ഹോണ്ട ഷൈനിനും കഫെ റേസറാകാം, ശ്രദ്ധ പിടിച്ചുപറ്റി 'സൈബര്‍ട്രോണ്‍'
രൂപം മാറിയ കഫെ റേസറുകള്‍ക്ക് ഇന്ത്യയില്‍ ഒട്ടും പഞ്ഞമില്ല. പൊതുവെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ കഫെ റേസറാക്കി പൊളിച്ചെഴുതാനാണ് മിക്കവര്‍ക്കും താത്പര്യം. കഫെ റേസര്‍ രൂപത്തോടു നീതി പുലര്‍ത്താന്‍ ബുള്ളറ്റുകള്‍ക്ക് മാത്രമെ കഴിയുവെന്ന ധാരണ ബൈക്ക് പ്രേമികളില്‍ പതിയെ പിടിമുറുക്കുന്നു. എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള സൈബര്‍ട്രോണ്‍ ഈ വിശ്വാസം പാടെ തിരുത്തും.

125 സിസി ഹോണ്ട ഷൈനിനും കഫെ റേസറാകാമെന്നു രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന്‍ സ്ഥാപനം 'ഫീല്‍ ഓണ്‍ വീല്‍' കാട്ടിത്തരികയാണ്. പേര് സൈബര്‍ട്രോണ്‍. ഭാവി ഡിസൈനാണ് ബൈക്കിന്. രൂപകല്‍പനയില്‍ റോബോട്ടിക് മുഖഭാവം സൈബര്‍ട്രോണ്‍ കൈവരിച്ചിട്ടുണ്ട്.

കഫെ റേസറുകളുടെ ഭാവി മുഖമെന്നാണ് സൈബര്‍ട്രോണിനുള്ള ഇവരുടെ വിശേഷണം. രൂപഭാവത്തില്‍ കഫെ റേസര്‍ ശൈലിയോടു ചേര്‍ന്നു നില്‍ക്കാന്‍ ബൈക്ക് പരമാവധി ശ്രമിക്കുന്നുണ്ട്. നിയോ റെട്രോ പരിവേഷം ബൈക്കില്‍ ദൃശ്യം.

ഷൈനില്‍ ഒരുങ്ങിയ ബിക്കിനി ഫെയറിംഗ് ഇവര്‍ എടുത്തുകളഞ്ഞു. ഹെഡ്‌ലാമ്പിന് ഇവര്‍ നല്‍കിയത് റോബോട്ടിക് മുഖം ചാര്‍ത്തുന്ന പുറംചട്ട. തീരെ ചെറിയ മഡ്ഗാര്‍ഡും മള്‍ട്ടി പര്‍പസ് ടയറുകളും സൈബര്‍ട്രോണില്‍ എടുത്തുപറയണം. വശങ്ങളില്‍ പുതിയ ഇന്ധനടാങ്ക് ശ്രദ്ധയാകര്‍ഷിക്കും.

കഫെ റേസര്‍ ശൈലി ഇന്ധനടാങ്കില്‍ തെളിഞ്ഞു കിടപ്പുണ്ട്. നീളമേറിയ ടാങ്കില്‍ അലങ്കാരങ്ങള്‍ നന്നെ കുറവ്. ടാങ്കിന് മേല്‍ 'സൈബര്‍ട്രോണ്‍' എന്നു കടുപ്പത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടുതാനും. ഇരട്ടനിറമാണ് ടാങ്കിന്. ബ്ലാക് – സില്‍വര്‍ നിറശൈലി ബൈക്കിന് വേറിട്ട ചാരുത പകരുന്നു.

പാനലുകളും ടെയില്‍പീസും അഴിച്ചുകളഞ്ഞതു കൊണ്ടു ഫ്രെയിം കാണാവുന്ന വിധത്തിലാണ്. കസ്റ്റം നിര്‍മ്മിത എക്‌സ്‌ഹോസ്റ്റും സൈബര്‍ട്രോണിന്റെ മുഖ്യവിശേഷമാണ്. കുഞ്ഞന്‍ സീറ്റും ടയര്‍ ഹഗ്ഗറും പിറകില്‍ ശ്രദ്ധപിടിച്ചു പറ്റും.

ഷൈനില്‍ ഹോണ്ട നല്‍കിയ സീറ്റിന് പകരം പരന്ന സിംഗിള്‍ സീറ്റ് ഘടനയാണ് സൈബര്‍ട്രോണിലുള്ളത്. കഫെ റേസര്‍ വേഷത്തോടു നീതി പുലര്‍ത്താന്‍ സീറ്റുകള്‍ക്ക് സാധിക്കുന്നുണ്ട്. നേര്‍ത്ത എല്‍ഇഡി യൂണിറ്റാണ് ടെയില്‍ലൈറ്റായി പ്രവര്‍ത്തിക്കുക.

ബൈക്കിലുള്ളത് സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ബാറും സൈബര്‍ട്രോണിന്റെ വിശേഷങ്ങളിൽ ഉൾപ്പെടും. കോണിക്കല്‍ എയര്‍ ഫില്‍ട്ടറിന്റെയും കസ്റ്റം എക്‌സ്‌ഹോസ്റ്റിന്റെയും പിന്‍ബലത്തില്‍ ബൈക്കിന്റെ പ്രകടനക്ഷമത ഇവര്‍ കൂട്ടിയിട്ടുണ്ട്.

അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ അവകാശപ്പെടുന്നില്ല. 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സൈബര്‍ട്രോണില്‍. 10.57 bhp കുരത്തും 10.3 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് നാലു സ്പീഡ്.
Source: YouTube


Click it and Unblock the Notifications








