പുതിയ നിഞ്ച H2 നിരയുമായി കവാസാക്കി, വില 34.50 ലക്ഷം മുതല്‍
പുതിയ 2019 കവാസാക്കി നിഞ്ച H2, H2 കാര്‍ബണ്‍, H2R ബൈക്കുകള്‍ ഇന്ത്യയില്‍. 34.50 ലക്ഷം രൂപ വിലയില്‍ പുതിയ നിഞ്ച H2 മോഡല്‍ വില്‍പനയ്ക്ക് എത്തുമ്പോള്‍ ഉയര്‍ന്ന നിഞ്ച H2 കാര്‍ബണ്‍, H2R മോഡലുകള്‍ക്ക് യഥാക്രമം 41 ലക്ഷം രൂപ, 72 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപണിയില്‍ വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

കരുത്തുത്പാദനം കൂട്ടിയതാണ് 2019 കവാസാക്കി നിഞ്ച H2 മോഡലിന്റെ മുഖ്യവിശേഷം. പുതിയ നിഞ്ച H2 -ല്‍ തുടിക്കുന്ന 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 227 bhp കരുത്തും 141.7 Nm torque ഉം സൃഷ്ടിക്കാനാവും. പുതിയ 2019 പതിപ്പിൽ 20 bhp അധിക കരുത്താണ് നിഞ്ച H2 അവകാശപ്പെടുന്നത്.

കരുത്തുത്പാദനം കൂട്ടിയതിന് പുറമെ പുതിയ ടിഎഫ്ടി കളര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിന് കവാസാക്കി നൽകി. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിൽ ലഭ്യമാണ്.

പുതിയ നിഞ്ച H2 ഉടമകള്‍ക്ക് 'റൈഡിയോളജി ആപ്പ്' മുഖേന സ്മാര്‍ട്ട്‌ഫോണിനെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ബന്ധപ്പെടുത്താം. ജിപിഎസ് വഴി യാത്രാവിവരങ്ങള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആപ്പിന് കഴിയും.

ബ്രെമ്പോ സ്‌റ്റൈലെമ മോണോബ്ലോക് കാലിപ്പറുകളാണ് 2019 നിഞ്ച H2 പതിപ്പിന് കവാസാക്കി നല്‍കുന്നത്. പിസ്റ്റണുകള്‍ക്കും ബ്രേക്ക് പാഡുകള്‍ക്കും ചുറ്റും വ്യാപ്തി കുറവുള്ള കാലിപ്പറുകള്‍ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ക്കുള്ള ഇടം പരിമിതപ്പെടുത്തും.

ഇക്കാരണത്താല്‍ മോഡലിന്റെ ബ്രേക്കിംഗ് മികവ് കൂടുമെന്ന് കമ്പനി പറയുന്നു. കവാസാക്കിയുടെ പുതിയ 'ഹൈലി ഡ്യുറബിള്‍' നിറഘടനയും മോഡലില്‍ എടുത്തുപറയണം. പുറംമോടിയിലുണ്ടാകുന്ന സ്‌ക്രാച്ചുകള്‍ മായ്ക്കാന്‍ വിശിഷ്ടമായ നിറഘടനയ്ക്ക് സാധിക്കും.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, ടേണ്‍ സിഗ്നലുകള്‍, പൊസിഷന്‍ ലാമ്പുകള്‍, ലൈസന്‍സ് പ്ലേറ്റ് ലാമ്പ് എന്നിവകൊണ്ടു മോഡലിന്റെ ലൈറ്റിംഗ് വിഭാഗം പൂര്‍ണ്ണം.

2019 കവാസാക്കി നിഞ്ച H2R -ന്റെ കാര്യമെടുത്താല്‍ ബ്രെമ്പോ സ്‌റ്റൈലെമ മോണോബ്ലോക് കാലിപ്പുറുകളാണ് ബൈക്കില്‍. അതേസമയം H2 -ല്‍ നിന്നും വ്യത്യസ്തമായി സൂപ്പര്‍ചാര്‍ജ്ഡ് എബ്ലം മോഡലില്‍ പ്രത്യേകമായി ഒരുങ്ങുന്നു.

സ്‌ക്രാച്ചുകള്‍ താനെ മായ്ക്കുന്ന നിറഘടന നിഞ്ച H2R -ഉം അവകാശപ്പെടും. പൂര്‍ണ്ണ ഇറക്കുമതി മോഡലുകളായി മാത്രമെ പുതിയ മൂന്നു നിഞ്ച ബൈക്കുകളും വിപണിയില്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ.

സെപ്തംബര്‍ ഒന്നുമുതല്‍ മോഡലുകളുടെ ബുക്കിംഗ് കമ്പനി ആരംഭിക്കും. ഒക്ടോബര്‍ 31 ആണ് മോഡലുകള്‍ ബുക്ക് ചെയ്യാനുള്ള അവസാന തീയ്യതി. ബുക്ക് ചെയ്തവര്‍ക്ക് അടുത്തവര്‍ഷം കമ്പനി ബൈക്കുകള്‍ കൈമാറും.


Click it and Unblock the Notifications








