പുതിയ നിറത്തില്‍ കവാസാക്കി വള്‍ക്കന്‍ എസ് വിപണിയില്‍; വില 5.58 ലക്ഷം രൂപ
കവാസാക്കി വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 5.58 ലക്ഷം രൂപയാണ് വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഇനി മുതല്‍ വള്‍ക്കന്‍ എസ് ബ്ലാക് എഡിഷനൊപ്പം പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷനും വില്‍പനയ്ക്ക് എത്തും.

5.48 ലക്ഷം രൂപയാണ് കവാസാക്കി വള്‍ക്കന്‍ എസ് ബ്ലാക് എഡിഷന്റെ വില.പുതിയ നിറപതിപ്പില്‍ പതിനായിരം രൂപയുടെ വിലവര്‍ധനവാണ് കവാസാക്കി വരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ അവതരിച്ച കവാസാക്കി വള്‍ക്കന്‍ എസ് മികച്ച പ്രതികരണമാണ് വിപണിയില്‍ നേടുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിറപതിപ്പുമായുള്ള കമ്പനിയുടെ വരവ്. കവാസാക്കിയുടെ ആദ്യ ക്രൂയിസര്‍ എന്ന വിശേഷണവും ഇന്ത്യന്‍ വിപണിയില്‍ വള്‍ക്കന്‍ എസിനുണ്ട്. ഡിസൈനില്‍ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ വരവ്.

649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കവാസാക്കി വള്‍ക്കന്‍ എസില്‍. എഞ്ചിന് 7,500 rpm ല്‍ 60.2 bhp കരുത്തും 6,600 rpm ല്‍ 62.78 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

താഴ്ന്ന, ഇടത്തരം പരിധിയിലും സുഗമമായ കരുത്തും മികവും കൈവരിക്കാന്‍ വള്‍ക്കന്‍ എസിലുള്ള ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന് സാധിക്കുമെന്നാണ് കവാസാക്കിയുടെ വാദം. സീറ്റ് ഉയരം 705 mm; ഭാരം 235 കിലോയും.

130 mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഏറെ അനുയോജ്യം. അലോയ് വീലുകളും, പിന്നിലുള്ള ഓഫ് സെറ്റ് മോണോഷോക്കും തന്നെ വള്‍ക്കന്‍ എസിന്റെ സ്‌പോര്‍ടി പരിവേഷം വെളിപ്പെടുത്തും.

താഴ്ന്നിറങ്ങിയ ആകാരമാണ് ക്രൂയിസറിന്. ഓടിക്കുന്നയാളുടെ ഉയരത്തിന് അനുസൃതമായി ഹാന്‍ഡില്‍ബാറും ഫൂട്ട്‌പെഗുകളും ക്രമീകരിക്കാന്‍ വള്‍ക്കന്‍ എസില്‍ സാധിക്കും. സീറ്റും ഇത്തരത്തില്‍ പുനഃക്രമികരിക്കാം.

'എര്‍ഗോ ഫിറ്റ്' എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്. മുന്നില്‍ 300 mm ഡിസ്‌കും, പിന്നില്‍ 250 mm ഡിസ്‌കും വള്‍ക്കന്‍ എസില്‍ ബ്രേക്കിംഗ് നിറവേറ്റും. അതേസമയം എബിഎസ് ബൈക്കില്‍ ഇല്ലെന്ന കാര്യം ഉപഭോക്താക്കളെ നിരാശപ്പെടുത്തും.

14 ലിറ്ററാണ് ക്രൂയിസറിന്റെ ഇന്ധനശേഷി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇതു ഏറെ അനുയോജ്യം. ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നിവരാണ് വിപണിയില്‍ കവാസാക്കി വള്‍ക്കന്‍ എസിന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications