ഹീറോ എക്‌സ്ട്രീം 200R ബുക്കിംഗ് തുടങ്ങി — അറിയേണ്ടതെല്ലാം
പുതിയ എക്‌സ്ട്രീം 200R ബുക്കിംഗ് ഹീറോ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. ആയിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ബൈക്കിന്റെ ബുക്കിംഗ് തുക. മെയ് രണ്ടാംവാരം എക്‌സ്ട്രീം 200R വിപണിയില്‍ എത്തുമെന്നാണ് വിവരം. തൊട്ടുപിന്നാലെ ബൈക്കിന്റെ വിതരണവും കമ്പനി ആരംഭിക്കും.

എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകളിലേക്കുള്ള ഹീറോയുടെ തിരിച്ചുവരവാണ് എക്‌സ്ട്രീം 200R. കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കളെന്ന പേരില്‍ നിന്നും പുറത്തുകടക്കാനുള്ള കമ്പനിയുടെ ശ്രമം കൂടിയാണ് പുതിയ ബൈക്ക്.

ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് എക്‌സ്ട്രീം 200R ന്റെ ഒരുക്കം. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. 39.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എക്‌സ്ട്രീം 200R ല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ വാഗ്ദാനം.

മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. ആവശ്യമെങ്കില്‍ ഒറ്റ ചാനല്‍ എബിഎസ് പിന്തുണ ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഇടംപിടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കണ്ട എക്സ്ട്രീം 200S കോണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ പരിണാമം പുതിയ എക്സ്ട്രീം 200R ല്‍ ഏറെ ദൃശ്യമാണ്.

മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ട് എല്‍ഇഡി ലൈറ്റുകള്‍ക്ക് കീഴെയുള്ള വലിയ ഹെഡ്ലാമ്പാണ് എക്സ്ട്രീം 200R ന്റെ പ്രധാന ആകര്‍ഷണം. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്.

വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്സ് എക്സ്ട്രീം 200R ലേക്ക് ശ്രദ്ധ വിളിച്ചു വരുത്തുമെന്ന കാര്യം ഉറപ്പ്.

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. 795 mm ആണ് എക്സ്ട്രീം 200R ന്റെ സീറ്റ് ഉയരം. അക്രമണോത്സുകത നിറഞ്ഞ രൂപശൈലിയോട് നീതിപുലര്‍ത്താന്‍ ബൈക്കിന്റെ റിയര്‍ ഫെന്‍ഡറിന് സാധിച്ചിട്ടുണ്ട്.

സ്പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റിന്റെയും പശ്ചാത്തലത്തില്‍ വിശിഷ്ടമായ ഭാവമാണ് എക്സ്ട്രീം 200R കൈവരിച്ചിരിക്കുന്നത്. അഞ്ചു നിറങ്ങളിലാണ് ഹീറോ എക്‌സ്ട്രീം 200R ലഭ്യമാവുക.

വിപണിയില്‍ ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS 200, യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരാണ് പുതിയ ഹീറോ എക്‌സ്ട്രീം 200R ന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications