ഇനി ഹെല്‍മറ്റുകള്‍ക്ക് ഭാരം കുറയും, സുരക്ഷ കൂടും — പുതിയ നിര്‍ദ്ദേശങ്ങളുമായി ബിഐഎസ്
ഹെല്‍മറ്റുകള്‍ക്ക് 1.2 കിലോയില്‍ കൂടുതല്‍ ഭാരമുണ്ടാകരുതെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS). ഇരുചക്രവാഹന ഹെല്‍മറ്റുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. 2019 ജനുവരി 15 മുതല്‍ ഹെല്‍മറ്റുകള്‍ക്ക് 1.2 കിലോയില്‍ താഴെയാണ് ഭാരമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. നിലവാരം കുറഞ്ഞ ഹെല്‍മറ്റ് മോഡലുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ ഇതിലൂടെ കഴിയും.

നിലവില്‍ ഒന്നര കിലോയാണ് ഹെല്‍മറ്റുകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഭാരം. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വിപണിയില്‍ വില്‍ക്കുന്നത് ഗുരുതരമായ കുറ്റമായി പരിഗണിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രാലയം വ്യക്തമാക്കി.

പുതുതായി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും ഇനി ഹെല്‍മറ്റുകളുടെ സുരക്ഷ നിര്‍ണയിക്കുക. ആഘാതം ചെറുക്കാനുള്ള ഹെല്‍മറ്റുകളുടെ ശേഷി മാത്രമായിരുന്നു ഇതുവരെ പരിശോധിച്ചിരുന്നത് (ഇംപാക്ട് അബ്‌സോര്‍പ്ഷന്‍ ടെസ്റ്റ്).

എന്നാല്‍ ഇനി മുതല്‍ ഇംപാക്ട് വെലോസിറ്റി, ഹെഡ് ഇഞ്ച്വുറി, സൈഡ് ഇംപാക്ട് തുടങ്ങിയ പരിശോധനാക്രമങ്ങളെല്ലാം ഹെല്‍മറ്റുകളില്‍ അരങ്ങേറും. അപകടത്തില്‍ ഹെല്‍മറ്റുകള്‍ക്കുണ്ടാകുന്ന പരുക്കുകളും ഊരിമാറ്റാനുള്ള സംവിധാനവും പരിശോധനയുടെ ഭാഗമായി ബിഐഎസ് വിലയിരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രത്യേക മൈക്രോ സ്ലിപ്പ് ടെസ്റ്റ്, അബ്രേഷന്‍ ടെസ്റ്റ് തുടങ്ങിയ പരിശോധനകള്‍ ഹെല്‍മറ്റുകളുടെ സുരക്ഷ വെളിപ്പെടുത്തും. നിലവില്‍ പരിശോധനയ്ക്കായി നിര്‍മ്മാതാക്കള്‍ അയച്ചു നല്‍കിയിട്ടുള്ള സാമ്പിളുകള്‍ പഴയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും സുരക്ഷാ പരിശോധന നടക്കുക.

എന്നാല്‍ ഇനി മുതല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ എത്തുന്ന ഹെല്‍മറ്റു സാമ്പിളുകളില്‍ പുതിയ പരിശോധനാക്രമങ്ങള്‍ പാലിക്കപ്പെടുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. അതേസമയം DOT, ECE, SNELL, Sharp തുടങ്ങിയ രാജ്യാന്തര ടെസ്റ്റിംഗ് ഏജന്‍സികളുടെ നിലവാരം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന് ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റിന്റെ ഗുണം
വിപണിയില്‍ എത്തുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസിലാക്കിത്തരുന്ന ഘടകമാണ് ഐഎസ്ഐ മുദ്ര. സര്‍ക്കാര്‍ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സാണ് അതത് ഉത്പന്നങ്ങളുടെ ഗുണമേന്മയും പരിശുദ്ധിയും വിലയിരുത്തുന്നത്.

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നതിനും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ബിഐഎസ് (BIS) എന്ന സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്നതും. ആകാരം, നിര്‍മ്മാണ വസ്തു, അന്തര്‍ ഘടന എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍ശന നിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകള്‍ വിപണിയില്‍ എത്താറ്.

ചെറിയ അപകടങ്ങളില്‍ പോലും പൊട്ടിപോകുന്ന നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ജീവന് തന്നെ ഭീഷണിയാണ്. ഐഎസ്ഐ മുദ്രകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ഓരോ ഉപഭോക്താക്കളുടെയും ഉത്തരവാദിത്വമാണ്.


Click it and Unblock the Notifications