2018 ഹോണ്ട ഏവിയേറ്റര്‍ വിപണിയില്‍ എത്തി — വില 55,157 രൂപ മുതല്‍
നവി, ആക്ടിവ-ഐ മോഡലുകളെ പരിഷ്‌കരിച്ചതിന് പിന്നാലെ 2018 മോഡല്‍ ഏവിയേറ്ററിനെയും ഹോണ്ട വിപണിയില്‍ പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങള്‍ ഒരുങ്ങുന്ന പുതിയ ഏവിയേറ്ററിന് 55,157 രൂപ മുതലാണ് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുതിയ ഏവിയേറ്ററിന് നിലവിലുള്ള മോഡലിനെക്കാള്‍ 2,000 രൂപ കൂടുതലാണ്.

പുതിയ നിറങ്ങളും ചെറിയ ഡിസൈന്‍ മിനുക്കുപ്പണികളുമാണ് 2018 ഹോണ്ട ഏവിയേറ്ററിന്റെ വിശേഷങ്ങള്‍. ഏവിയേറ്റര്‍ സിഗ്നേച്ചര്‍ ഒരുങ്ങുന്ന നവീകരിച്ച എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പുതിയ ഏവിയേറ്ററില്‍ എടുത്തുപറയണം.

പുത്തന്‍ രൂപകല്‍പനയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലില്‍ നീല ബാക്ക്‌ലിറ്റ് വെളിച്ചമാണ് തെളിയുക. ലോഹനിര്‍മ്മിത മഫ്‌ളര്‍ പ്രൊട്ടക്ടറും ഏവിയേറ്ററിലെ മാറ്റങ്ങളില്‍പ്പെടും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍ പിന്‍ കൊളുത്തുകള്‍ എന്നിവ ഏവിയേറ്റിലെ മറ്റു വിശേഷങ്ങളാണ്.

2018 ഏവിയേറ്ററില്‍ പുതിയ രണ്ടു നിറഭേദങ്ങള്‍ കൂടി കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇനി മുതല്‍ അഞ്ചു നിറങ്ങള്‍ ഏവിയേറ്ററില്‍ തെരഞ്ഞെടുക്കാം. നിലവിലുള്ള ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ പുതിയ മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ജാസി ബ്ലൂ നിറങ്ങളിലും സ്‌കൂട്ടര്‍ അണിനിരക്കും.

മുന്‍ മോഡലിലുള്ള എഞ്ചിന്‍ തന്നെയാണ് 2018 ഏവിയേറ്ററിലും തുടരുന്നത്. 109.19 സിസി നാലു-സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന് 8 bhp കരുത്തും 8.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലെത്തുക.

82 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും. ഓപ്ഷനല്‍ എക്‌സട്രയായി മാത്രമെ മുന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുകയുള്ളു.

മുന്‍ പിന്‍ ടയറുകള്‍ക്ക് 12 ഇഞ്ച്, 10 ഇഞ്ച് എന്നിങ്ങനെയാണ് വലുപ്പം. ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക്, യമഹ ഫസീനോ എന്നിവരോടാണ് ഹോണ്ട ഏവിയേറ്ററിന്റെ അങ്കം.


Click it and Unblock the Notifications








