ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത സ്‌കൂട്ടറുമായി സുസുക്കി — ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബുക്കിംഗ് തുടങ്ങി
സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുമോ? 125 സിസി ശ്രേണിയില്‍ ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ്, അപ്രിലിയ SR 125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകള്‍ കളം നിറഞ്ഞു നില്‍പ്പുണ്ട്. ഇതും പോരാഞ്ഞിട്ട് മയെസ്‌ട്രൊ എഡ്ജ്, ഡ്യുവറ്റ് 125 സ്‌കൂട്ടറുകളെ ഹീറോ കൊണ്ടുവാരനും തയ്യാറെടുക്കുന്നു. പക്ഷെ ഇവരില്‍ നിന്നൊക്കെ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വ്യത്യസ്തനാണ്.

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ആദ്യ മാക്‌സി സ്‌കൂട്ടറെന്ന വിശേഷണം ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മുതല്‍ക്കൂട്ടായി മാറും. മാക്‌സി സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയ്ക്ക് പരിചയമില്ല. ഉപഭോക്താക്കളുടെ ജിജ്ഞാസ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് ഗുണം ചെയ്യുമെന്ന് സുസുക്കി പ്രതീക്ഷിക്കുന്നു.

ഇതേ പ്രതീക്ഷയോടെയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ബുക്കിംഗ് സുസുക്കി തുടങ്ങുന്നത്. അയ്യായിരം രൂപയടച്ച് സുസുക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ചവെച്ച 125 സിസി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലായ് ആദ്യവാരം സ്‌കൂട്ടറിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. 125 മുതല്‍ 650 സിസി വരെ നീളുന്ന വമ്പന്‍ ബര്‍ഗ്മാന്‍ നിരയെയാണ് രാജ്യാന്തര വിപണികളില്‍ സുസുക്കി അവതരിപ്പിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ബര്‍ഗ്മാന്റെ പ്രാരംഭ മോഡലിനെ കൊണ്ടുവന്നാല്‍ മതിയെന്നാണ് സുസുക്കിയുടെ തീരുമാനം. എഞ്ചിന്‍ ചെറുതെങ്കിലും ബര്‍ഗ്മാനുകളുടെ ഭീമന്‍ രൂപം ഇന്ത്യന്‍ അവതാരവും അവകാശപ്പെടും. നിരത്തില്‍ രൂപം കൊണ്ടുതന്നെ ബര്‍ഗ്മാന്‍ ശ്രദ്ധക്ഷണിക്കുമെന്ന കാര്യം ഉറപ്പ്.

പരമ്പരാഗത സ്‌കൂട്ടര്‍ സങ്കല്‍പങ്ങളെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 പാടെ തിരുത്തും. വലിയ മുന്‍ ഏപ്രണും വിന്‍ഡ്‌സ്‌ക്രീനിലും തുടങ്ങും സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍. അലോയ് വീലുകളാണ് ബര്‍ഗ്മാനില്‍ ഇടംപിടിക്കുക. 'സ്റ്റെപ്-അപ്' ശൈലി പിന്തുടരുന്ന നീളമേറിയ ഒറ്റ സീറ്റും മോഡലില്‍ എടുത്തുപറയണം.

സ്‌കൂട്ടറിലെ പൂര്‍ണ എല്‍സിഡി ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ജിക്‌സര്‍ ശ്രേണിയില്‍ നിന്നും സുസുക്കി കടമെടുത്തതാണ്. എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ശ്രദ്ധയാകര്‍ഷിക്കുന്നില്‍ പിന്നില്‍ പോകില്ല. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ശൈലിയും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സഹായിക്കും.

എല്‍ഇഡി ഹെഡ്‌ലാമ്പ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്‌ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, മുന്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മറ്റു പ്രത്യേകതകളാണ്.

ആക്‌സസ് 125 സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സുസുക്കി ഒരുങ്ങുന്നത്. ആക്‌സസിന്റെ എഞ്ചിന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ തുടിക്കും. 124.3 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് 8.5 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അതേസമയം മോഡലിന്റെ കരുത്തുത്പാദനം വ്യത്യാസപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്‌സസിനെക്കാളും ഭാരം സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 രേഖപ്പെടുത്തും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുമെന്നാണ് വിവരം.

മുന്നില്‍ മാത്രമെ ഡിസ്‌ക് ബ്രേക്ക് ഒരുങ്ങുകയുള്ളു. ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പിന്‍ടയറില്‍ ഡ്രം ബ്രേക്ക് ഇടംപിടിക്കും. ഏകദേശം 70,000 രൂപയോളം സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില പ്രതീക്ഷിക്കാം. ഔദ്യോഗിക അവതരണത്തില്‍ മാത്രമെ മോഡലിന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു.


Click it and Unblock the Notifications








