പുതിയ നിറങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് 650 സഹോദരങ്ങള്‍ — ചിത്രങ്ങള്‍ പുറത്ത്!
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളുടെ ചിത്രം ഓരോതവണ പുറത്തുവരുമ്പോഴും പ്രതീക്ഷ വാനോളം ഉയരുകയാണ് ഇന്ത്യയില്‍. പുതിയ ബൈക്കുകള്‍ വിപണിയില്‍ ഇന്ദ്രജാലം കാട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളുടെ ചിത്രങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തവണ 'സര്‍പ്രൈസ്' ഉണ്ട്. പുതിയ രണ്ടു റെട്രോ നിറങ്ങളാണ് ബൈക്കുകള്‍ക്ക്.

സിഡ്‌നിയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പില്‍ നിന്നുമാണ് ചിത്രങ്ങള്‍. ഇരട്ടനിറച്ചാര്‍ത്തിലും കോണ്‍ടിനന്റല്‍ 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന കാര്യം ഇതോടെ വ്യക്തം.

പുതിയ നിറങ്ങളില്‍ ബൈക്കുകള്‍ കൂടുതല്‍ പ്രീമിയമായി അനുഭവപ്പെടുന്നുണ്ടെന്നും എടുത്തുപറയണം. ചുവപ്പിലും വെള്ളയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യുടെ ഒരുക്കം.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 കാണപ്പെടുന്നത് കറുപ്പിലും ചാരനിറത്തിലും. കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ഇന്ധനടാങ്കില്‍ സ്വര്‍ണനിറത്തിലുള്ള വര കാണാം. രൂപശൈലിയില്‍ മാറ്റങ്ങളില്ല.

ഏറ്റവും പുതിയ 647 സിസി പാരലല്‍ ട്വിന്‍, എയര്‍/ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍ക്ക്. എഞ്ചിന് പരമാവധി 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കാനാവും.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഇക്കുറി പുതിയ മോഡലുകള്‍ക്കുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍.

ഇരു മോഡലുകളും വരിക സ്‌പോക്ക് വീലുകളില്‍ മാത്രം. എബിഎസ് പിന്തുണയോടെയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗിന് വേണ്ടി ഒരുങ്ങിയിട്ടുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ കുതിക്കാന്‍ പുതിയ എന്‍ഫീല്‍ഡ് 650 സഹോദരങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിവരം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ ഇന്ത്യന്‍ തീരമണയും. ഇന്ത്യയ്ക്ക് മുമ്പെ യൂറോപ്യന്‍ വിപണിയില്‍ ബൈക്ക് ലഭ്യമായി തുടങ്ങുമെന്നാണ് സൂചന.

ഇതിനകം വിവിധ കയറ്റുമതി വിപണികളില്‍ പുതിയ മോഡലുകള്‍ എത്തിതുടങ്ങി. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കാത്തിരിപ്പിലാണ് ഇന്ത്യ. കമ്പനിക്കും ഇതു നന്നായി അറിയാം.

വരവില്‍ മൂന്നേകാല്‍ ലക്ഷം രൂപ വരെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം. ഹാര്‍ലി ഡേവിഡ്‌സണ്‍ 750 മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് 650 സഹോദരങ്ങള്‍ക്കുള്ള പ്രധാന എതിരാളി.
Image Source: Revelry Cycles


Click it and Unblock the Notifications








