കുഞ്ഞന്‍ പള്‍സറുമായി ബജാജ്, പുതിയ പള്‍സര്‍ 150 ക്ലാസിക് വിപണിയില്‍
പള്‍സര്‍ 150 ക്ലാസിക് ഇന്ത്യയില്‍ പുറത്തിറങ്ങി. 67,437 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ). നിലവില്‍ വില്‍പനയിലുള്ള 2018 പള്‍സര്‍ 150 -യുടെ പ്രാരംഭ വകഭേദമാണ് പുതിയ പള്‍സര്‍ 150 ക്ലാസിക്. പള്‍സര്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ ബൈക്ക്. ഇരട്ട ഡിസ്‌ക്കുള്ള പള്‍സര്‍ 150 -യെക്കാളും 10,118 രൂപ കുറവ്.

പ്രാരംഭ മോഡലായതു കൊണ്ടുതന്നെ പള്‍സര്‍ 150 -യിലുള്ള ഫീച്ചറുകളില്‍ പലതും പുതിയ ക്ലാസിക് പതിപ്പിനില്ല. ഗ്രാഫിക്‌സ്, പിന്‍ ഡിസ്‌ക് ബ്രേക്ക്, സ്പ്ലിറ്റ് സീറ്റ്, ടാങ്ക് എക്സ്റ്റന്‍ഷന്‍ എന്നിവയെല്ലാം പള്‍സര്‍ 150 ക്ലാസിക്കിന് നഷ്ടപ്പെട്ടു. പള്‍സര്‍ 150 -യില്‍ എബിഎസിനെ ബജാജ് നല്‍കാനിരിക്കുന്നതേയുള്ളു. ഇക്കാരണത്താല്‍ പള്‍സര്‍ 150 ക്ലാസിക്കിനും എബിഎസ് ഫീച്ചറില്ല.

എന്തായാലും 2019 ഏപ്രിലിന് മുമ്പ് എബിഎസ് ഫീച്ചര്‍ പള്‍സര്‍ 150 ക്ലാസിക്കില്‍ ഒരുങ്ങും. കേവലം കറുപ്പ് നിറത്തില്‍ മാത്രമാണ് പുതിയ ക്ലാസിക് പതിപ്പ് ലഭ്യമാവുക. ക്രാങ്‌കേസ്, മുന്‍ ഫോര്‍ക്കുകള്‍, ചെയിന്‍ ഗാര്‍ഡ്, അലോയ് വീലുകള്‍ എന്നിവയ്‌ക്കെല്ലാം നിറം കറുപ്പാണ്.

ബജാജ് ഡീലര്‍ഷിപ്പുകളില്‍ പള്‍സര്‍ 150 ക്ലാസിക് എത്തിത്തുടങ്ങി. 2006 -ല്‍ വിപണിയില്‍ കടന്നുവന്ന ആദ്യ തലമുറ പള്‍സര്‍ 150 -യുടെ ശൈലിയാണ് പുതിയ പള്‍സര്‍ 150 ക്ലാസിക് പിന്തുടരുന്നത്.

ബൈക്കിന്റെ എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള പള്‍സര്‍ 150 -യുടെ എഞ്ചിന്‍ ക്ലാസിക്കിലും തുടരും. 150 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പള്‍സര്‍ 150 ക്ലാസിക്കില്‍. 14 bhp കരുത്തും 13.4 Nm torque ഉം എയര്‍ കൂള്‍ഡ് കാര്‍ബ്യുറേറ്റഡ് എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. മറ്റു പള്‍സറുകളെ പോലെ ട്വിന്‍ സ്പാര്‍ക്ക് പ്ലഗ് ടെക്‌നോളജിയാണ് പുത്തന്‍ മോഡലും അവകാശപ്പെടുന്നത്. മുന്നില്‍ 240 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രമ്മും ബൈക്കില്‍ ബ്രേക്കിംഗ് നിറവേറ്റും.

ട്യൂബ്‌ലെസ് ടയറുകളാണ് ഇരു ചക്രങ്ങളിലും. സസ്‌പെന്‍ഷന് വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുമുണ്ട്. പള്‍സര്‍ നിരയിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പള്‍സര്‍ 150 ക്ലാസിക്കിന് സാധിക്കുമെന്നു ബജാജ് ഉറച്ചു വിശ്വസിക്കുന്നു.

ഹോണ്ട യുണിക്കോണ്‍ 150, ഹീറോ അചീവര്‍ 150 മോഡലുകളാണ് ബജാജ് പള്‍സര്‍ 150 ക്ലാസിക്കിന്റെ എതിരാളികള്‍.
Source: Autocar India


Click it and Unblock the Notifications