സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന്റെ വില പുറത്ത്
ജൂലായ് 19 -ന് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ പുറത്തിറങ്ങാനിരിക്കെ പുതിയ സ്‌കൂട്ടറിന്റെ വില പുറത്ത്. 69,671 രൂപ വിലയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട് (എക്‌സ്‌ഷോറൂം മുംബൈ). 80,000 രൂപ ഓണ്‍റോഡ് വില ബര്‍ഗ്മാന്‍ സ്ട്രീറ്റിന് പ്രതീക്ഷിക്കാം. അതായത് എതിരാളികളെക്കാള്‍ ഉയര്‍ന്ന വിലയിലാകും ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിക്കുക.

62,337 രൂപയാണ് ടിവിഎസ് എന്‍ടോര്‍ഖിന് എക്‌സ്‌ഷോറൂം വില. ഹോണ്ട ഗ്രാസിയക്ക് 61,240 രൂപ മുതലും. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു.

വിശ്വവിഖ്യാത ബര്‍ഗ്മാന്‍ 650 -യെ അടിസ്ഥാനപ്പെടുത്തി സുസുക്കി ഒരുക്കുന്ന കുഞ്ഞന്‍ മാക്‌സി സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്‌സി സ്‌കൂട്ടര്‍ രൂപകല്‍പനയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്. തിരക്കേറിയ 125 സിസി ശ്രേണിയിലേക്കാണ് ബര്‍ഗ്മന്‍ സ്ട്രീറ്റിന്റെ നോട്ടം.

പ്രീമിയം ഫീച്ചര്‍, യൂറോപ്യന്‍ ശൈലി ഒപ്പം രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണവും; എതിരാളികളെ നിലംപരിശാക്കി വിജയം നേടാന്‍ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് അവസരം തുറന്നു കിടക്കുകയാണ്. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.

തടിയന്‍ സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. മുന്നിലുള്ള ഏപ്രണാണിതിന് കാരണം. എല്‍ഇഡി ഹെഡ്‌ലാമ്പും ഏപ്രണില്‍ തന്നെ. ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പ്രത്യേകത ഹാന്‍ഡില്‍ബാറിലും തെളിഞ്ഞുനില്‍പ്പുണ്ട്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

സ്‌കൂട്ടറില്‍ രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. സ്റ്റെപ് അപ് ഘടന പിന്തുടരുന്ന സീറ്റുകള്‍ വിശാലമാണ്. നേര്‍ത്ത ശൈലിയിലുള്ള സ്റ്റൈലിഷ് ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടുത്തുപറയണം. സ്‌കൂട്ടറിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ജിക്‌സര്‍ ശ്രേണിയില്‍ നിന്നും സുസുക്കി കടമെടുത്തതാണ്.

എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ശ്രദ്ധയാകര്‍ഷിക്കുന്നില്‍ പിന്നില്‍ പോകില്ല. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ശൈലിയും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സഹായിക്കും. മുന്‍ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.

സുസുക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്‌സസ് 125 -ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. 8.5 bhp കരത്തും 10.2 Nm torque ഉം എഞ്ചിനില്‍ പ്രതീക്ഷിക്കാം.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് മുന്നിലും പിന്നിലും. 125 സിസി സ്‌കൂട്ടര്‍ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് പ്രവചനം.
Source: Bikewale


Click it and Unblock the Notifications