അമ്പരപ്പിക്കുന്ന വിലയില്‍ പുതിയ ഹീറോ എക്‌സ്ട്രീം 200R
ഹീറോയുടെ പുതിയ നെയ്ക്ക്ഡ് സ്ട്രീറ്റ് ബൈക്ക്, എക്‌സ്ട്രീം 200R വിപണിയില്‍ എത്താന്‍ ഇനിയേറെ കാലതാമസമില്ല. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ ഹീറോ ചുവടുറപ്പിക്കാന്‍ പോകുന്നത്. കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കളെന്ന ചട്ടക്കൂട്ടില്‍ നിന്നും പുറത്തുകടക്കാന്‍ എക്‌സ്ട്രീം 200R കമ്പനിയെ സഹായിക്കും.

എന്തായാലും പുതിയ ബൈക്ക് വിപണിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് മോഡലിന്റെ വില ഹീറോ മോട്ടോകോര്‍പ് പുറത്തുവിട്ടിരിക്കുകയാണ്. 88,000 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ഹീറോ എക്‌സ്ട്രീം 200R വിപണിയിലെത്തും.

ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മിസോറം, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍ എന്നീ എട്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 88,000 രൂപ വിലയില്‍ ബൈക്ക് വില്‍പനയ്‌ക്കെത്തും.

200 സിസി ശ്രേണിയില്‍ ടിവിഎസ് അപാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200 എന്നിവരുമായാണ് ഹീറോ എക്‌സ്ട്രീം 200R -ന്റെ അങ്കം. ടിവിഎസ് അപാച്ചെ RTR 200 4V -യ്ക്ക് 1.03 ലക്ഷം രൂപ മുതലാണ് വില. ബജാജ് പള്‍സര്‍ NS200 ന് ഒരുലക്ഷം രൂപ മുതലും.

വിലയുടെ കാര്യത്തില്‍ പുതിയ എക്‌സ്ട്രീം 200R ന് മേൽക്കൈ ലഭിക്കുമെന്ന കാര്യം ഇതോടെ നിശ്ചയം. കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്‌സ്ട്രീം 200R വിപണിയില്‍ എത്തുക. വര്‍ഷാവസാനം മാത്രമെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനെ മോഡലില്‍ കമ്പനി നല്‍കുകയുള്ളു.

ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്‌സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. മൈലേജ് 39.9 കിലോമീറ്റര്‍. മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും.

ആവശ്യമെങ്കില്‍ ഒറ്റ ചാനല്‍ എബിഎസ് പിന്തുണ ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് കണ്ട എക്സ്ട്രീം 200S കോണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ പരിണാമം പുതിയ എക്സ്ട്രീം 200R -ല്‍ ദൃശ്യമാണ്.

മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ടു എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്‌സ്ട്രീമിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്‌സ്ട്രീമിന്റെ പ്രഭാവം പുതിയ എക്സ്ട്രീം 200R -ല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട്.

അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്സ് എക്സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചുവരുത്താൻ പോന്നതാണ്.

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ ആകാരത്തോടു നീതിപുലര്‍ത്താന്‍ ബൈക്കിന്റെ പിന്നഴകിന് കഴിയുന്നുണ്ട്.

വിഭജിച്ച ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റും വിശിഷ്ടമായ ഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്. അഞ്ചു നിറങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്‌ക്കെത്തും. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്‌സ്ട്രീം 200R മത്സരിക്കും.


Click it and Unblock the Notifications