റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഈ മാസം വിപണിയില്‍ — അറിയേണ്ടതെല്ലാം
ക്ലാസിക് 500 പെഗാസസിനെ റോയല്‍ എന്‍ഫീല്‍ഡ് ബ്രിട്ടണില്‍ അവതരിപ്പിച്ചത് രണ്ടുനാളുകള്‍ക്ക് മുമ്പ്. രണ്ടാം ലോകമഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വീരചരിതമെഴുതിയ ഫ്‌ളയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് പ്രചോദനം. ആകെമൊത്തം ആയിരം ക്ലാസിക് 500 പെഗാസസുകളെ മാത്രമാണ് കമ്പനി നിര്‍മ്മിക്കുക. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

എന്തായാലും പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെ കാത്തിരിക്കുന്നതു പോലെ പെഗാസസിന് വേണ്ടി ഇന്ത്യയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വരില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 30 -ന് ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ വിപണിയില്‍ എത്തും.

മോട്ടോര്‍സൈക്കിള്‍ വരിക രണ്ടു നിറങ്ങളില്‍ മാത്രം; സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ നിറങ്ങളില്‍ പെഗാസസ് അണിനിരക്കും. അതേസമയം സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമായിരിക്കും ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ മണ്ണില്‍ വില്‍പനയ്ക്ക് എത്തുക. ഇന്ത്യയില്‍ സൈനിക വാഹനങ്ങള്‍ക്ക് മാത്രമാണ് പട്ടാള പച്ചനിറം അനുവദിച്ചിട്ടുള്ളത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച '250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനി'യുടെ സ്മരണാര്‍ത്ഥം പെഗാസസുകളുടെ ഇന്ധനടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പര്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മറൂണ്‍, ബ്ലൂ നിറങ്ങളില്‍ ഒരുങ്ങിയ പെഗാസസ് എബ്ലവും ഇന്ധനടാങ്കില്‍ ഇടംപിടിക്കുന്നു.

ഇതിനെല്ലാം പുറമെ ബാറ്ററി ബോക്സില്‍ പതിപ്പിച്ച 'മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്' എന്ന പരസ്യവാചകം റോയല്‍ എന്‍ഫീല്‍ഡിന്റെ വീരോചിത പാരമ്പര്യം തൊട്ടുണര്‍ത്തുകയാണ്. തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം.

പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്.

കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പൊഗസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 -ല്‍.

എഞ്ചിന് 5,250 rpm -ല്‍ 27.2 bhp കരുത്തും 4,000 rpm -ല്‍ 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍ എന്നിവയിലും റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 194 കിലോയാണ് ക്ലാസിക് 500 പെഗാസസിന് ഭാരം.

4,999 പൗണ്ടാണ് (ഏകദേശം നാലര ലക്ഷം രൂപ) ബ്രിട്ടീഷ് വിപണിയില്‍ ക്ലാസിക് 500 പെഗാസസ് ലിമിറ്റഡ് എഡിഷന് വില. എന്നാല്‍ ഇന്ത്യയില്‍ പെഗാസസ് എഡിഷനെ റോയല്‍ എന്‍ഫീല്‍ഡ് ഇറക്കുമതി ചെയ്യില്ല; മോഡലിനെ പ്രാദേശികമായി കമ്പനി നിർമ്മിക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും 250 പെഗാസസുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. എന്തായാലും മോഡലിന് രണ്ടു ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

ഫ്‌ളയിംഗ് ഫ്‌ളീ (RE/WD 125)
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ് സംഘമാണ് ടൂ സ്‌ട്രോക്ക് ഫ്‌ളയിംഗ് ഫ്‌ളീ (RE/WD 125) മോട്ടോര്‍സൈക്കിളുകളെ ഉപയോഗിച്ചിരുന്നത്. ഭാരം തീരെ കുറവായതു കൊണ്ടു വിമാനത്തില്‍ നിന്നും ചാടിയിറങ്ങുന്ന ബ്രിട്ടീഷ് പാരാട്രൂപ് സൈനികര്‍ ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളിനെയും ഒപ്പം കൂട്ടിയിരുന്നു.
ഓടിച്ചുപോകാന്‍ പറ്റാത്ത പ്രതലങ്ങളില്‍ മോട്ടോര്‍സൈക്കിളിനെ തോളില്‍ വെച്ചു നടന്നുനീങ്ങുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങള്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്.
Source: CarandBike


Click it and Unblock the Notifications