അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍
പുതിയ കവാസാക്കി നിഞ്ച ZX-10R, ZX-10RR ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.80 ലക്ഷം രൂപയെന്ന അവിശ്വസനീമായ വിലയ്ക്കാണ് ഇന്ത്യന്‍ നിര്‍മ്മിത ZX-10R വില്‍പനയ്ക്ക് എത്തുന്നത്. 16.10 ലക്ഷം രൂപയാണ് ZX-10RR -ന് വില. 2018 ജൂലായ് വരെ മാത്രമെ ഈ വിലയ്ക്ക് മോഡലുകള്‍ ലഭ്യമാവുകയുള്ളു. ഓഗസ്റ്റില്‍ ബൈക്കുകളുടെ വില കൂട്ടുമെന്നു കവാസാക്കി വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ZX-10R, ZX-10RR ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ആഗോളതലത്തില്‍ ഏറ്റവും പേരുകേട്ട സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് കവാസാക്കി നിഞ്ച ZX-10R.

ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ZX-10R -നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച ZX-10R, ZX-10RR സൂപ്പര്‍ബൈക്കുകളാണ് വില്‍പനയ്‌ക്കെത്തുന്നത്. ഇക്കാരണത്താല്‍ ആറു ലക്ഷത്തോളം രൂപ ബൈക്കുകള്‍ക്ക് കുറവുണ്ട്.

പച്ചനിറം ഒരുങ്ങുന്ന പ്രത്യേക കെആര്‍ടി എഡിഷന്‍ കവാസാക്കി നിഞ്ച ZR-10R -ല്‍ ലഭ്യമാണ്. അതേസമയം കറുപ്പ് നിറത്തില്‍ മാത്രമെ ZX-10RR ലഭ്യമാവുകയുള്ളു. 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ഇരു മോഡലുകളിലും.

197 bhp കരുത്തും 113.4 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം ഒരുങ്ങുന്ന ബൈക്കുകളില്‍ യഥാക്രമം 120/70 ZR17, 190/55 ZR17 ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കും.

മോട്ടോ ജിപി മോഡലുകള്‍ ഉപയോഗിക്കുന്ന ഷോവ 43 mm ബാലന്‍സ് ഫ്രീ ഫോര്‍ക്ക് സസ്പെന്‍ഷന്‍ ഇരു ബൈക്കുകളുടെയും വിശേഷങ്ങളില്‍പ്പെടും. മുന്നില്‍ 330 mm ബ്രെമ്പോ സെമി - ഫ്ളോട്ടിംഗ് ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് ഒരുക്കും. പിന്നില്‍ 220 mm ഡിസ്‌ക്കാണ് ബ്രേക്കിംഗ് നിർവഹിക്കുക.

കവാസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും മോഡലുകളിലുണ്ട്. സ്പോര്‍ട് കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവാസാക്കി എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവാസാക്കി കോര്‍ണര്‍ മാനേജ്മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയും ZX-10R, ZX-10RR അവകാശപ്പെടും.

പവര്‍ മോഡുകളാണ് മറ്റൊരു വിശേഷം. ഫുള്‍, മിഡില്‍, ലോ എന്നീ മൂന്നു പവര്‍ മോഡുകള്‍ യഥാക്രമം നൂറ്, എണ്‍പത്, അറുപത് ശതമാനം കരുത്തുത്പാദനം ബൈക്കുകളില്‍ കാഴ്ചവെക്കും. രാജ്യാന്തര വിപണികളില്‍ മൂന്നു വകഭേദങ്ങളാണ് നിഞ്ച ZX-10R -ന്.

ഓരോ വകഭേദങ്ങളിലും നിറശൈലി വ്യത്യസ്തം. ZX-10R എബിഎസ് (സാറ്റിന്‍ സില്‍വര്‍), ZX-10R SE (ബ്ലാക്), ZX-10R കെആര്‍ടി എഡിഷന്‍ (ഗ്രീന്‍) എന്നിവയാണ് വകഭേദങ്ങള്‍. ബിഎംഡബ്ല്യു S1000RR, യമഹ YZF-R1, ഹോണ്ട CBR1000RR മോഡലുകളാണ് കവാസാക്കി നിഞ്ച ZX-10R -ന്റെ എതിരാളികള്‍.


Click it and Unblock the Notifications








