യമെടുത്താലോ? ഡിസൈന്‍ ശൈലിയുടെ പേരില്‍ സുസൂക്കിയുടെ ബജറ്റ് ക്രൂയിസര്‍ ആദ്യം കുറേ വിമര്‍ശനം ഏറ്റുവാങ്ങി. എന്നാല്‍ മികവിന്റെ കാര്യത്തില്‍ ഇന്‍ട്രൂഡര്‍ 150 അവഞ്ചര്‍ 150 യ്ക്ക് ഒപ്പമാണെന്ന് സുസൂക്കി തെളിയിച്ചു.

കണ്ടുമടുത്ത അവഞ്ചറുകള്‍ക്ക് പകരം കൗതുകമുണര്‍ത്തുന്ന ഇന്‍ട്രൂഡര്‍ 150 യെ സ്വന്തമാക്കുന്നവരുടെ എണ്ണം കൂടി വന്നതോടെ ബജാജ് ആകെ അങ്കലാപ്പിലായി. ഇതാണ് പുതിയ അവഞ്ചര്‍ 180 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള ബജാജിന്റെ തിടുക്കത്തിന് കാരണം.

വരവിന് മുമ്പെ ക്യാമറ പകര്‍ത്തിയ പുതിയ 180 സിസി അവഞ്ചര്‍ സ്ട്രീറ്റ് ബജാജിന്റെ മുന്നൊരുക്കങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ്. കാഴ്ചയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിന് സമാനമാണ് പുതിയ അവഞ്ചര്‍ 180.

അതേസമയം പുതിയ നിറവും ബോഡി ഗ്രാഫിക്‌സും അവഞ്ചറിന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. 83,400 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ബജാജ് അവഞ്ചര്‍ 180 സ്ട്രീറ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് (എക്‌സ്‌ഷോറൂം മുംബൈ).

അവഞ്ചര്‍ 220 സ്ട്രീറ്റിനെക്കാളും 10,000 വിലക്കുറവിലാണ് പുതിയ അവഞ്ചര്‍ 180 വരിക. സമീപദിവസങ്ങളില്‍ തന്നെ അവഞ്ചര്‍ 180 വിപണിയില്‍ എത്തിത്തുടങ്ങും. റെഡ്, ബ്ലാക് നിറങ്ങളിലാണ് പുതിയ 180 സിസി അവഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക.

ബജാജ് V സീരീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോഡി ഗ്രാഫിക്‌സാണ് പുതിയ അവഞ്ചറില്‍ ഒരുങ്ങുന്നത്. റോഡ്‌സ്റ്റര്‍ സ്‌റ്റൈല്‍ ഹെഡ്‌ലാമ്പിന് മേലെയുള്ള പരിഷ്‌കരിച്ച മുന്‍കൗളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ അപ്‌ഡേറ്റാണ്.

അലോയ് വീലുകള്‍, സസ്‌പെന്‍ഷന്‍, സൈഡ് പാനലുകള്‍, എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് എന്നിവയ്ക്ക് ബ്ലാക് പശ്ചാത്തലമാണ് ബജാജ് നല്‍കിയിരിക്കുന്നത്. മാറ്റ് ബ്ലാക് എക്‌സ്‌ഹോസ്റ്റും പുതുക്കിയ സീറ്റും അവഞ്ചര്‍ 220 യില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

നിലവിലുള്ള 178.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനില്‍ പുതിയ അവഞ്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ. 17 bhp കരുത്തും 14.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങും.

പള്‍സര്‍ 180 യിലും ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്നാല്‍ ക്രൂയിസര്‍ പരിവേഷത്തോട് നീതി പുലര്‍ത്തുന്ന ഗിയര്‍ അനുപാതത്തിലാകും എഞ്ചിന്‍. മറ്റു അവഞ്ചറുകളെ പോലെ മുന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് പുതിയ അവഞ്ചര്‍ 180 യുടെ ഒരുക്കം.

അതേസമയം എബിഎസ് ഇക്കുറിയും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നില്ല. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു വിശേഷം.
Image Source: AutoCar India


Click it and Unblock the Notifications








