പുതിയ കവാസാക്കി നിഞ്ച 1000 എത്തി, വില 9.99 ലക്ഷം
2019 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ പുറത്തിറങ്ങി. വിലയില്‍ മാറ്റമില്ലാതെയാണ് പുതിയ നിഞ്ച 1000 വില്‍പനയ്ക്ക് എത്തുന്നത്. 9.99 ലക്ഷം രൂപ വിലയില്‍ നിഞ്ച 1000 സൂപ്പര്‍ബൈക്കിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. വില ദില്ലി എക്‌സ്‌ഷോറും അടിസ്ഥാനപ്പെടുത്തി. അങ്ങിങ്ങായി ഒരുങ്ങിയിട്ടുള്ള ചില കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മുന്‍തലമുറയുടെ തനിപകര്‍പ്പാണ് പുതിയ 2019 മോഡലും. മെക്കാനിക്കല്‍ മുഖത്തും മാറ്റങ്ങളില്ല.

കറുപ്പ്, പച്ച എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ നിഞ്ച 1000 ലഭ്യമാവുക. നിഞ്ച 1000 മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നത് സെമി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി (എസ്‌കെഡി). ശേഷം പൂനെ നിര്‍മ്മാണശാലയില്‍ നിന്നും അസംബിള്‍ ചെയ്ത മോഡലുകളാണ് വിപണിയില്‍ അവതരിക്കുന്നത്.

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും മൂന്നു ഘട്ടങ്ങളുള്ള ട്രാക്ഷന്‍ കണ്‍ട്രോളും നിഞ്ച 1000 -ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ചിന്‍ സ്‌പോയിലര്‍, സ്ലിപ്പര്‍ ക്ലച്ച് എന്നിവ ബൈക്കിന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും.

ആദ്യം സൂചിപ്പിച്ചതു പോലെ എഞ്ചിനില്‍ മാറ്റമില്ല. 1,043 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് പുതിയ നിഞ്ച 1000 ഒരുങ്ങുന്നത്. പരമാവധി 140 bhp കരുത്തും 111 Nm torque ഉം എഞ്ചിനുണ്ട്. ഗിയര്‍ബോക്‌സ് ആറു സ്പീഡ്.

19 ലിറ്റര്‍ ഇന്ധനശേഷിയുള്ള കവാസാക്കി നിഞ്ച 1000 ന് ഭാരം 239 കിലോ. ബ്രേക്കിംഗിന് വേണ്ടി 300 mm പെറ്റല്‍ ഡിസ്‌കാണ് മുന്നില്‍ ഒരുങ്ങുന്നത്; പിന്നില്‍ 240 mm പെറ്റല്‍ ഡിസ്‌കും. ട്രാക്ഷന്‍ കണ്‍ട്രോളില്‍ മൂന്നു മോഡുകള്‍ ലഭ്യമാണ്.

ആദ്യ രണ്ടു മോഡുകള്‍ ബൈക്കില്‍ മികവുറ്റ സ്‌പോര്‍ടി റൈഡിംഗ് ഉറപ്പുവരുത്തും. തെന്നുന്ന പ്രതലങ്ങളില്‍ കൂടുതല്‍ സ്ഥിരത ലഭ്യമാക്കുകയാണ് മൂന്നാം മോഡിന്റെ ലക്ഷ്യം. ബിഎംഡബ്ല്യു S1000 R, സുസുക്കി GSX S1000, ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ട് എന്നിവരോടാണ് കവാസാക്കി നിഞ്ച 1000 വിപണിയില്‍ കൊമ്പുകോര്‍ക്കുക.


Click it and Unblock the Notifications