ആക്ടിവയുടെ എഞ്ചിനില്‍ പുതിയ ഹോണ്ട നവി — വില 44,775 രൂപ
രണ്ടുവര്‍ഷം മുമ്പ് 2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് നവിയെ ഹോണ്ട അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ ഒന്നടങ്കമാണ് ഈ കുഞ്ഞന്‍ മോഡലിലേക്ക് എത്തിനോക്കിയത്. ആദ്യം കൗതുകമായിരുന്നു വിപണിയ്ക്ക്. എന്നാല്‍ കണ്ണടച്ചുതുറക്കും മുമ്പെ ഹോണ്ട നവി രാജ്യത്തു ഹിറ്റായി. വന്നു ആറുമാസത്തിനകം 50,000 നവികള്‍ ഇന്ത്യയില്‍ വിറ്റുപോയി.

പക്ഷെ സ്വപ്‌നതുടക്കത്തിന് ആയുസ്സ് കുറവായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഹോണ്ട നവി വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി ഇടിഞ്ഞു. എന്തായാലും നവിയെ കൈവിടാന്‍ ഹോണ്ട തയ്യാറല്ല. നവീകരിച്ച 2018 നവിയെ ഹോണ്ട ഇപ്പോൾ പുറത്തിറക്കാൻ കാരണമിതാണ്.

കൂടുതല്‍ ഫീച്ചറുകളും പുതിയ ആക്‌സസറികളും നവിയുടെ പ്രചാരം കൂട്ടാന്‍ ഉപകരിക്കുമെന്ന് ഹോണ്ട കരുതുന്നു. 44,775 രൂപയാണ് പുതിയ ഹോണ്ട നവിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പഴയ മോഡലിനെക്കാള്‍ 1,991 രൂപ പുതിയ നവിക്ക് കൂടുതലാണ്.

പുതിയ നവിയില്‍ രണ്ടു പുതിയ നിറങ്ങള്‍ കൂടി ഹോണ്ട കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ആറു നിറങ്ങളില്‍ ഹോണ്ട നവി വില്‍പനയ്‌ക്കെത്തും. ഹോണ്ട ആക്ടിവയുടെ അടിത്തറ പങ്കിടുന്ന നവിയെ പൂര്‍ണമായും ഇന്ത്യയില്‍ നിന്നാണ് കമ്പനി രൂപകല്‍പന ചെയ്തത്.

ഫ്യൂവല്‍ മീറ്ററാണ് പുതിയ നവിയിലെ പ്രധാന മാറ്റം. മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്ടറും 2018 നവി അവകാശപ്പെടും. ബോഡി നിറത്തിലുള്ള ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍ എന്നിവ നവിയുടെ വിശേഷങ്ങളില്‍പ്പെടും.

ഡിജിറ്റല്‍, അനലോഗ് യൂണിറ്റുകളടങ്ങുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ ഗ്രാഫിക്‌സും നവിയില്‍ എടുത്തുപറയണം. ചുവപ്പ് നിറമാണ് കുഷ്യന്‍ സ്പ്രിങ്ങിന്.

റേഞ്ച് ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളില്‍ കൂടി നവി വിപണിയില്‍ അണിനിരക്കും. നിലവിലുള്ള റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക് എന്നീ നിറഭേദങ്ങള്‍ക്ക് പുറമെയാണിത്. കമ്പനി പരീക്ഷിച്ചു വിജയിച്ച 110 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് നവിയുടെ ഒരുക്കം.

ആക്ടിവയില്‍ നിന്നുള്ള എഞ്ചിനാണിത്. 8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും. ഇന്ധനശേഷി 3.8 ലിറ്റര്‍.

അറുപതു കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നവിയില്‍ ഹോണ്ട നല്‍കിയ വാഗ്ദാനം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നല്‍കുന്നത്. സ്ട്രീറ്റ്, അഡ്വഞ്ചര്‍, ഓഫ്റോഡ് എന്നീ മൂന്ന് വകഭേദങ്ങള്‍ നവിയിലുണ്ട്.


Click it and Unblock the Notifications