ഹോണ്ട ആക്ടിവയ്ക്ക് ഭീഷണി മുഴക്കി പുതിയ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125
2018 ഓട്ടോ എക്‌സ്‌പോയില്‍ താരത്തിളക്കം നേടിയ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിനെ വിപണിയില്‍ കൊണ്ടുവരാനുള്ള തിടുക്കത്തിലാണ് സുസുക്കി. പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടറിന്റെ വരവു പ്രമാണിച്ചു മോഡലിന്റെ പരസ്യ ചിത്രീകരണം കമ്പനി തുടങ്ങി. ജൂണ്‍ അവസാനത്തോടെ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഒരുക്കം. സ്‌പോര്‍ടി രൂപകല്‍പനയും പ്രീമിയം ഫീച്ചറുകളും വിപണിയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -നെ വേറിട്ടു നിര്‍ത്തും. ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ്, അപ്രിലിയ SR 125, ഹോണ്ട ആക്ടിവ 125 എന്നിവരുമായി പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 അങ്കം കുറിക്കും.

വരാനുള്ള ഹീറോ മയെസ്‌ട്രൊ എഡ്ജ്, ഡ്യുവറ്റ് 125 സ്‌കൂട്ടറുകളും ബര്‍ഗ്മാന്റെ എതിരാളികളാണ്. ഇന്ത്യയിലെ ആദ്യ മാക്‌സി സ്‌കൂട്ടറെന്ന വിശേഷണവും വരവില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കൈയ്യടക്കും. ഏകദേശം 74,000 രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം.

രാജ്യാന്തര വിപണികളില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള കരുത്തനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ 125 സിസി എഞ്ചിന്‍ ചട്ടക്കൂടിലാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഒരുക്കം. കാഴ്ചയില്‍ തടിയനെന്നു ബര്‍ഗ്മാന്‍ സ്ട്രീറ്റ് തോന്നിക്കും.

മുന്നിലുള്ള ഏപ്രണാണിതിന് കാരണം. എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഏപ്രണില്‍ തന്നെ. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീനാണ് സ്‌കൂട്ടറില്‍. സ്‌കൂട്ടറില്‍ രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. സീറ്റുകള്‍ വിശാലമാണ്.

നേര്‍ത്ത ശൈലിയിലുള്ള ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടുത്തുപറയണം. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. അലോയ് വീലുകളില്‍ ട്യൂബ്‌ലെസ് ടയറുകള്‍ ഇടംപിടിക്കും.

മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍ അവകാശപ്പെടും. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും സ്‌കൂട്ടറിനുണ്ട്. വീല്‍ബേസ് 1,465 mm.

130 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കാഴ്ചവെക്കും. ഭാരം 159 കിലോ; ഇന്ധനശേഷി 10.5 ലിറ്റര്‍. ഒരുക്കം 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനിൽ. സുസുക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്‌സസ് 125 സ്‌കൂട്ടറും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്.

എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന് മുന്നിലും പിന്നിലും. 125 സിസി സ്‌കൂട്ടര്‍ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് പ്രവചനം.
Spy Image Source: Gaadiwaadi


Click it and Unblock the Notifications








