അടിസ്ഥാനം 390 ഡ്യൂക്ക്, ബജാജ് നിര്‍മ്മിക്കുന്ന സ്വാര്‍ട്ട്പിലന്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങി
വിറ്റ്പിലനും സ്വാര്‍ട്ട്പിലനും. പുതിയ ഹസ്‌ക്കി ബൈക്കുകളെ അടുത്തവര്‍ഷം ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പടയൊരുക്കത്തിലാണ് ബജാജ്. ഹസ്ഖ്‌വര്‍ണയെ അറിയില്ലേ? കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണിത്. ഇന്ത്യന്‍ ചുവടുവെയ്പ്പ് മുന്‍നിര്‍ത്തി ഓസ്ട്രിയയില്‍ നിന്നും ബജാജിന്റെ പൂനെ നിര്‍മ്മാണശാലയിലേക്ക് ഹസ്‌കി ഉത്പാദനം മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ കെടിഎം ആരംഭിച്ചുകഴിഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളുടെ ഉത്പാദനം ബജാജ് തുടങ്ങും. അടുത്തവര്‍ഷമാദ്യം ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ഹസ്‌ക്കി ബൈക്കുകള്‍ ഇതുവരെ ഇന്ത്യയിൽ കടന്നുവന്നിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കെ ഹസ്‌ക്കി ബൈക്കുകള്‍ ആഗോള വിപണിയിലുണ്ടെങ്കിലും ഇന്ത്യന്‍ തീരമണയാന്‍ കമ്പനി താത്പര്യപ്പെട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ കെടിഎം ഉടമസ്ഥരായതോടു കൂടി ഹസ്‌ക്കികള്‍ ഇന്ത്യയില്‍ എത്തുമെന്ന കാര്യം ഉറപ്പായി.

വിഖ്യാത വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളാണ് ഇന്ത്യയിലാദ്യം പുറത്തിറങ്ങുക. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിരത്തില്‍ ഹസ്‌ക്കി ബൈക്കുകളുമായി കമ്പനി പരീക്ഷണയോട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു.

കനത്ത രീതിയില്‍ മറച്ചുവെച്ച സ്വാര്‍ട്ട്പിലന്‍ 401 ആണ് കഴിഞ്ഞദിവസം ക്യാമറയില്‍ പതിഞ്ഞത്. എന്നാല്‍ ബൈക്കിന്റെ വിശിഷ്ടമായ രൂപം ദൂരെനിന്നെ വിളിച്ചുപറയും താന്‍ ഹസ്‌ക്കിയാണെന്ന്. കറുപ്പു പശ്ചാത്തലമായിരിക്കും വരാന്‍ പോകുന്ന സ്വാര്‍ട്ട്പിലന്. ബോഡിഘടനകള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറം അടിവരയിടും.

കെടിഎം ഡ്യൂക്കിന്റെ ചക്രങ്ങളാണ് പരീക്ഷണയോട്ടത്തിനിറങ്ങിയ സ്വാര്‍ട്ട്പിലന്‍ ഉപയോഗിക്കുന്നത്. എഞ്ചിന്‍ ലോഗോയിലും കാണാം കെടിഎം മുദ്ര. വില നിയന്ത്രിച്ചു നിര്‍ത്താന്‍ പരമാവധി ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം.

390 ഡ്യൂക്കില്‍ നിന്നുള്ള എഞ്ചിനും ട്രെല്ലിസ് ഫ്രെയിമും ചിലവു ചുരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. ഡ്യൂക്കിന്റെ 373 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ പുതിയ വിറ്റ്പിലനിലും സ്വാര്‍ട്ട്പിലനിലും തുടിക്കും.

കരുത്തുത്പാദനത്തില്‍ മാറ്റങ്ങളുണ്ടാകില്ല. എഞ്ചിന്‍ 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്. യാത്രാസുഖത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സ്‌ക്രാമ്പ്‌ളര്‍ ബൈക്കാണ് സ്വാര്ട്ട്പിലന്.

വട്ടത്തിലുള്ള ചെറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വട്ടത്തിലുള്ള ഡിജിറ്റല്‍ കണ്‍സോള്‍, സ്‌പോക്ക് വീലുകളെന്നിവ സ്വാര്‍ട്ട്പിലന്റെ വിശേഷങ്ങളില്‍പ്പെടും. WP -യില്‍ നിന്നുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും ഹസ്‌ക്കി ബൈക്കുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

റൈഡ് ബൈ വയര്‍ ത്രോട്ടില്‍, സ്ലിപ്പര്‍ ക്ലച്ച്, ഇരു ടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവയെല്ലാം സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ മോഡലുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

കെടിഎം 390 ഡ്യൂക്കിന് സമാനമായ വിലനിലവാരം ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. ഇന്ത്യന്‍ നിര്‍മ്മിത ഹസ്‌ക്കികളെ കയറ്റുമതി ചെയ്യാനും കെടിഎമ്മിന് ആലോചനയുണ്ട്. ഹസ്ഖ്‌വര്‍ണയുടെ വരവോടു കൂടി ബജാജും കെടിഎമ്മും തമ്മിലുള്ള സഖ്യം കൂടുതല്‍ ദൃഢപ്പെടുമെന്ന കാര്യം ഉറപ്പ്.
Spy Image Source: MotoHive


Click it and Unblock the Notifications








