കീശ കാലിയാക്കാത്ത പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍ — അറിയേണ്ടതെല്ലാം
G310 R, G310 GS – പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍ കീശ കാലിയാക്കില്ലെന്ന് ഉറപ്പിക്കാം. വില അടിസ്ഥാനപ്പെടുത്തിയാണ് വിപണിയില്‍ മോഡലുകളുടെ തലവര. നിലവില്‍ ബിഎംഡബ്ല്യു ബൈക്ക് വേണമെന്നു ആഗ്രഹിച്ചാല്‍ പന്ത്രണ്ടു ലക്ഷത്തിന് മേലെ മുടക്കേണ്ടതുണ്ട്. ഈ സ്ഥിതിവിശേഷം ബിഎംഡബ്ല്യു ബൈക്കുകളില്‍ നിന്നും സാധാരണക്കാരനെ അകറ്റി നിര്‍ത്തുന്നു. എന്നാല്‍ വരാനുള്ള പുതിയ G310 R, G310 GS ഇരട്ടകള്‍ ഈ അകലം ഗണ്യമായി കുറയ്ക്കും.

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ക്ക് വേണ്ടി. മോഡലുകളുടെ ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഔദ്യോഗികമായി തുടങ്ങി. ഈ അവസരത്തില്‍ ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളെ കുറിച്ച് അറിയേണ്ടതെല്ലാം —

അപാച്ചെ RR310 ഒരുങ്ങുന്ന ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ഇരു ബിഎംഡബ്ല്യു ബൈക്കുകളുടെയും ഒരുക്കം. G310 R, G310 GS ബൈക്കുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ചവെച്ചത് 2018 ഓട്ടോ എക്സ്പോയില്‍. ഇരു മോഡലുകളിലും ഒരുങ്ങുന്നത് ഒരേ എഞ്ചിന്.

313 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 R, G310 GS ബൈക്കുകളില്‍ തുടിക്കും. 33.5 bhp കരുത്തും 28 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. ടിവിഎസ് അപാച്ചെ RR310 -ല്‍ ഉള്ളതും ഇതേ എഞ്ചിന്‍ തന്നെ.

പരമാവധി വേഗം 143 കിലോമീറ്റര്‍. വേഗതയുടെ കാര്യത്തില്‍ ഇരു മോഡലുകളും ഒരുപോലെ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ G310 R, G310 GS ബൈക്കുകള്‍ക്കും അഞ്ചു സെക്കന്‍ഡ് മതി.

ബിഎംഡബ്ല്യു മോട്ടോറാഡില്‍ നിന്നുള്ള എന്‍ട്രി-ലെവല്‍ പെര്‍ഫോര്‍മന്‍സ് മോഡലുകളാണ് പുതിയ G310 ഇരട്ടകള്‍. നെയ്ക്ക്ഡ് ബൈക്ക് ഗണത്തില്‍പ്പെടും G310 R; അഡ്വഞ്ചര്‍ ബൈക്കാണ് G310 GS. ശരാശരി 30 കിലോമീറ്റര്‍ മൈലേജ് ബൈക്കുകളില്‍ നിന്നും പ്രതീക്ഷിക്കാം.

എന്നാല്‍ റൈഡിംഗ് രീതിയെ ആശ്രയിച്ചു ഇതു വ്യത്യാസപ്പെടും. രണ്ടു മോഡലുകള്‍ക്കും ഇന്ധനശേഷി 12 ലിറ്റര്‍. ദൈനംദിന യാത്രകള്‍ക്കും ചെറിയ ദൂരയാത്രകള്‍ക്കും ഇതു ധാരാളം.

ഇരു ബൈക്കുകള്‍ക്കും മുന്നില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുള്ള 300 mm ഡിസ്‌ക് ബ്രേക്ക് ഒരുങ്ങുന്നുണ്ട്. പിന്നില്‍ 240 സിസി ഡിസ്‌ക് ബ്രേക്കിംഗ് നിറവേറ്റും. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 110-70-17, 10-60-17 ടയറുകളാണ് G310 R -ന് മുന്നിലും പിന്നിലും.

G310 GS -ന് മുന്നില്‍ 110-80-19 ടയറും പിന്നില്‍ 150-70-17 ടയറും ഒരുങ്ങുന്നു. ബിഎംഡബ്ല്യു G310 R -ന് ഭാരം 158.5 കിലോ. അതേസമയം 169.5 കിലോ ഭാരമുണ്ട് G310 GS -ന്. G310 GS -ന് ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. G310 R -നാകട്ടെ ഗ്രൗണ്ട് ക്ലിയറന്‍സ് 165 mm ഉം.

രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ ബൈക്കുകളെ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക അമ്പതിനായിരം രൂപ. മുംബൈ, അഹമ്മദാബാദ്, പൂനെ, ദില്ലി, കൊച്ചി, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന് സാന്നിധ്യമുണ്ട്.

ജൂലായില്‍ പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തും. കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RR310, യമഹ YZF-R3 എന്നിവരോടാണ് ബിഎംഡബ്ല്യു G310 ഇരട്ടകളുടെ അങ്കം.


Click it and Unblock the Notifications